ഇവിടെയുമുണ്ട്, പച്ചപ്പിന്റെ ഒരു പൂന്തോട്ടം
നാല് മാസങ്ങൾക്കുമുമ്പ് ജർമ്മൻ ഭാഷ സംസാരിക്കുന്നവർ ഏറെയുള്ള സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ ഫർ മൊണാസ്ട്രിയിൽ ആരംഭിച്ചിട്ടുള്ള 'ലൗദാത്തോസി തോട്ടം' കൺകുളിർക്കെ കാണാൻ സന്ദർശകരേറെ.
മേയ് 21നാണ് ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനമായ ''ലൗദാത്തോസി''യെ ആസ്പദമാക്കിയുള്ള ഹരിതഭവനം പ്രവർത്തനം തുടങ്ങിയത്. ബെനഡിക് ടൈൻ സന്യാസസമൂഹത്തിൽ നിന്നുള്ള നൊവിസ് ആയ ജൂഡിത്ത് സാംസണാണ് ലൗദാത്തോസി തോട്ടം രൂപപ്പെടുത്തിയത്.
ഒരുവർഷമേയായുള്ളു ജൂഡിത്ത് ഫർ മൊണാസ്ട്രിയിൽ എത്തിയിട്ട്. ജൂഡിത്തിന്റെ മുറി ഈ സന്യാസഭവനത്തിലെ തോട്ടത്തിന്റെ നേർക്കാണ്. കോവിഡ് വന്നപ്പോൾ മുറിയിൽ തന്നെയായി ജീവിതം. അങ്ങനെയാണ് ആശ്രമവളപ്പ് തന്നെ 'ലൗദാത്തോ സി' തോട്ടമാക്കാൻ തീരുമാനിച്ചതെന്ന് ജൂഡിത്ത് പറയുന്നു.
ജൂഡിത്ത് വീണ്ടും പറയുന്നു: ബെനഡിക്ടൈൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം പൂന്തോട്ടങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ആശ്രമാധിപയുടെ തോട്ടം, അധ്യാപനത്തിനുള്ള തോട്ടം എന്നിങ്ങനെയാണ് വിശേഷണങ്ങൾ. 2013 വരെ ഇവിടെ ഒരു ഫാം സ്‌കൂളുണ്ടായിരുന്നു. സിസ്റ്റർ ബിയാട്രീസിനായിരുന്നു, ഈ തോട്ടത്തിന്റെ ചുമതല. ലിമ്മറ്റ് താഴ്‌വര കാണാനെത്തുന്നവർ ഈ പൂന്തോട്ടവും സന്ദർശിക്കാറുണ്ട്. സ്വയം ക്വാററെന്റെനിലായ ദിവസങ്ങളിലൊന്നിൽ പരിശുദ്ധാത്മാവ് പറഞ്ഞു : ''ഇതാണ് ഫ്രാൻസിസ് പാപ്പയുടെ പൊതുഭവനമെന്ന ആശയം ജനങ്ങളെ പഠിപ്പിക്കാനുള്ള ഇടം. ഞാൻ ഒരു ലാദാത്തോസി ആനിമേറ്ററാണ്. ഗ്ലോബൽ കാത്തലിക് ക്ലൈമറ്റ് മൂവ്‌മെന്റിന്റെ പരിശീലനവും എനിക്ക് ലഭിച്ചിട്ടുണ്ട്.
ഫർ മൊണാസ്ട്രിയിലെ പൂന്തോട്ടം എങ്ങനെ ലൗദാത്തോ സി തോട്ടമായി ? ഈ ചോദ്യത്തിനും ജൂഡിത്ത് വിശദമായ മറുപടി നൽകി. ആശ്രമാധിപയോടും ആശ്രമത്തിലുള്ളവരോടും ഞാൻ ഇക്കാര്യം പറഞ്ഞു. പൂന്തോട്ടത്തിലെ ഓരോ ഇടങ്ങൾക്കും കാഴ്ചകൾക്കും അനുസൃതമായി ലൗദാത്തോസിയിലെ വാക്യങ്ങൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്നതിനോടൊപ്പം സ്രഷ്ടാവിലേക്ക് കണ്ണയയ്ക്കാനും ഇതോടെ സന്ദർശകർക്ക് പ്രചോദനം ലഭിച്ചു. ഞങ്ങളുടെ മഠത്തിൽ സിൽജാ വാൾട്ടർ എന്ന കവിയിത്രി താമസമുണ്ട്. യഥാർത്ഥ പേര് സിസ്റ്റർ മരിയാ ലുഡ്‌വിഗ്. ഫ്രാൻസിസ് പാപ്പയുടെ 'ലൗദാത്തോ സി' യിലെ വാക്യങ്ങൾ സിൽജാ വാൾട്ടർ കാവ്യരൂപത്തിലാക്കിയതും സന്ദർശകർക്കായി തോട്ടത്തിൽ എഴുതിവച്ചു. സന്ദർശകരെ ഇതെല്ലാം ആകർഷിക്കുന്നുണ്ടെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകും.
ബെനഡിക് ടൈൻ സന്യാസ സമൂഹം പ്രപഞ്ചമെന്ന പൊതു ഭവനം സംരക്ഷിക്കാനായി തങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. മഠത്തിൽ 20 സന്യാസിനികളുണ്ട്. ഒരു കാർ മാത്രമേ ഇവിടെയുള്ളൂ. ഒരു ഗ്രാമീണ കർഷകനിൽ നിന്ന് അവർ പാൽ വാങ്ങുന്നു. സ്വന്തം കൃഷിയിടങ്ങളിൽ നിന്നുള്ള പഴങ്ങളാണ് അവർ കഴിക്കുക. വല്ലപ്പോഴും ഒരു ആപ്പിൾ കഴിക്കാനായി വാങ്ങും.
ഈ ലൗദാത്തോ സി തോട്ടം സന്ദർശകർക്ക് സൗജന്യമായി കാണാം. ഇവിടെ ചെറിയൊരു സ്റ്റോറുണ്ട്. അവിടെ നിന്ന് പിക്ചർ കാർഡുകൾ കിട്ടും. ഈ കാർഡ് വിറ്റുകിട്ടുന്ന വരുമാനം ബെനഡിക്ടൈൻ സന്യാസ സമൂഹം ഫിലിപ്പീൻസിൽ മാവിൻ തോട്ടം വച്ചുപിടിപ്പിക്കാനായി സംഭാവന ചെയ്യുന്നു.
നമ്മുടെ സ്ഥാപനങ്ങൾക്കും മഠങ്ങൾക്കുമെല്ലാം കണ്ണിചേരാൻ കഴിയുന്ന പൊതുഭവന നിർമ്മിതിയുടെ ചിന്തകളിലേക്ക് ഈ വാർത്തയും വീഡിയോയും നിങ്ങളെ നയിക്കട്ടെ; അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഹരിതശൃംഖലയിൽ നമുക്കും കണ്ണികളായി മാറാം.
ആന്റണി ചടയംമുറി
Comments