Foto

ഇവിടെയുമുണ്ട്, പാപ്പ വിഭാവനം ചെയ്ത ലൗദാത്തോസി തോട്ടം

ഇവിടെയുമുണ്ട്, പാപ്പ വിഭാവനം ചെയ്ത ലൗദാത്തോസി തോട്ടം

കൊച്ചി : കുമ്പളം സെന്റ് ജോസഫ്‌സ് കോൺവെന്റ് വളപ്പ് ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്തിട്ടുള്ള ഒരു ലൗദോത്തോസി തോട്ടമാണിപ്പോൾ. രണ്ടേക്കർ ഭൂമിയിൽ ഇല്ലാത്ത കൃഷികൾ കുറവ്. ഒപ്പം  വലിയൊരു കുളത്തിൽ തുള്ളിമറിയുന്ന മീൻകൂട്ടങ്ങൾ കൂടിയായതോടെ, ഈ കാർഷിക ഭൂമിയിലേക്ക് കുമ്പളം പഞ്ചായത്ത് ഏർപ്പെടുത്തിയ സമ്മിശ്ര ജൈവ കർഷക വനിതയ്ക്കുള്ള അവാർഡെത്തി.  സിസ്റ്റർ ആനി ജെയ്‌സ് സി.എം.സി. യാണ് ഈ വർഷം ഈ അവാർഡിന് അർഹയായത്.
    
രണ്ടുവർഷം മുമ്പുവരെ കാടുപിടിച്ചു കിടന്ന മഠത്തിന്റെ വളപ്പ് കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയത് റിട്ടയേർഡ് അധ്യാപിക കൂടിയായ സിസ്റ്റർ ആനി ജെയ്‌സാണ്. കുമ്പളം ഗ്രാമപഞ്ചായത്ത് ഈ വളപ്പിലെ കാർഷിക വികസനത്തിനായി 65000  രൂപ അനുവദിക്കുകയും ചെയ്തു. ഇതോടെ, കാടുപിടിച്ചു കിടന്ന പറമ്പ് വെട്ടിത്തെളിച്ചു. ആരും തിരിഞ്ഞുനോക്കാതിരുന്ന കുളം വെട്ടിയൊരുക്കി മീൻ കുഞ്ഞുങ്ങളെ നിഷേപിച്ചു.
    
സന്യാസിനീ മഠത്തിന്റെ ഈ വളപ്പിൽ രണ്ടുമാസം കഴിഞ്ഞാൽ ചേന, ചേമ്പ്, മഞ്ഞൾ, കപ്പ എന്നിവയെല്ലാം വിളവെടുക്കാൻ കഴിയുമെന്ന് സിസ്റ്റർ പറഞ്ഞു. കൂർക്ക, വിവധ തരം കാന്താരി   മുളകുകൾ, കൊണ്ടാട്ടം മുളക്, വാഴ, വെണ്ട, പയർ തുടങ്ങി നിരവധി കാർഷിക വിളകൾ ഈ    വളപ്പിലുണ്ട്. ഇവിടെ ഒരു കൃഷിയും നിർത്തിവയ്ക്കുന്നില്ല. ജലസമൃദ്ധമായ പറമ്പായതിനാൽ, ഓരോ വിളവെടുപ്പ് കഴിയുമ്പോഴും അവിടെ നിലമൊരുക്കി അടുത്ത വിളവിറക്കുകയാണ്. ഈ വർഷം മാത്രം 60,000 രൂപയുടെ പച്ചക്കറി വിറ്റുകഴിഞ്ഞു. സിസ്റ്റർ റെക്റ്റിയാണ് ഈ മഠത്തിലെ സുപ്പീരിയർ. സി. ആനിയെ കൂടാതെ 6 പേരുണ്ട്. ഇവരിൽ രണ്ടുപേർ മാത്രമാണ് അൻപതു വയസ്സിൽ താഴെയുള്ളവർ.
    
കുമ്പളം ഗ്രാമപഞ്ചായത്തിലെ കൃഷിവകുപ്പ്  ഉദ്യോഗസ്ഥർ സിസ്റ്റർ ആനി ജെയ്‌സിന് എല്ലാവിധ പ്രോത്സാഹനവും നൽകുന്നുണ്ട്. ഈയിടെ ഗ്രാമപഞ്ചായത്ത് ഏറ്റവും മികച്ച സമ്മിശ്ര ജൈവ കർഷക വനിതയ്ക്കുള്ള അവാർഡ് സി. ആനി ജെയ്‌സിനു നൽകുകയുണ്ടായി. കെ. ബാബു എം.എൽ.എ.യാണ് ഫലകവും പൊന്നാടയും മഠത്തിലെത്തി സിസ്റ്ററിനു സമ്മാനിച്ചത്.
    
ഫ്രാൻസിസ് പാപ്പയുടെ 'കർത്താവേ അങ്ങേയ്ക്ക് സ്തുതി' എന്ന ചാക്രിക ലേഖനത്തിൽ നിന്നുള്ള പ്രചോദനമാണ് സിസ്റ്ററിനെ ഈ മഠം വക വളപ്പിനെ കൃഷി ഭൂമിയാക്കാൻ പ്രേരിപ്പിച്ചത്. പ്രകൃതിയോടൊപ്പം ജീവിക്കുക എന്നതിന്റെ സൗന്ദര്യത്തനിമ കാണണമെങ്കിൽ, കുമ്പളം സെന്റ് ജോസഫ്     മഠത്തിലേക്ക് വരിക. നാട്ടുകാർക്ക് വലിയ ലാഭമെടുക്കാതെ കോൺവെന്റ് നൽകുന്ന പച്ചക്കറികളും മീനും ഇവിടെ നിന്ന് കിട്ടുമെന്നതിനാൽ ചുറ്റുവട്ടത്തുള്ളവരും ഇപ്പോൾ ഹാപ്പിയാണ്; സിസ്റ്റർ ആനി ജെയിസും.

ആന്റണി ചടയംമുറി

 

Foto
Foto

Comments

leave a reply

Related News