Foto

യേശുവിന്റെ നന്മയോടെ ഒന്നിച്ചു നീങ്ങാൻ സിനഡ് ഇടയാക്കണം: മാർപാപ്പ

യേശുവിന്റെ നന്മയോടെ  ഒന്നിച്ചു നീങ്ങാൻ സിനഡ്  ഇടയാക്കണം: മാർപാപ്പ

 

 

വത്തിക്കാൻ സിറ്റി: മാനുഷിക തന്ത്രങ്ങളെ അകറ്റി നിർത്തി യേശുവിന്റെ നന്മ സാർവത്രികമായി പ്രസരിപ്പിച്ചുകൊണ്ട് മുന്നേറാൻ സഭയ്ക്കു കഴിയണമെന്ന് ഫ്രാൻസിസ് മാർപാപ്പ. രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കും പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങൾക്കും പരിഗണന നൽകാതെ 'പിതാവിൽ നിന്ന് അനുഗ്രഹം തേടുകയും ക്ഷീണിതരും അടിച്ചമർത്തപ്പെട്ടവരുമായവരെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ ദൃഷ്ടിയോടെ ഒരുമിച്ച് നടക്കാൻ ഞങ്ങൾ ഇവിടെയുണ്ട്' എന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ദൗത്യമാണ് സിനഡിലൂടെ സഭാ മക്കൾ ഏറ്റെടുക്കേണ്ടത്: ബിഷപ്പുമാരുടെ സിനഡിന്റെ പതിനാറാമത് ഓർഡിനറി ജനറൽ അസംബ്ലിയുടെ ഉദ്ഘാടന വേളയിൽ പാപ്പാ പറഞ്ഞു.


ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. സിനഡിന്റെ വെളിച്ചത്തിൽ 'വിശ്വാസത്തോടെയും സന്തോഷത്തോടെയും' പരിശുദ്ധാത്മാവിനോടൊപ്പം നടക്കാൻ ആമുഖ പ്രസംഗത്തിൽ വിശ്വാസികളെ പാപ്പാ ക്ഷണിച്ചു.തുടർന്ന് സുവിശേഷ വചനത്തെ ആധാരമാക്കി യേശുവിന്റെ ഭൗമിക ശുശ്രൂഷയിലെ ഒരു 'ദുഷ്‌കരമായ നിമിഷം' മാർപ്പാപ്പ അനുസ്മരിച്ചു.


'മൂർത്തമായ ഏകാന്തതയുടെ നിമിഷത്തിൽ അതിനപ്പുറം കാണാൻ കഴിവുള്ള ഒരു നോട്ടം യേശുവിനുണ്ട്. പിതാവിന്റെ ജ്ഞാനത്തെ പുകഴ്ത്തവേ അദൃശ്യമായി വളരുന്ന നന്മയെ വിവേചിച്ചറിയാൻ അവിടത്തേക്കു കഴിയുന്നു. ആർദ്ര മാനസർക്കു സ്വാഗതം ചെയ്യാനാവുന്ന വചനത്തിന്റെ വിത്തും ഇരുട്ടിൽ വഴി കാണിക്കുന്ന ദൈവരാജ്യത്തിന്റെ വെളിച്ചവും ഒപ്പം അനാവൃതമാകുന്നു.' തിരസ്‌കരണത്തെ അഭിമുഖീകരിച്ചിട്ടും, 'നിരാശയാൽ തടവിലാക്കപ്പെടാൻ' യേശു അനുവദിക്കുന്നില്ല, പകരം പിതാവിലേക്ക് നോക്കുന്നു, 'കൊടുങ്കാറ്റിലും ശാന്തനായി' നിലകൊള്ളുന്നു - മാർപ്പാപ്പ പറഞ്ഞു.


പൊതുസഭയുടെ തുടക്കത്തിൽ മാർപാപ്പ പറഞ്ഞു, 'നമുക്ക് മനുഷ്യ തന്ത്രങ്ങളോ രാഷ്ട്രീയ കണക്കുകൂട്ടലുകളോ പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങളോ അടങ്ങിയ തികച്ചും സ്വാഭാവികമായ കാഴ്ചപ്പാട് ആവശ്യമില്ല. പകരം പിതാവിൽ നിന്ന് അനുഗ്രഹം തേടുകയും ക്ഷീണിതരും അടിച്ചമർത്തപ്പെട്ടവരുമായവരെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ ദൃഷ്ടിയോടെ ഒരുമിച്ച് നടക്കാൻ നമ്മൾ ഇവിടെയുണ്ടാവുകയാണാവശ്യം.'


ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുകയും വർത്തമാനകാലത്തെ വിവേചിക്കുകയും ചെയ്യുന്ന ഒരു സഭയായിരിക്കാനാണ് യേശു നമ്മെ ക്ഷണിച്ചതെന്ന് മാർപ്പാപ്പ വിശദീകരിച്ചു. 'ഇന്നത്തെ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിന് ഭിന്നിപ്പും തർക്ക മനോഭാവവും സഭയ്ക്കു മുന്നിൽ തടസമായിക്കൂടാ. മറിച്ച്, സഹവർത്തിത്വ പൂർവം ദൈവത്തിലേക്ക് കണ്ണു തിരിക്കുകയും, ഭയത്തോടും വിനയത്തോടും കൂടെ, അവിടുത്തെ ഏക കർത്താവായി അംഗീകരിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ആരാധിക്കുകയും ചെയ്യണം. '


'മൗലികമായ ചോദ്യം'


യശശ്ശരീരനായ ബെനഡിക്ട് പതിനാറാമൻ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നിരീക്ഷിച്ചു: ഇന്നത്തെ ജനങ്ങളോട് ദൈവം വെളിപ്പെടുത്തിയ യാഥാർത്ഥ്യങ്ങൾ രക്ഷയ്ക്കു വഴി തെളിക്കുമാറ് നമുക്ക് എങ്ങനെ ആശയവിനിമയം ചെയ്യാമെന്നതാണ് സിനഡ് അഭിമുഖീകരിക്കുന്ന 'മൗലികമായ ചോദ്യം'. തന്റെ ജീവിതത്തിലുടനീളം പിതാവായ ദൈവത്തിന്റെ സ്വാഗത നോട്ടം ഏറ്റവും ദുർബ്ബലരിലേക്കും കഷ്ടപ്പെടുന്നവരിലേക്കും ഉപേക്ഷിക്കപ്പെട്ടവരിലേക്കും സ്വീകരിച്ചേകി യേശു.ഊഷ്മള സ്വാഗതമേകുന്ന ഈ നോട്ടത്തിലൂടെ സ്വാഗതാർഹമായ ഒരു സഭ യാഥാർത്ഥ്യമാക്കാനും യേശു നമ്മെ ക്ഷണിക്കുന്നു. ഭയമില്ലാതെ സഹവസിക്കാൻ അനുവദിക്കുന്ന ആന്തരിക മനോഭാവത്തിലേക്കും വിളിക്കുന്നുണ്ട് യേശു.


ദൈവജനമെന്ന നിലയിൽ നാം ഒരുമിച്ചു നടത്തുന്ന മനോഹര യാത്രയാണിത്. 'പരിശുദ്ധാത്മാവിലുള്ള ഈ യാത്രയിൽ' അഥവാ സിനഡൽ സംഭാഷണത്തിൽ, കർത്താവുമൊത്ത് ഇന്നത്തെ വെല്ലുവിളികളെ നോക്കിക്കാണാൻ ശ്രമിക്കാം. നമുക്ക് കർത്താവുമായുള്ള ഐക്യത്തിലും സൗഹൃദത്തിലും വളരാം. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാൾ ആഘോഷിക്കുന്ന വേളയാണെന്നത് അനുസ്മരിച്ചുകൊണ്ട് ആ വിശുദ്ധന്റെ പാത പിന്തുടരാൻ ദൈവജനത്തെ പാപ്പാ ക്ഷണിച്ചു.


'പോയി എന്റെ പള്ളി നന്നാക്കുക' എന്ന് യേശു വിശുദ്ധ ഫ്രാൻസിസിനോട് ആഹ്വാനം ചെയ്തു. 'ഇത് നമ്മെ ഓർമ്മിപ്പിക്കാൻ സിനഡ് സഹായിക്കുന്നു.നമ്മുടെ അമ്മയായ സഭയ്ക്ക് എപ്പോഴും ശുദ്ധീകരണം ആവശ്യമാണ്'.സുവിശേഷത്തിന്റെ ആയുധങ്ങളായ വിനയവും ഐക്യവും പ്രാർത്ഥനയും ദാനധർമ്മവും ആകണം വിശ്വാസികൾ അണിയേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ കൂടി അടിവരയിട്ടു പറഞ്ഞു: സിനഡ് 'ഒരു രാഷ്ട്രീയ സമ്മേളനമല്ല, മറിച്ച് ആത്മാവിലുള്ള സംഗമമാണ്; ധ്രുവീകരിക്കപ്പെട്ട പാർലമെന്റല്ല, മറിച്ച് കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ്.


പ്രവചനങ്ങളെയും നിഷേധാത്മകതയെയും മറികടക്കുന്ന പുതിയ എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് പരിശുദ്ധാത്മാവ് നമ്മുടെ പ്രതീക്ഷകളെ പലപ്പോഴും തകർക്കുന്നുവെന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി.' അതിനാൽ, നമുക്ക് നായകനായ പരിശുദ്ധാത്മാവിലേക്ക് നമ്മെത്തന്നെ തുറക്കാം. നമുക്ക് പരിശുദ്ധാത്മാവിനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാം.' സഭയ്ക്കും ഫ്രാൻസിസ് മാർപാപ്പയ്ക്കും ബിഷപ്പുമാർക്കും അജഗണത്തിനും സാമൂഹിക നേതാക്കൾക്കും തുടങ്ങി എല്ലാ സ്ത്രീപുരുഷന്മാർക്കും ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും അഭ്യർത്ഥിച്ചുകൊണ്ട് പരമ്പരാഗത 'ലാവ്‌ദെസ് റെജിയേ' ഗീതത്തിന്റെ ആധുനിക പതിപ്പിന്റെ ആലാപനത്തോടെയായിരുന്നു വിശുദ്ധ കുർബാന ആരംഭിച്ചത്.

 

Comments

leave a reply

Related News