Foto

ആശയങ്ങൾക്കപ്പുറം വികസ്വരമാകട്ടെ ജീവിതം: ഫ്രാൻസിസ് മാർപാപ്പ  

ആശയങ്ങൾക്കപ്പുറം വികസ്വരമാകട്ടെ ജീവിതം: ഫ്രാൻസിസ് മാർപാപ്പ  

ബാബു കദളിക്കാട്             

വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ലോക യുവജന ദിനാഘോഷത്തിൽ തന്റെ സാന്നിധ്യം ഉറപ്പെന്ന് ഫ്രാൻസിസ് മാർപാപ്പ.' ഞാനുണ്ടാകും നിങ്ങളോടൊപ്പം ' - അനാരോഗ്യം പ്രശ്‌നമാകില്ലെന്ന സൂചനയുടെ വെളിച്ചത്തിൽ  പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ സംഘാടകരെ  ഇക്കാര്യം ആവർത്തിച്ച്  അറിയിച്ചു .     'ലിസ്ബണിലേക്ക് പോകാൻ തയ്യാറെടുക്കുന്ന എല്ലാ യുവതീയുവാക്കൾക്കും പ്രത്യേകിച്ച്,  വിദൂരദേശത്തു നിന്ന് ലോകയുവജന ദിനത്തിൽ  പങ്കുചേരാൻ തയ്യാറെടുക്കുന്നവർക്കും മാത്രമല്ല  എല്ലാവർക്കും ഇത്  ഒരു ആകർഷണ വിഷയം തന്നെ. നിങ്ങൾ, യുവജനങ്ങൾ അവിടേക്കാണ് നോക്കേണ്ടത്. യുവാക്കളേ മുന്നോട്ട്! ' -   പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

                                  ലിസ്ബണിലെ കൂടിക്കാഴ്ചയ്ക്ക് മുമ്പായുള്ള  ദിവസങ്ങളെ നോമ്പു കാലം പോലെ കണക്കാക്കണം. താൻ തയ്യാറായിക്കഴിഞ്ഞുവെന്നും പാപ്പാ വെളിപ്പെടുത്തി. എല്ലാം എടുത്തു വച്ച് പോകാനുള്ള സമയം ആഗ്രഹിച്ച് കാത്തിരിപ്പാണ്. അസുഖം മൂലം തനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ ഇപ്പോഴും  വിചാരിക്കുന്നു. എന്നാൽ തന്നോടു പൊയ്‌ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു. അതിനാൽ, 'നിങ്ങളുടെ കൂടെ ഞാനുണ്ടാകും.' 

                                     ജീവിതത്തെ ആശയങ്ങളാക്കി ചുരുക്കുന്നവർക്ക് പ്രാധാന്യം കൊടുക്കരുതെന്ന് യുവജന ദിനാഘോഷത്തിനായുള്ള തയ്യാറെടുപ്പ് ആധാരമാക്കി  വീഡിയോയിലൂടെ പാപ്പാ ആവശ്യപ്പെട്ടു. ആശയങ്ങൾക്കതീതമായി  വികസ്വരമാകണം ജീവിതം.ദരിദ്രർക്ക് ജീവിതത്തിന്റെ സന്തോഷവും കൂടിക്കാഴ്ചയുടെ സന്തോഷവും നഷ്ടപ്പെടാതിരിക്കാൻ  അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ  നിർദ്ദേശിച്ചു.

                                 യുവജനങ്ങൾ, ജീവന്റെ മൂന്നുഭാഷകളുമായി, നിറജീവൻ സ്വന്തമായുള്ളവരാണ് -   പാപ്പാ ഉദ്‌ബോധിപ്പിച്ചു.  ശിരസ്സിന്റെയും, ഹൃദയത്തിന്റെയും, കരങ്ങളുടെയും ഭാഷകൾ. ശിരസ്സിന്റെ ഭാഷയാണ്  ശരിയായി ചിന്തിക്കാനും, എന്താണ് നമ്മളെ സ്പർശിച്ചതെന്നും, എന്താണ് നമ്മൾ ചെയ്യുന്നതെന്നും തിരിച്ചറിയാനും  ത്രാണിയേകുന്നത്.  ഹൃദയത്തിന്റെ ഭാഷയാകട്ടെ  നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതും വളരെ ആഴത്തിൽ അനുഭവിക്കാൻ സഹായിക്കുന്നു. നമ്മെ  സ്പർശിച്ചതും ചിന്തിപ്പിച്ചതും ഏറ്റവും ഫലപ്രദമായി ചെയ്യാൻ കരങ്ങളുടെ ഭാഷയാണാവശ്യമെന്നും പാപ്പാ  പ്രബോധിപ്പിച്ചു. 'ധൈര്യപൂർവ്വം മുന്നോട്ടു പോകാം, നമുക്ക് ലിസ്ബണിൽ കാണാം' - ഈ ആശംസയോടെയാണ്  പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.


ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെയാണ്  പോർച്ചുഗലിലേക്കുള്ള  അപ്പസ്തോലിക സന്ദർശനം നിശ്ചയിച്ചിട്ടുള്ളത്.   ഉദരസംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്ന പാപ്പാ യുവജനസംഗമത്തിൽ പങ്കെടുക്കില്ലെന്ന അഭ്യൂഹത്തിന്  വിരാമമായതിന്റെ സന്തോഷത്തിലാണ് പോർച്ചുഗലിൽ എത്താനൊരുങ്ങുന്ന യുവജനങ്ങൾ.ലോകയുവജനസംഗമത്തിൽ പാപ്പായുടെ  സാന്നിധ്യമുള്ള നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.   കണ്ണീരുമായ്  ഏദ്‌ന    എട്ട് വർഷമായി ഗുരുതരരോഗബാധിതയായ പോർച്ചുഗീസ് യുവതി ഏദ്‌നയ്ക്ക് പ്രാർത്ഥനാസഹായവും സാമീപ്യവും ഉറപ്പു നല്കി യുള്ള മാർപ്പാപ്പായുട വീഡിയൊ സന്ദേശവും  വൈറൽ ആയി.


തന്റെ മരണം ഉടനെ ഉണ്ടാകുമെന്ന ഭിഷഗ്വര നിഗമനത്തെക്കുറിച്ച് ബോധ്യമുള്ള 17 വയസ്സുകാരിയായ ഏദ്‌ന ജൂൺ 22-ന് തനിക്കയച്ച ഹൃദയസ്പർശിയായ കത്തിന് മറുപടിയായിട്ടാണ്  പാപ്പാ ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള  വീഡിയൊ സന്ദേശത്തിലൂടെ തന്റെ  സ്‌നേഹ സാമീപ്യം വാഗ്ദാനം ചെയ്തത്.


യേശുവുമായുള്ള തന്റെ കൂടിക്കാഴ്ച എപ്പോഴായിരിക്കും എന്ന് അറിയില്ലയെങ്കിലും അത് ഉടൻ ഉണ്ടാകുമെന്ന് ഭിഷഗ്വരർ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് കത്തിൽ പാപ്പായെ ധരിപ്പിക്കുന്ന ഏദ്‌ന  ലിസ്ബണിൽ  ആഗോള സഭാതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ലോക യുവജന ദിനാഘോഷത്തിൽ പങ്കെടുക്കാൻ, അത് ശാരീരികമായി സാധ്യമാകണമെന്നില്ലെന്ന ബോധ്യത്തോടുകൂടിത്തന്നെ, പേരുകൊടുത്തിരിക്കയാണ്.


 ലിസ്ബൺ ആണ് വേദിയെന്നറിഞ്ഞപ്പോൾ താൻ ഏറെ സന്തോഷിച്ചുവെന്ന് ഏദ്‌ന കത്തിൽ പാപ്പായോടു പറയുന്നു.  ഏദ്‌ന പ്രകടിപ്പിക്കുന്ന ആർദ്രതയ്ക്കും ഹൃദയശാന്തയ്ക്കും പാപ്പാ ആവർത്തിച്ച് നന്ദി പ്രകാശിപ്പിക്കുകയും അവളുടെ യാത്രയിൽ പ്രാർത്ഥനാസഹായം ഉറപ്പേകുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

അനുഗ്രഹം തേടി   ക്യൂബൻ പ്രസിഡന്റ്

ബാബു കദളിക്കാട് 

 റിപ്പബ്ലിക്ക് ഓഫ് ക്യൂബയുടെ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ബെർമൂഡെസ് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. പോൾ ആറാമൻ ഹാളിലെ സ്വീകരണമുറിയിൽ  നടത്തിയ കൂടിക്കാഴ്ച  ഏകദേശം നാൽപ്പത് മിനിറ്റുകൾ നീണ്ടു നിന്നു.                                                                             വത്തിക്കാൻ  സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനെയും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധത്തിനുള്ള വിഭാഗത്തിന്റെ ബഹുമുഖ മേഖലയുടെ അണ്ടർ സെക്രട്ടറി മോൺ.ഡാനിയൽ പാക്കോയെയും  സന്ദർശിച്ചു പ്രസിഡന്റ്  സംഭാഷണം  നടത്തി.


                                  സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ  പരിശുദ്ധ സിംഹാസനവും ക്യൂബൻ രാഷ്ട്രവുമായി നിലനിൽക്കുന്ന നയതന്ത്ര ബന്ധങ്ങളെപ്പറ്റി പരാമർശിച്ചു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു  മുൻപ് 1998 ൽ വിശുദ്ധ ജോൺ പോൾ  രണ്ടാമൻ പാപ്പായുടെ ക്യൂബൻ സന്ദർശനത്തിന്റെ പ്രാധാന്യം പ്രസിഡന്റ്  എടുത്തു പറയുകയും ചെയ്തു.


തുടർന്ന് ക്യൂബൻ രാഷ്ട്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥകളും, അടിയന്തര ഘട്ടങ്ങളിൽ പ്രത്യേകിച്ചും ഉപവിപ്രവർത്തനങ്ങളിൽ സഭ നടത്തിയ ഇടപെടലുകളും അവർ ചൂണ്ടിക്കാട്ടി.    പൊതുനന്മയെ എപ്പോഴും അനുകൂലിക്കാനുള്ള പ്രതിബദ്ധത തുടരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങൾ തുടർന്ന് ചർച്ചചെയ്യപ്പെട്ടു.


                         കൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പാ തന്റെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായി 'സമാധാനത്തിന്റെ സന്ദേശവാഹകരാകുക' എന്ന ലിഖിതത്തോടുകൂടിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന വെങ്കല സൃഷ്ടി,സമാധാനത്തിനുള്ള ഈ വർഷത്തെ സന്ദേശം,മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണം തുടങ്ങിയവ സമ്മാനങ്ങളായി ക്യൂബൻ പ്രസിഡന്റിന് നൽകി. പ്രതിനന്ദിയായി 'വായനക്കാരൻ' എന്ന തലക്കെട്ടിൽ വെള്ളി, വെങ്കലം, മരം എന്നിവയിൽ ഒരു ശിൽപവും, ക്യൂബൻ കവികളുടെ രണ്ട് വാല്യങ്ങളും പാപ്പായ്ക്കും സമ്മാനിച്ചു.

 കൂടിക്കാഴ്ചകൾക്ക് അവധി                                      
വേനൽക്കാലത്തോടനുബന്ധിച്ചുള്ള പാപ്പായുടെ വിശ്രമം കണക്കിലെടുത്തുകൊണ്ട്   ജൂലൈ ഒന്നു മുതൽ മാസത്തിന്റെ അവസാനം വരെ പാപ്പായുടെ കൂടിക്കാഴ്ചകൾ നിർത്തിവച്ചിരിക്കുകയാണെന്ന് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.     സാധാരണ വേനലവധിക്കായി പാപ്പാമാർ വേനൽക്കാല വസതിയായ കാസ്റ്റൽ ഗന്ധോൾഫോയിൽ പോകുമായിരുന്നെങ്കിലും, ഫ്രാൻസിസ് പാപ്പാ തന്റെ അജപാലനശുശ്രൂഷയുടെ രണ്ടാം വർഷം മുതൽ വത്തിക്കാനിൽ തന്നെ വേനൽക്കാലത്തു തുടരുന്നു. രണ്ടു മാസത്തെ  വിശ്രമത്തിനു പകരം ഒരുമാസത്തേക്കുള്ള കൂടിക്കാഴ്ചകൾ മാത്രം ഒഴിവാക്കിക്കൊണ്ട് കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി ചെലവഴിക്കുകയും ചെയ്യുന്നു.   പാപ്പായുടെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്ന  പേപ്പൽ ഹൗസ്‌ഹോൾഡിന്റെ പ്രിഫെക്ചർ ആണ് ഈ  കൂടിക്കാഴ്ചകളുടെ താത്കാലികമായ നിർത്തിവയ്പ്പിനെപ്പറ്റിയുള്ള അറിയിപ്പ് ഔദ്യോഗികമായി നൽകിയത്. ആഗസ്ത് മാസം 9 ബുധനാഴ്ച മുതൽ പതിവു കൂടിക്കാഴ്ചകൾ പുനരാരംഭിക്കുമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Foto

Comments

leave a reply

Related News