Foto

മനോഹരവും സമ്പൂർണവുമായ ഒരു ലോകം സ്വപ്‌നം കാണാൻ സഹായിക്കുക: കലാലോകത്തോട് ഫ്രാൻസിസ് പാപ്പാ

കലാകാരന്മാർക്ക് ആധ്യാത്മികരംഗമുൾപ്പെടെയുളള ഇടങ്ങളിൽ സഹായമേകുന്ന, "സൗന്ദര്യത്തിന്റെ സേവനം" എന്ന അസോസിയേഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ, കലാകാരന്മാരിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണെന്ന് പാപ്പാ. മെച്ചപ്പെട്ട ഒരു ലോകത്തെ സ്വപ്നം കാണാൻ സഹായിക്കേണ്ടവരാണ് കലാകാരൻമാർ. ലോകത്ത് ഏവരുടെയും സഹവാസത്തിന് പ്രോത്സാഹനം നൽകാനും, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ഐക്യം സാധ്യമാക്കാനും കലയ്ക്ക് സാധിക്കേണ്ടതുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കലാകാരന്മാർക്ക് ആധ്യാത്മിക, ഭൗതിക രംഗങ്ങളിൽ സഹായമേകുന്ന, "സൗന്ദര്യത്തിന്റെ സേവനം" എന്ന പേരിലുള്ള സംഘടനാംഗങ്ങൾക്ക് ഫെബ്രുവരി പതിനഞ്ചിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ, മെച്ചപ്പെട്ട ഒരു ലോകത്തെ മുന്നിൽ കാണാൻ സഹായിക്കുന്നതിൽ കലാകാരന്മാർക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു.

വിണ്ണും മണ്ണും തമ്മിൽ ഒരു പാലം സൃഷ്ടിക്കുന്നതിന് കലാകാരന്മാരെ സഹായിക്കാൻ ഈ അസോസിയേഷന് വിളിയുണ്ടെന്ന് പാപ്പാ പറഞ്ഞു. സംഗീതജ്ഞരെയും, സംഗീതരചയിതാക്കളും, ഗായകരും, ചിത്രകാരന്മാരും, നടീനടന്മാരും, നർത്തകരും ഉൾപ്പെടെ എല്ലാ കലാകാരന്‍മാരിലും, സത്യത്തെ തേടാനുള്ള ത്വര വളർത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സൗന്ദര്യം ധ്യാനത്തിനാണ് നമ്മെ ക്ഷണിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അത് പൂർണതയിലേക്ക് ലക്ഷ്യമിട്ടതാണെന്ന് ഓർമ്മിപ്പിച്ചു. യഥാർത്ഥ സൗന്ദര്യത്തിലാണ് ദൈവത്തെക്കുറിച്ചുള്ള ഗൃഹാതുരത്വചിന്ത ഉയരുന്നത്.

സഭയുമായി ഫലപ്രദമായ ഒരു സംവാദത്തിലേക്ക് കലാകാരന്മാരെ നയിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. കലാകാരന്മാരോടുള്ള സഭയുടെ അടുപ്പം, വിവിധ മീറ്റിംഗുകളിലൂടെയും, മേളകളിലൂടെയും വ്യക്തമാക്കേണ്ടതുണ്ട്.

ഒറ്റപ്പെടലിന്റെയും വിഷാദരോഗത്തിന്റെയും ഇരകളായി മാറിയേക്കാവുന്ന കലാകാരന്മാരെ, അത്തരം അപകടങ്ങളിൽനിന്ന് പുറത്തുവരാൻ സഹായിക്കാൻ ഈ അസോസിയേഷന് കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കലാകാരന്മാരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും കലാസൗന്ദര്യവും പുറത്തുകൊണ്ടുവരാനും, അതുവഴി പ്രത്യാശയും, ആനന്ദത്തിന്റെ ദാഹവും ഉളവാക്കുന്ന സൗന്ദര്യത്തിന്റെ അപ്പസ്തോലന്മാരായി മാറാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്.

സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ വക്താക്കളായി മാറാൻ ഏവർക്കുമുള്ള ഉത്തരവാദിത്വം പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു. യുദ്ധങ്ങളും സാമൂഹ്യസംഘർഷങ്ങളും ഉൾപ്പെടെയുള്ള എല്ലാത്തരം സംഘർഷങ്ങളാലും വലയുന്ന നമ്മുടെ മാനവികതയ്ക്ക്, മെച്ചപ്പെട്ട ഒരു ലോകം സ്വപ്നം കാണാൻ സഹായിക്കുന്ന ആളുകളെയാണ് ആവശ്യമുള്ളത്.

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഐക്യം വളർത്തേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ഇന്നത്തെ വലിയ കലാവാസസ്ഥാപ്രതിസന്ധികൾ, നമ്മുടെ തഴക്കങ്ങളെയും, പ്രകൃതിയോടുള്ള നമ്മുടെ ഇടപെടലിനെയും ഒരിക്കൽക്കൂടി വിശകലനം ചെയ്യാൻ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ചുള്ള സന്ദേശം പകരാൻ കല ഏറ്റവും മെച്ചപ്പെട്ട ഒരു മാർഗ്ഗമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തെയും, നമ്മുടെ ചുറ്റുപാടിനെയും സംരക്ഷിക്കുക എന്നത് നമ്മെത്തന്നെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് ഫ്രത്തെല്ലി തൂത്തി പതിനേഴാം നമ്പർ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്തുന്നതിൽ എന്റെ പങ്കെന്താണെന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. കൂടുതൽ മാനവികവും സഹോദര്യപരവുമായ ഒരു ലോകത്തേക്കാണ് നാം നടന്നടുക്കേണ്ടത്.

Comments

leave a reply

Related News