Foto

അന്താരാഷ്ട്ര കാർഷികവികസനനിധി അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

കാർഷികവികസനത്തിനായുള്ള അന്താരാഷ്ട്ര ഫണ്ട് കൗൺസിലിന്റെ നാല്പത്തിയേഴാമത്‌ യോഗത്തിൽ സംബന്ധിക്കുന്നവർക്ക് അയച്ച സന്ദേശത്തിൽ, പട്ടിണിയും ദുരിതവും അകറ്റാനും, ഭക്ഷണസാധനങ്ങളുടെ പാഴാക്കൽ ഒഴിവാക്കാനും, മറ്റുളളവരെ ഉൾക്കൊള്ളുന്ന ഒരു കാർഷികസംസ്കാരം വളർത്തിയെടുക്കാനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ചെറുകിട കർഷകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം. സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രാധാന്യം നൽകണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏവർക്കും സന്തോഷവും പ്രത്യാശയും ഉറപ്പുനൽകുന്നതും, സാഹോദര്യം യാഥാർത്ഥ്യമാക്കുന്നതുമായ ഒരു ലോകം സൃഷ്ടിച്ചെടുക്കാനായി അന്താരാഷ്ട്ര കാർഷികവികസനനിധി ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കാർഷികവികസനനിധിയുടെ കൗൺസിൽ യോഗത്തിൽ സംബന്ധിച്ചവർക്കയച്ച സന്ദേശത്തിലാണ് സംഘടനയുടെ പ്രവർത്തനങ്ങളെ പാപ്പാ ശ്ലാഖിച്ചത്.

വലിയ ഒരു വൈരുധ്യത്തെയാണ് ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഒരവശത്ത് ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയാൽ വലയുമ്പോൾ, മറുവശത്ത് ഉത്തരവാദിത്വമില്ലാതെയും നിർവികാരതയോടെയും വലിയ തോതിൽ ഭക്ഷണം പാഴാക്കിക്കളയുന്നുണ്ടന്ന് വിശദീകരിച്ചു. ലോകത്ത് വർഷം തോറും പാഴാക്കിക്കളയുന്ന ഭക്ഷണസാധനങ്ങൾ വൻതോതിൽ ഹരിതഗൃഹവാതകങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഉത്പാദിപ്പിക്കപ്പെടുന്ന ധാന്യവിളകളുടെ ശരിയായ രീതിയിലുള്ള വിതരണം വഴി എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഇന്നത്തെ വ്യവസ്ഥിതി പ്രകൃതിയെയും ലോകത്തെയും അപകടകരമായ പരിധികളിലേക്കാണ് തള്ളിവിടുന്നത്. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി നിരവധി ഭീഷണികളാണ് ഇന്ന് ലോകം അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് പാപ്പാ ഓർമ്മപ്പിച്ചു. ഗ്രാമീണജനതയെയും, ആദിവാസിജനതകളെയുമാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. പ്രകൃതിയുടെ സുസ്ഥിതിക്കും, പരിസ്ഥിതിയുടെ പരിപാലനത്തിനും ഈ ആളുകളുടെ അറിവും സഹായവും ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലും, ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പല കുടുംബങ്ങളിലും നെടുംതൂണുകളായി നിൽക്കുന്ന സ്ത്രീകൾ അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുവജനത്തിനും പലപ്പോഴും ശരിയായ പരിശീലനവും അവസാരങ്ങളും ലഭിക്കുന്നില്ല.

ലോകത്ത് നിലനിൽക്കുന്ന വിശപ്പും ദുരിതങ്ങളും നേരിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. അമൂർത്തമായ ആശയങ്ങളോ കൈവരിക്കാനാകാത്ത പ്രതിബദ്ധതകളോ മുന്നോട്ട് വയ്ക്കുന്നതിന് പകരം, കൂട്ടായ പ്രവർത്തനത്തിലൂടെ പ്രത്യാശ വളർത്തിയെടുക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കാർഷിക-ഭക്ഷ്യ സംവിധാനം കൊണ്ടുവരാനും പാപ്പാ ആഹ്വാനം ചെയ്‌തു. സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ കൃഷി പ്രോത്സാഹിപ്പിക്കുകയും, ഭക്ഷണം പാഴാക്കുന്നത് ഇല്ലാതാക്കുകയും, വിഭവങ്ങൾ തുല്യമായ രീതിയിൽ വിതരണം നടത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തിലേക്കും പാപ്പാ വിരൽ ചൂണ്ടി. ഗതാഗതവും, സംഭരണവും മെച്ചപ്പെടുത്തിയാൽ, ചെറുകിടകർഷകർക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഉല്പാദിപ്പിക്കുന്നത് ചെറുകിടകർഷകരാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

നീതിയുടെയും, ഐക്യദാർഢ്യത്തിന്റെയും, സഹാനുഭൂതിയുടെയും മൂല്യങ്ങൾ സമൂഹത്തിൽ വളർത്താനും, പൊതുനന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കാനും അന്താരാഷ്ട്ര കാർഷികവികസനനിധിയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. അതുവഴി സമാധാനവും സാമൂഹ്യസൗഹൃദവും വളർത്താനും, സമഗ്രമാനവികവികസനം സാധ്യമാക്കാനും ഈ പ്രസ്ഥാനത്തിന് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

Comments

leave a reply

Related News