കൊച്ചി: കുട്ടികൾക്ക് കുട്ടിത്തം നഷ്ടപ്പെടുന്നുവെന്നും കുട്ടിയാകാതെ മുതിരുന്നതു വഴി കുട്ടിത്തത്തിന്റെ നന്മകൾ അവർക്ക് നഷ്ടമാകുന്നു എന്നും പ്രശസ്‌ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പറഞ്ഞു. പി.ഒ സിയിൽ സംഘടിപ്പിച്ച വാങ്മയം പ്രതിമാസ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ബാല്യകൗതുകങ്ങൾ എല്ലാം നഷ്ടപ്പെട്ട കുട്ടികളെയാണ് ഇന്ന് കാണാൻ കഴിയുന്നത്. അവർ കാലം എത്തും മുമ്പേ മുതിർന്നു പോയി. സാങ്കേതികവിദ്യയും പുതിയ കാലവും അവരെ അങ്ങനെയാക്കിമാറ്റി. പഴയ ആ വായനക്കാലം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ കുട്ടികളെ നമുക്ക് വീണ്ടെടുക്കാനാവൂ. അവരുടെ കളി ചിരികളും കുസൃതിയും കഥയും പാട്ടുമെല്ലാം നാം വീണ്ടെടുത്തേ മതിയാവൂ സിപ്പി പള്ളിപ്പുറം പറഞ്ഞു. അസീസി വിദ്യനികേതൻ പബ്ലിക്ക് സ്ക്കൂൾ, ചെമ്പുമുക്ക് , സി കെ സി സ്ക്കൂൾ, പൊന്നുരുന്തി തുടങ്ങിയ സ്ക്കൂളുകളിലെ അൻപതോളം വിദ്യാർത്ഥികൾ സിപ്പി പള്ളിപ്പുറത്തോട് സംവദിച്ചു. എഴുത്തു വഴികളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, ബാലസാഹിത്യത്തിന്റെ സാധ്യത സംബന്ധിച്ച് - ബാലസാഹിത്യം എന്ന വേർതിരിവ് തന്നെ അപ്രസക്തമല്ലേയെന്നെല്ലാം കുട്ടികൾ ചോദിച്ചു. പാട്ടും കവിതയും കഥകളുമെല്ലാം കൊണ്ട് അദ്ദേഹമതിനെല്ലാം മറുപടി പറഞ്ഞു. ഡോ. തോമസ് പനക്കളം മോഡറേറ്ററായിരുന്നു. ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി പ്രണവ് ലാൽജി നന്ദിയും പറഞ്ഞു.
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ
944602440









Comments