കൊച്ചി: ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന 2025 മഹാജൂബിലി വര്‍ഷത്തിന്റെ കേരള കത്തോലിക്കാ സഭയിലെ സമാപനം ഡിസംബര്‍ 13 നു ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് സമുചിതമായി ആഘോഷിക്കുവാന്‍ കേരള മെത്രാന്‍ സംഘം തീരുമാനിച്ചു. സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതിനൊന്ന് കമ്മറ്റികളുടെ പ്രഥമയോഗം ഒക്ടോബര്‍ 11 ന് സഭാ കാര്യാലയമായ എറണാകുളം പി ഒ സിയില്‍ വെച്ച് നടന്നു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ മോഡറേറ്ററായിരുന്നു. കേരളത്തിലെ മൂന്ന് റീത്തുകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിവിധ വര്‍ക്കിംഗ് കമ്മറ്റികള്‍ പ്രസ്തുത യോഗത്തില്‍ രൂപീകരിച്ചു. കേരള സഭയെ പ്രതിനിധീകരിച്ച് 32 രൂപതകളില്‍ നിന്നും വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും 3000-തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന മഹാസംഗമത്തില്‍ 'പ്രത്യാശയുടെ തീര്‍ത്ഥാടകര്‍' എന്ന ജൂബിലി ആപ്തവാക്യത്തെ അടിസ്ഥാനമാക്കി വിവിധ സെമിനാറുകളും പൊതുസമ്മേളനവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി കെസിബിസി വക്താവ് ഫാ തോമസ് തറയില്‍ പറഞ്ഞു.
ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍, പി.ഒ.സി
Comments