Foto

രക്തക്തപ്പുഴയൊഴുക്കുന്ന മ്യാന്മര്‍ സൈന്യത്തിന് തുണയേകി അദാനി

മ്യാന്മര്‍ സൈന്യത്തിന് കീഴിലെ കമ്പനിക്ക് അദാനി ഗ്രൂപ്പ് നല്‍കുന്നത് 290 മില്യണ്‍ ഡോളര്‍  

ജനാധിപത്യ ഭരണം അട്ടിമറിച്ച് രക്തപ്പുഴയൊഴുക്കുന്ന മ്യാന്മര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പ്  തുറമുഖ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ മ്യാന്മര്‍ സൈന്യത്തിന് കീഴിലെ കമ്പനിക്ക് അദാനി ഗ്രൂപ്പ് 290 മില്യണ്‍ യു.എസ് ഡോളര്‍ ആണ് നല്‍കാനൊരുങ്ങുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണ് യങ്കൂണിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായി അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും സഹകരിക്കുന്നതായി ചൂണ്ടിക്കാട്ടിയത്. അദാനി പോര്‍ട്ട്‌സ് ഉന്നത ഉദ്യോഗസ്ഥരും മ്യാന്മര്‍ സൈന്യത്തിലെ പ്രമുഖരും 2019ല്‍ കണ്ടുമുട്ടിയതിന്റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഓസ്‌ട്രേലിയയിലെ എ.ബി.സി ന്യൂസ് പുറത്തുവിട്ടു. മ്യാന്മര്‍ സൈന്യവുമായി ഒരു തരത്തിലുള്ള ഇടപാടുകളുമില്ലെന്ന അദാനി ഗ്രൂപ്പിന്റെ അവകാശവാദത്തെ പൊളിക്കുന്ന തെളിവുകളാണിവ.

അദാനിയുടെ അനുബന്ധ സ്ഥാപനം 30 ദശലക്ഷം യു.എസ് ഡോളര്‍ മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് (എം.ഇ.സി) ഭൂമിയുടെ ലീസ് ഫീസായി ഉടന്‍ നല്‍കുമെന്ന് യങ്കൂണ്‍ റീജിയണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കമീഷന്റെ രേഖകള്‍ കാണിക്കുന്നു. മറ്റൊരു 22 ദശലക്ഷം യു.എസ് ഡോളര്‍ ലാന്‍ഡ് ക്ലിയറന്‍സ് ഫീസ് എന്ന നിലയിലും എം.ഇ.സിക്ക് ലഭിക്കുന്നതായി ആസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ്, ആക്ടിവിസ്റ്റ് ഗ്രൂപ്പായ ജസ്റ്റിസ് ഫോര്‍ മ്യാന്മര്‍ എന്നിവ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍ എക്കണോമിക് കോര്‍പ്പറേഷന് (എം.ഇ.സി) അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മര്‍ സൈന്യത്തിന് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യു.എസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചിരുന്നു.എം.ഇ.സിയുമായി ഇടപാടുകള്‍ നടത്തരുതെന്ന് വിദേശ കമ്പനികള്‍ക്ക് 2019ല്‍ ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എം.ഇ.സിയുമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് അദാനി പോര്‍ട്ട് എന്ന് വ്യക്തമായിരുന്നു. ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിക്ക് ശേഷമാണ് യങ്കൂണ്‍ റീജിയണ്‍ ഇന്‍വെസ്റ്റ്‌മെന്റ്് കമ്മീഷന്റെ രേഖകള്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളും മനുഷ്യാവകാശ അഭിഭാഷകനുമായ റവാന്‍ അറഫ് പറഞ്ഞു. മ്യാന്മര്‍ സൈന്യത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കമ്പനിയുമായാണ് ഇടപാട്. എം.ഇ.സിയുമായുള്ള ഇടപാട് മുമ്പ് നിരവധി തവണ ചര്‍ച്ചയായപ്പോഴൊക്കെയും അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു. എന്നാല്‍, എം.ഇ.സിയുമായുള്ള ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയാറാകുന്നുമില്ല. എം.ഇ.സിക്ക് ലഭിക്കുന്ന പണമാണ് ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മ്യാന്മര്‍ സൈന്യം ഉപയോഗിക്കുന്നതെന്ന് റവാന്‍ അറഫ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണാധികാരം കൈയടക്കിയ സൈന്യം മ്യാന്മറില്‍ പ്രതിഷേധക്കാരെ നിരന്തരം കൊന്നൊടുക്കുകയാണിപ്പോഴും. അഞ്ഞൂറിലേറെ നിരായുധരായ പ്രക്ഷോഭകരെ ഇതിനകം സൈന്യം വെടിവെച്ചു കൊന്നു. സായുധ സേനാ ദിനമായിരുന്ന  ശനിയാഴ്ച മാത്രം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 114 പേരെയാണ് കൊന്നൊടുക്കിയത്. വെള്ളിയാഴ്ച മരണപ്പെട്ട 20കാരനായ മൗങ് എന്ന വിദ്യാര്‍ഥിയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ ജനക്കൂട്ടത്തിനു നേരേ സൈന്യം തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സായുധസേനാ ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാനമായ നെയ്പിഡോവില്‍ നടന്ന പരേഡില്‍ ജനാധിപത്യത്തിനായി പരിശ്രമിക്കുമെന്നും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഹാംഗ് ഹ്ലിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഈ കൂട്ടക്കുരുതി. കൂട്ടക്കൊലയ്ക്കുശേഷം സൈനിക ഭരണകൂട മേധാവി ജനറല്‍ മിന്‍ ആംഗ് ലേയിംഗും ജനറല്‍മാരും 76ാം സായുധസേനാ ദിനാചരണത്തിന്റെ ഭാഗമായി അത്യാഡംബര പാര്‍ട്ടി സംഘടിപ്പിച്ച് തങ്ങളുടെ ധിക്കാരം പ്രകടിപ്പിക്കുകയും ചെയ്തു.

മ്യാന്മര്‍ സൈന്യത്തിന്റെ നരനായാട്ടില്‍ റഷ്യയും ചൈനയുമൊഴികെയുള്ള ആഗോള രാഷ്ട്രങ്ങളും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രൂക്ഷപ്രതിഷേധം രേഖപ്പെടുത്തി. ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, അമേരിക്ക, ആസ്ത്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് എന്നീ 12 രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ അക്രമം അവസാനിപ്പിച്ച് സ്വന്തം ചെയ്തികള്‍ കാരണം നഷ്ടപ്പെട്ട മാന്യതയും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ മ്യാന്മര്‍ സൈനിക നേതൃത്വത്തോടാവശ്യപ്പെടുകയുണ്ടായി. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ആംഗ് ഹിയാംഗ്, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സോയ് വിന്‍ തുടങ്ങി പതിനൊന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചിട്ടുമുണ്ട്.

 നവംബറില്‍ നടന്ന മ്യാന്മര്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായും നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) നേതാവ് ഓംഗ് സാന്‍ സൂചി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ആരോപിച്ച് ഫെബ്രുവരി ഒന്നിനാണ് സൈന്യം സൂചിയെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. എന്‍ എല്‍ ഡിയാണ് തിരഞ്ഞെടുപ്പില്‍ 83 ശതമാനം സീറ്റുകളും നേടിയത്. കൃത്രിമ മാര്‍ഗേണയാണ് സൂചി ഭൂരിപക്ഷം നേടിയതെന്നും ഒന്നിലേറെ വോട്ടുകള്‍ ചെയ്യാത്ത പൗരന്‍മാര്‍ രാജ്യത്തില്ലെന്നും സൈനിക നേതൃത്വം കുറ്റപ്പെടുത്തുന്നു. നിരവധി തിരഞ്ഞെടുപ്പ് ക്രമക്കേട് കേസുകള്‍ കണ്ടെത്തിയതായി അവര്‍ അവകാശപ്പെടുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ പല ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്കും വോട്ടവകാശം നിഷേധിച്ചതുള്‍പ്പെടെ സൂചിയുടെ ജനാധിപത്യവിരുദ്ധമായ ചില നടപടികള്‍ സൈന്യത്തിന് തുണയാകുകയും ചെയ്തു. സൈനിക അട്ടിമറി നടന്നതു മുതല്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. സൈനിക ഭരണകൂടത്തെ പിരിച്ചുവിടുക, വീട്ടുതടങ്കലിലാക്കിയ സൂചിയുള്‍പ്പെടെയുള്ള എന്‍ എല്‍ ഡി നേതാക്കളെ മോചിപ്പിക്കുക, ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ മുന്‍വെക്കുന്നത്.

ഭരണം പിടിച്ചെടുത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ സൈനിക നേതൃത്വം ഒരു വര്‍ഷത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്‍ക്കാരിനു വഴിമാറിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മ്യാന്മര്‍ ജനതയോ ആഗോള സമൂഹമോ അത് വിശ്വസിക്കുന്നില്ല. അഥവാ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ അത് സ്വതന്ത്രമോ സുതാര്യമോ ആകാനിടയില്ല. പട്ടാളത്തെ അനുകൂലിക്കുന്നവരെ അധികാരത്തിലെത്തിക്കാനുള്ള ഒരു പ്രഹസനം മാത്രമാകാനാണ് സാധ്യത.

മ്യാന്മറിനെ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണിപ്പോള്‍ രാജ്യാന്തര സമൂഹം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മ്യാന്മറിലേക്കുള്ള പ്രത്യേക യു എന്‍ ദൂതന്‍ ടോം ആന്‍ഡ്രൂസ് ആവശ്യപ്പെടുന്നു. എന്നാല്‍, വീറ്റോ അധികാരമുള്ള രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പട്ടാള ഭരണകൂടത്തെ ശക്തമായി പിന്തുണക്കുന്ന സാഹചര്യത്തില്‍ യു എന്‍ രക്ഷാസമിതിക്ക് മ്യാന്മറിനെതിരെ നടപടിയെടുക്കുക പ്രയാസമായിരിക്കും.

തെക്കുകിഴക്കന്‍ ഏഷ്യന്‍ സംഘടനയായ ആസിയാനും എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. തായ്ലാന്‍ഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കംമ്പോഡിയ, ലാവോസ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മ്യാന്മര്‍ കൂടി ചേര്‍ന്നതാണ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസിയാന്‍. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഈ സംഘടന ഇടപെടുന്നത് പതിവില്ലാത്തതിനാല്‍ മ്യാന്മര്‍ പ്രശ്നത്തില്‍ കേവലം കാഴ്ചക്കാരായി നില്‍ക്കാനേ അവര്‍ക്ക് സാധ്യമാകൂ. വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) ഇടപെടണമെന്നും മ്യാന്മര്‍ സേനയുടെ കൊടും ക്രൂരതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ വിഭാഗമായ ഐ സി ജെയുടെ ഉത്തരവുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യു എന്‍ സുരക്ഷാ സമിതിക്കുള്ള അധികാരം സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തിനു വിധേയമായതിനാല്‍ ഈ വഴിക്കുള്ള പ്രശ്നപരിഹാരവും എളുപ്പമാവില്ല.

തോക്കും പടച്ചട്ടയുമേന്തിയ മ്യാന്മര്‍ സൈന്യത്തിനു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ശുഭ്രവസ്ത്രധാരിയായ കന്യാസ്ത്രീയയുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കുട്ടികളെ വെറുതെ വിടണമെന്നും പകരം എന്റെ ജീവനെടുത്തോളൂ എന്നും പറയുന്ന സിസ്റ്റര്‍ ആന്‍ റോസ് തു ത്വാങ് ആണ് ചിത്രത്തിലുള്ളത്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനായി സൈന്യം എത്തുമ്പോള്‍ കുട്ടികളുടെ രക്ഷയ്ക്കായി സൈനികര്‍ക്കു മുന്നില്‍ വെറുംകൈയ്യോടെ മുട്ടുകുത്തിയ കന്യാസ്ത്രീയ്ക്ക്  സൈബര്‍ ലോകം ആദരവോടെ കൈയ്യടി നല്‍കി. സ്വയം നിര്‍മിച്ച ആയുധങ്ങളുമായാണ് പൊതുജനങ്ങള്‍ സൈന്യത്തെ നേരിട്ടത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം ആയുധങ്ങളുമായി അടുത്തതോടെ മറ്റു രണ്ട് കന്യാസ്ത്രീകളോടൊപ്പം സിസ്റ്റര്‍ ആന്‍ റോസ് സൈനികരെ തടയാനായി എത്തുകയായിരുന്നു.

'പോലീസ് അവരെ അറസ്റ്റ് ചെയ്യാനായി വരികയായിരുന്നു. ഞാന്‍ കുട്ടികളെക്കുറിച്ച് ഓര്‍ത്താണ് ഭയപ്പെട്ടത്.' സിസ്റ്റര്‍ പറഞ്ഞു. സൈന്യത്തിന്റെ കാല്‍ക്കല്‍ വീഴുകയല്ലാതെ 45കാരിയായ കന്യാസ്ത്രീയ്ക്ക് മറ്റു വഴിയില്ലായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കു ശേഷം പോലീസ് ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുന്നതാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ ഭയപ്പെട്ട് മുന്‍പോട്ട് ഓടി. 'എനിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുട്ടികളെ രക്ഷിക്കണമെന്ന് ദൈവത്തോടു പ്രാര്‍ഥിക്കുകയായിരുന്നു.' സിസ്റ്റര്‍ ആന്‍ റോസ് പറഞ്ഞു.തലയില്‍ വെടിയേറ്റ ഒരാള്‍ മരിച്ചു വീഴുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കണ്ണീര്‍ വാതകത്തിന്റെ മണമെത്തി. ലോകം തകരുകയാണെന്ന് തോന്നിയെന്നാണ് കന്യാസ്ത്രീ പറഞ്ഞത്. താന്‍ അവരോടു യാചിക്കുമ്പോഴും ഇതു സംഭവിച്ചതിലാണ് സിസ്റ്റര്‍ക്ക് വിഷമം.

ഇതാദ്യമായല്ല സിസ്റ്റര്‍ ആന്‍ റോസ് സൈന്യത്തിനു മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിനിടയില്‍ സൈനികര്‍ക്കരികിലെത്തി സിസ്റ്റര്‍ മുട്ടുകുത്തി യാചിച്ചിരുന്നു. അന്നു തന്നെ താന്‍ മരിച്ചിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സിസ്റ്റര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സൈന്യത്തിനെതിരെ നിലപാട് കടുപ്പിച്ചത്. സിസ്റ്റര്‍ക്കൊപ്പം മറ്റു രണ്ട് കന്യാസ്ത്രീകളും ഒരു ബിഷപ്പും ഒപ്പം ചേര്‍ന്നു. ഭയമുണ്ടെങ്കിലും കുട്ടികള്‍ക്കു വേണ്ടി ഇനിയും രംഗത്തിറങ്ങുമെന്നു തന്നെ സിസ്റ്റര്‍ ആന്‍ റോസ് പറയുന്നു.

മ്യാന്മറില ഏറ്റവും വടക്കുഭാഗത്തുള്ള പ്രവിശ്യയയായ കച്ചിനില്‍ വര്‍ഷങ്ങളായി പ്രാദേശിക ഗോത്രങ്ങളും സൈന്യവും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷം കനത്തതോടെ ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്തു നിന്ന് പലായനം ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഭവനരഹിതരായ പലരും ക്രിസ്ത്യന്‍ സഭകളുടെ നിയന്ത്രണത്തിലുള്ള ക്യാംപുകളിലാണ് കഴിയുന്നത്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply