Foto

വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും: സംയുക്ത സമര ഐക്യദാർഢ്യ ഏകോപന സമിതി

വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും: സംയുക്ത സമര ഐക്യദാർഢ്യ ഏകോപന സമിതി

തിരുവനന്തപുരത്ത് ശംഖുമുഖത്ത് വിഴിഞ്ഞം അദാനി പദ്ധതിക്കെതിരായ നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമരം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതിനായും ജനകീയ പിന്തുണ സ്വരൂപിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ സംയുക്ത സമര ഐക്യദാർഢ്യ ഏകോപന സമിതി രൂപീകരിച്ചു. കൊച്ചിയിൽ ദേശാഭിമാനിക്കടുത്തുള്ള ലുമെൻ സെന്ററിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും  വിഴിഞ്ഞം അദാനി തുറമുഖ വിരുദ്ധ സംയുക്ത സമര സമിതി ചെയർപേഴ്‌സനുമായ ജാക്ക്സൺ പൊള്ളയിൽ സ്വാഗതം ആശംസിച്ചു. സമര സമിതി മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും പദ്ധതിയുടെ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം പരിസര പ്രദേശത്തും അനുബന്ധ തീരങ്ങളിലും മത്സ്യ തൊഴിലാളികളും തീരദേശവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ കിസാൻ മഹാ സംഘ് ഏകോപകനും സംയുക്ത സമര സമിതി പ്രവർത്തകനുമായ അഡ്വ. ജോൺ ജോസഫ് കഴിഞ്ഞ 1 മാസക്കാലമായി വിഴിഞ്ഞത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തെക്കുറിച്ചു വിശദീകരിച്ചു.

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ തീരദേശത്തെ സംബന്ധിച്ച് ഒരു വിനാശപദ്ധതിയാണെന്നും അടിയന്തിരമായി പദ്ധതി നിർത്തി വച്ച് തീരദേശ ജനതയുമായും ശാസ്ത്രഞ്ജന്മാരുമായും സംസാരിച്ച് വിശദമായ പഠനങ്ങൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും യോഗത്തിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു.  തീരദേശത്ത് കടൽക്ഷോഭങ്ങളിൽ വീടും തൊഴിലും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു താൽക്കാലിക കേന്ദ്രങ്ങളിലും താമസിക്കുന്ന മത്സ്യതൊഴിലാളികൾക്കും തീരദേശ വാസികൾക്കും അടിയന്തിരമായി പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും അവരുടെ ജീവസൻധാരണത്തിനാവശ്യമായ സഹായങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ തീരദേശത്ത് നടക്കുന്ന മറ്റു സമരങ്ങളെകൂടി ഉൾച്ചേർത്തുകൊണ്ടും വിവിധ ജില്ലകളിൽ സജീവമായി ഇടപെടുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളെ വിളിച്ചു ചേർത്തുകൊണ്ടും വിപുലമായ രീതിയിൽ ഐക്യദാർഢ്യ സമിതി വിപുലീകരിക്കുമെന്നും ശംഖുമുഖത്ത് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു.

സമര ഐക്യദാർഢ്യ പരിപാടികൾ ജില്ലാ തലങ്ങളിൽ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോഓർഡിനേറ്റർമാരെ യോഗം തിരഞ്ഞെടുത്തു. സംയുക്ത സമര ഐക്യദാർഢ്യ ഏകോപന സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) സംസ്ഥാന കോഓർഡിനേറ്റർ ശരത് ചേലൂരിനെ സമിതി അംഗങ്ങൾ തിരഞ്ഞെടുത്തു. സി ആർ നീലകണ്ഠൻ, ജോസഫ് ജൂഡ്, സുജീഷ്, എൻ സുബ്രമണ്യൻ,  കുസുമം ജോസഫ്, ജോൺ പെരുവന്താനം, ടി എ ഷാജി, അഡ്വ. ഷെറി ജെ തോമസ്, ബിജു ജോസി, ജോണി ജോസഫ്, നിവിൻ സജി തോമസ്, തോമസ് കൊറശ്ശേരി, കെ കെ എസ ചെറായി എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

CR നീലകണ്ഠൻ

Comments

leave a reply

Related News