Foto

പ്രളയം: ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് സിബിസിഐ

പ്രളയക്കെടുതിയില്‍ വലയുന്ന അസമിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ദുരിതബാധിതര്‍ക്ക് ഉദാരമായ പിന്തുണ നല്‍കണമെന്ന് രാജ്യത്തുടനീളമുള്ള രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, ഇടവകകള്‍, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സുമനസുകള്‍ എന്നിവരോട് സിബിസിഐ അഭ്യര്‍ത്ഥിച്ചു. കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  

ജൂലൈ 19-ന് ആരംഭിച്ച ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ 85-ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. വീടുകള്‍, കൃഷിയിടങ്ങള്‍, കന്നുകാലികള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ തകര്‍ന്നു. പ്രകൃതിദുരന്തം രണ്ടര ലക്ഷത്തോളം ആളുകളെ നേരിട്ടു ബാധിച്ചു. ചിലയിടങ്ങളില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും 75,583 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 

437 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 17,198 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. വീടുകളും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ശുദ്ധജലം, ഭക്ഷണം, ശുചിത്വ സാധനങ്ങള്‍ എന്നിവ അടിയന്തിരമായി ആവശ്യമാണെന്ന് സിബിസിഐ വ്യക്തമാക്കി. ദിബ്രുഗഢ് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സേവാകേന്ദ്രയുമായി സഹകരിച്ച് കാരിത്താസ് ഇന്ത്യ അടിയന്തിര സഹായങ്ങള്‍ എത്തിച്ചിരുന്നു. 

സിബിസിഐ പ്രസിഡൻ്റ് കര്‍ദിനാള്‍ ആന്റണി പൂളയും കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ് ലിനസ് നെലിയും പ്രളയബാധിതരെ ഉദാരമായി സഹായിക്കാന്‍ ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും ദുരന്തമുഖത്ത് കാരുണ്യത്തിൻ്റെ മാതൃകകളാകണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

Comments

leave a reply

Related News