Foto

വനിതാദിനത്തിൽ വായിക്കാൻ ഒരു പൈങ്കിളി അല്ലാത്ത കഥ

മറിയാമ്മ ചേട്ടത്തിയേ,,,,,
പണിക്കര് നീട്ടി വിളിച്ചുകൊണ്ട് പത്രോസ് ചേട്ടന്റെ ഉമ്മറത്തെ കസേരയിൽ കയറിയിരുന്നു....
എന്താ, പണിക്കരെ..... മറിയാമ്മ ധ്രുതിയിൽ അടുക്കളയിൽ നിന്ന് വന്നു..
ചേട്ടത്തീ...ഇന്നെത്രയാ തീയ്യതി... പണിക്കര് ചോദിച്ചു.
ഈ തിയ്യതി  അറിയാനാണോ കാലത്തെ ഓടിക്കുതിച്ച് ഇങ്ങോട്ട് വന്നത്..
മറിയാമ്മ കലിപ്പിലായി....അതല്ല, ചേട്ടത്തി തിയ്യതി പറ..... ഇന്ന് 8ആം തിയ്യതി,
എന്താണ് ഇതിന്റെ പ്രേത്യേകതയെന്ന് ഓർമ്മയുണ്ടോ?.. ചേട്ടത്തിയോട് പണിക്കര്
എന്തോന്നാ പണിക്കരെ....
എനിക്ക് അടുക്കളയിൽ പെരുത്ത് പണിയുണ്ട്.. ചേട്ടത്തി പോകാൻ തിടുക്കം കാട്ടി..
അങ്ങനെ പോകല്ലേ.. പണിക്കര് തുടർന്നു...
ഇന്ന് മാർച്ച്‌ 8,അന്താരാഷ്ട്ര വനിതാദിനം..
എന്താപണിക്കരെ...
ഉമ്മറത്തെ സംസാരം കേട്ട് പത്രോസ് ചേട്ടൻ അകത്തുനിന്ന് ഉമ്മറത്തേക്ക് വന്നു...
ഇന്ന് വനിതാദിനമാണെന്ന് ഈ ചേട്ടത്തിക്ക് അറിയില്ലെന്ന് പത്രോസ് ചേട്ടനോട് പണിക്കര് ...
അല്ലെങ്കിൽ തന്നെ അവൾക്ക് അതൊക്കെ അന്വേഷിക്കുവാൻ എവിടെയാ നേരം, നൂറുകൂട്ടം പണിയല്ലേ ഇവിടെയുള്ളത്.പത്രോസ് പ്രതിവചിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് വരികയല്ലേ ഇത്തവണ നമ്മുടെയിവിടെ വനിതാ സ്ഥാനാർഥിയാണെന്ന് കേൾക്കുന്നുണ്ടല്ലോ...പത്രോസിനോട് പണിക്കര്..
അന്നാൽ ഞങ്ങൾ വനിതകളുടെ വോട്ട് അവർക്കായിരിക്കും.. ചേട്ടത്തി ഇതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
ഇതൊന്നും നടക്കില്ലെന്ന്, അവസാനം ഏതെങ്കിലും പുരുഷന്മാരായിരിക്കും സ്ഥാനാർത്ഥികൾ....പത്രോസ് തുടർന്നു
നിയമസഭയിൽ ഇത്രയുംകാലത്തിനിടയ്ക്ക് ആകെ എട്ടു വനിതാ മന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്....
പത്രോസ് ചേട്ടൻ പറഞ്ഞത് ശരിയാ..,
പതിനാലു നിയമസഭകളിലായി ഇതുവരെ 91വനിതകളാണ് എം എൽ എ മാരായിട്ടുള്ളത്, രണ്ടായിരത്തിലധികം എം എൽ എ മാരിൽനിന്നാണ് ഈ 91എന്നോർക്കണം,പണിക്കര് കണക്കുകൾ നിരത്തി.
പണിക്കര് പറഞ്ഞത് ശരിയാ,1951 മുതൽ ഇങ്ങോട്ടുള്ള പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ആനിമസ്‌ക്രീൻ മുതൽ രമ്യ ഹരിദാസ് വരെ ആകെ 9വനിതകളാണ് ജയിച്ചുപോയിട്ടുള്ളത്.
സാക്ഷര കേരളമെന്ന് പറയുവാൻ മാത്രമേ പറ്റൂ...
ജാഥയ്ക്കു മുൻപിൽ ബാനർ പിടിക്കുവാൻ, സമ്മേളനത്തിന് ആങ്കറിങ്ങിനും മറ്റും വനിതകളല്ലേ കൂടുതലും... ചേട്ടത്തി അടുക്കളയിൽനിന്ന് വന്നുപറഞ്ഞു.. പത്രത്തിൽ ഫോട്ടോ വന്നാൽ മതിയല്ലോ.... പത്രോസ് ചേട്ടൻ സഹധർമ്മിണിയെ കളിയാക്കി ചിരിച്ചു.
കളിയാക്കേണ്ട,ചേട്ടത്തിക്ക് ദ്വേഷ്യം വന്നു.
പിന്നെ പഞ്ചായത്തുകളിൽ മൂന്നിലൊന്ന് സ്ത്രീകളല്ലേ ഭരിക്കുന്നത്,
ഇന്ദിരഗാന്ധി പ്രധാന മന്ത്രിയായില്ലേ, പ്രതിഭപാട്ടീൽ പ്രസിഡന്റ് ആയില്ലേ, ചേട്ടത്തി അഭിമാനത്തോടെ കയിലും പിടിച്ചു ഞെളിഞ്ഞു നിന്നു.
സാക്ഷരതയിൽ വളരെ പിന്നോക്കമുള്ള ബീഹാറിൽ പോലും വനിതാമുഖ്യമന്ത്രിയുണ്ടായി
കേരളത്തിലോ....
 ശരിയല്ലേ പണിക്കരെ,പത്രോസ് ചേട്ടൻ, അടുക്കളയിലേക്ക് പോയ മറിയാമ്മ കേൾക്കുമാർ ഉച്ചത്തിൽ പറഞ്ഞു.
ഞാൻ കേൾക്കുന്നുണ്ട്, അടുക്കളയിൽനിന്ന് മറിയാമ്മ രണ്ടു ഗ്ലാസ്‌ ചായ കൊണ്ടുവന്നു പണിക്കരിനും പത്രോസ് ചേട്ടനും കൊടുത്തു.
നിങ്ങള് പറഞ്ഞത് ശരിയാ...
"കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും" എന്ന മുദ്രാവാക്യവുമായി 1987 ൽ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ട്, ജയിച്ചപ്പോൾ നായനാരല്ലേ മുഖ്യമന്ത്രിയായത്.
പെണ്ണുങ്ങളെ പറഞ്ഞു പറ്റിക്കാമല്ലോ,,,മറിയാമ്മ നേടുവീർപ്പിട്ടു....
അതെന്താ ഒരു മൈക്ക് അനൗൺസ്‌മെന്റ് കേൾക്കുന്നത്..... എല്ലാവരും നിശ്ശബ്ധരായി
"ഇന്ന് അന്താരാഷ്ട്ര വനിതാദിനം, രാവിലെ 11 മണിക്ക് വനിതകളുടെ ശക്തി പ്രകടനം, വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പട്ടണത്തിൽ വമ്പിച്ച സമ്മേളനം. എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കുക"
മൈക്ക് അനൗൺസ്മെന്റ് വാഹനം കടന്നുപോയി.
മറിയാമ്മേ,,,,,
അപ്പുറത്തേ വീട്ടിലെ സുശീലയാണല്ലോ വിളിക്കുന്നത്.
മറിയാമ്മ പടിക്കലേക്കു ചെന്നു.
സമ്മേളനത്തിന് നീ വരുന്നില്ലേ.. അതിപ്പോ..
ഉച്ചയ്ക്കത്തേക്ക് ഒന്നും ശരിയാക്കിയിട്ടില്ലല്ലോ, മറിയാമ്മ സുശീലയോട്.
പോരുന്നെങ്കിൽ വേഗം റെഡിയാകണം കവലയിൽ നിന്ന് ബസ്സുണ്ട്.
അതും പറഞ്ഞു സുശീല നടന്നു.
ഉമ്മറത്തേക്ക് വന്ന മറിയാമ്മ ഉറച്ച ശബ്ദത്തിൽ കെട്ടിയോൻ പത്രോസിനോട് പറഞ്ഞു. ഞാൻ വനിതാ സമ്മേളനത്തിന് പോകുകയാണ്. പ്രാതൽ റെഡിയായിട്ടുണ്ട്, ഉച്ചയ്ക്കത്തേക്ക് അരി കഞ്ഞിക്കലത്തിലിട്ടു അടുപ്പിൽ വച്ചിട്ടുണ്ട്, വേവ് നോക്കി എടുത്തു കറിയെന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ, അല്ലെങ്കിൽ വേണ്ട ഭരണിയിൽ മാങ്ങ ഉപ്പിലിട്ടതുണ്ട്....
പണിക്കര് പത്രോസ് ചേട്ടനെ ഒന്ന് സഹായിച്ചേക്കണേ......
മറിയാമ്മ ചിരിച്ചുകൊണ്ട് വസ്ത്രം മാറുവാൻ അകത്തേക്ക് പോയി.....
പത്രോസ് ചേട്ടനും പണിക്കരും മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു.....

 

ഫ്രാൻസിസ് ചമ്മണി

Foto

Comments

leave a reply