ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേല്ക്കുവാൻ നിയുക്തനായ മാർ തോമസ് തറയിൽ പിതാവിന് കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത മെത്രാസന മന്ദിരത്തിൽ സ്വീകരണം നല്കി. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തായുടെ ഉത്തരവാദിത്വത്തിൽനിന്നും വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവും സന്നിഹിതനായിരുന്നു. ദൈവാശ്രയബോധത്തിലും സഭാസ്‌നേഹത്തിലും അടിയുറച്ചുനിന്ന് ഉദാത്തമായ കാഴ്ചപ്പാടോടെ നിസ്തുലമായ മേല്പട്ടശുശ്രൂഷ മാതൃകാപരമായി നിർവ്വഹിച്ച മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സേവനങ്ങളെ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ശ്ലാഘിക്കുകയും നന്ദിപറയുകയും ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയെ കാലാനുസൃതമായി നയിക്കുവാൻ ദൈവം നിയോഗിച്ചിരിക്കുന്ന മാർ തോമസ് തറയിൽ പിതാവിന് അഭിനന്ദനങ്ങളും പ്രാർത്ഥനകളും മാർ മാത്യു മൂലക്കാട്ട് പിതാവ് നേരുകയുണ്ടായി. കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത കൂരിയാ അംഗങ്ങൾ, വൈദിക-സമർപ്പിത-സമുദായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ചങ്ങനാശ്ശേരി അതിരൂപതാ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ കോട്ടയം അതിരൂപതാ മെത്രാസന മന്ദിരത്തിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ബൊക്കെ നല്കി സ്വീകരിക്കുന്നു
Comments