Foto

ദൈവം ഇല്ലെന്ന് വാദിച്ചിരുന്ന യൂട്യൂബ് ചാനല്‍ ഇനി ദൈവമഹത്വം പ്രഘോഷിക്കും; ജോ സ്മിഡ് കത്തോലിക്ക വിശ്വാസത്തിലേക്ക്

ഓണ്‍ലൈന്‍ ലോകത്തെ പ്രമുഖ അജ്ഞേയവാദിയായിരുന്ന യൂട്യൂബര്‍ ജോ സ്മിഡ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.  വര്‍ഷങ്ങളോളം ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്ന തത്വചിന്തകള്‍ അവതരിപ്പിച്ച അദ്ദേഹം, ദൈവകൃപയുടെ ഫലമായാണ് താന്‍ വീണ്ടും വിശ്വാസത്തിലേക്ക് മടങ്ങിയതെന്ന് പറഞ്ഞു.  

‘വലിയൊരു വാര്‍ത്തയുണ്ട്. ദൈവം ഉണ്ട്; ക്രിസ്തുവാണ് കര്‍ത്താവ്, അവിടുന്ന് കത്തോലിക്കാ സഭ സ്ഥാപിച്ചു,’  എന്ന വാക്കുകളോടെയാണ് സ്മിഡ് തന്റെ യൂട്യൂബ് ചാനലായ ‘മജസ്റ്റി ഓഫ് റീസണിലൂടെ’ താന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ തത്വചിന്താ വിഭാഗത്തില്‍ നാലാം വര്‍ഷ ഡോക്ടറല്‍ ഗവേഷകനാണ് ജോ സ്മിഡ്.  

കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന സ്മിഡ് ഹൈസ്‌കൂള്‍ പഠനകാലത്താണ് ദൈവനിഷേധത്തിലേക്കും അജ്ഞേയവാദത്തിലേക്കും തിരിഞ്ഞത്.  തുടര്‍ന്ന് 2020 ഏപ്രിലില്‍ ആരംഭിച്ച തന്റെ യൂട്യൂബ് ചാനലിലൂടെ ദൈവവിശ്വാസത്തിനെതിരെയുള്ള വാദമുഖങ്ങളും യുക്തിചിന്തകളും അദ്ദേഹം അവതരിപ്പിച്ചുപോന്നു.  

 ഹൃദയംകൊണ്ടും ബുദ്ധികൊണ്ടും നടത്തിയ ദൈവാന്വേഷണത്തിന്റെ പാരമ്യത്തിലാണ് സ്മിഡ് കത്തോലിക്ക സഭയിലേക്ക് മടങ്ങിയത്.  കത്തോലിക്കാ സഭയുടെ പഠനങ്ങളെ സാധൂകരിക്കുന്ന  അത്ഭുതങ്ങളാണ് വിശ്വാസത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പാദ്രെ പിയോയുടെ  ജീവിതത്തിലെ പ്രത്യേക കൃപകള്‍,  ലൂര്‍ദിലെയും ഫാത്തിമയിലെയും മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍,  ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. വരുംദിവസങ്ങളില്‍ കത്തോലിക്കാ വിശ്വാസത്തെയും ദൈവവിശ്വാസത്തെയും പിന്തുണയ്ക്കുന്ന ദര്‍ശനങ്ങളും ചര്‍ച്ചകളുമായി തന്റെ യൂട്യൂബ് ചാനല്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ജോ സ്മിഡിന്റെ തീരുമാനം.

Comments

leave a reply

Related News