അന്താരാഷ്ട്ര കത്തോലിക്ക യുവജനസംഘടനയായ MIJARC ASIA വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ് തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാനന്തവാടി രൂപതാംഗവുമാണ് ഗ്രാലിയ.
ഗ്രാമപ്രദേശങ്ങളിലെയും കർഷക കുടുംബങ്ങളിലെയും യുവജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമാണ് MIJARC. Mouvement International de la Jeunesse Agricole et Rurale Catholique എന്നതാണ് ഇതിന്റെ പൂർണ്ണരൂപം (ഇംഗ്ലീഷിൽ: International Movement of Catholic Agricultural and Rural Youth). 1954-ൽ ബെൽജിയത്തിലാണ് ഈ സംഘടന രൂപീകൃതമായത്. യുനെസ്കോ, എഫ്.എ.ഒ, ഐ.എൽ.ഒ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളിൽ ഈ പ്രസ്ഥാനത്തിന് കൺസൾട്ടേറ്റീവ് പദവിയുണ്ട്.
മണിമൂളി ക്രിസ്തുരാജ ഇടവക വെട്ടുകാട്ടിൽ അലക്സിന്റെയും മിനിയുടെയും മകളും പാതിരിപ്പാടം ഇടവക ചെട്ടിയാംകുന്നേൽ അരുണിന്‍റെ ഭാര്യയുമാണ്. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് , മാനന്തവാടി രൂപത കെസിവൈഎം വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്
MIJARC-ന് കീഴിൽ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വനിതകളുടെ അവകാശങ്ങൾക്കും പുരോഗതിക്കുമായാണ് ഇന്‍റര്‍നാഷണൽ വിമൻസ് കമ്മിഷൻ പ്രവർത്തിക്കുന്നത്. ഗ്രാമീണ മേഖലയിലെ പെൺകുട്ടികളുടെയും യുവതികളുടെയും ശാക്തീകരണം, നേതൃത്വപാടവം വളർത്തൽ, കാർഷിക-ഗ്രാമവികസന മേഖലകളിൽ അവർക്ക് തുല്യഅവസരങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ യുവതികളുടെ പ്രശ്നങ്ങളിലും വികസനത്തിലും MIJARC Asia Women’s Commission വിഭാഗം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വനിതാ ദിനാചരണങ്ങൾ, സ്ത്രീ ശാക്തീകരണ വെബിനാറുകൾ, അഗ്രോ ഇക്കോളജി തുടങ്ങിയ മേഖലകളിൽ യുവതികൾക്കായി പ്രത്യേക പരിശീലന പരിപാടികൾ എന്നിവ ഈ കമ്മിഷന്റെ നേതൃത്വത്തിൽ ഏഷ്യൻ തലത്തിൽ സംഘടിപ്പിച്ചുവരുന്നു










Comments