Foto

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന് പുതിയ അംഗങ്ങളെ നിയമിച്ച് ലിയോ പതിനാലാമൻ പാപ്പാ

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലേക്ക്, 24 പുതിയ അംഗങ്ങളെ നിയമിച്ച് ലിയോ പതിനാലാമൻ പാപ്പാ. മുൻ അഞ്ചുവർഷ കാലാവധിയിൽ സേവനമനുഷ്ഠിച്ച ആറ് അംഗങ്ങളുടെ നിയമനം അദ്ദേഹം പുതുക്കുകയും ചെയ്തു. ഇതോടെ 2026-2031 കാലാവധിയിലേക്കുള്ള കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം 30 ആയി ഉയർന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച്, ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നും, കൂടുതൽ അംഗങ്ങളെ പാപ്പാ, കമ്മീഷനിലേക്ക് നിയമിച്ചിട്ടുണ്ട്. കമ്മീഷന്റെ സെക്രട്ടറി ജനറലായി, മോൺസിഞ്ഞോർ പിയെറോ കോദയെയും പാപ്പാ നിയമിച്ചു.

വിവിധ പ്രസ്ഥാനങ്ങളിൽ നിന്നും,  രാജ്യങ്ങളിൽ നിന്നുമുള്ള ദൈവ ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച്, പ്രധാനപ്പെട്ട വിശ്വാസസത്യങ്ങളും കാലിക പ്രാധാന്യമുള്ള ദൈവശാസ്ത്ര വിഷയങ്ങളും പഠിക്കുന്നതിൽ പരിശുദ്ധ സിംഹാസനത്തെയും, പ്രത്യേകിച്ച് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയെയും (Dicastery for the Doctrine of the Faith) സഹായിക്കുക എന്നതാണ് ഈ കമ്മീഷന്റെ ചുമതല.

പുതിയ കമ്മീഷനിൽ അല്മായരുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട്. മുൻ കമ്മീഷനിൽ അഞ്ച് വനിതകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ എട്ട് പേരായി ഉയർന്നു; ഇതിൽ അഞ്ച് പേർ അല്മായ വനിതകളാണ്. മൂന്ന് അല്മായ പുരുഷന്മാർ കൂടി ഉൾപ്പെട്ടതോടെ കമ്മീഷനിലെ ആകെ അല്മായരുടെ എണ്ണം എട്ടായി. ഇത് മുൻ കാലാവധിയേക്കാൾ ഇരട്ടിയാണ്. ഭൂഖണ്ഡാടിസ്ഥാനത്തിൽ പരിശോധിച്ചാൽ, യൂറോപ്പിൽ നിന്ന് 13 അംഗങ്ങളും (മുമ്പ് 14), ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും 4 വീതം അംഗങ്ങളും (മുമ്പ് 3 വീതം), തെക്കേ അമേരിക്കയിൽ നിന്ന് 5 പേരും (മുമ്പ് 4), വടക്കേ അമേരിക്കയിൽ നിന്ന് 3 പേരും, ഓസ്ട്രേലിയയിൽ നിന്ന് ഒരാളും കമ്മീഷനിൽ ഉൾപ്പെടുന്നു.

വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ വെബ്‌സൈറ്റ്  https://www.doctrinafidei.va/en/commissioni-collegate/commissione-teologica/membri0/membri/ordine-cronologico.html കമ്മീഷനിലെ പൂർണ്ണ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 1969-ൽ പോൾ ആറാമൻ പാപ്പായാണ് ഈ കമ്മീഷൻ സ്ഥാപിച്ചത്. 1982-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  കമ്മീഷന്റെ നിർണായക നിയമങ്ങൾ (definitive statutes) പ്രഖ്യാപിച്ചു.

Comments

leave a reply

Related News