Foto

ചന്ദ്രനും ചൊവ്വയും പിന്നെ ദോഷക്കാരികളും......

ഈ നൂറ്റാണ്ടിന്റെ ആരംഭദശയിൽ തന്നെ ശൂന്യാകാശപര്യവേഷണ രംഗത്ത് ഗൗരവതരമായ ഇടപെടലുകൾ ഇന്ത്യ തുടങ്ങി വച്ചു. 2009-ൽ അധികാരത്തിൽ വന്ന ഡോ.മൻമോഹൻ സിംഗിന്റെ സർക്കാർ ഇതിന് ആക്കവും തൂക്കവും വർദ്ധിപ്പിച്ചു. ആയതിന്റെ ഫലവും ലഭിച്ചു. 2014 സെപ്റ്റംബർ 24-ാം തീയതി ഇന്ത്യൻ സമയം രാവിലെ 7.17-ന് ഇന്ത്യയുടെ ബഹിരാകാശപര്യവേഷണപേടകം 'മംഗൾയാൻ' ചൊവ്വാ ഗ്രഹത്തിലിറങ്ങി. ആകമാന ഇന്ത്യക്കാരും അഭിമാന പുളകിതരായ നിമിഷങ്ങൾ! ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ പര്യവേഷണം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ പ്രഥമ രാഷ്ട്രമെന്ന പദവി നമുക്ക് ലഭിക്കുകയും ചെയ്തു.
ഈ വാർത്തയുടെ ശ്രവണമാത്രയിൽ കോഴിക്കോട് ജില്ലയിലെ പട്ടണ മദ്ധ്യത്തിലുള്ള ഗേൾസ് ഹൈസ്‌കൂളിലെ ഒരു പറ്റം വിദ്യാർത്ഥിനികളുടെ പ്രതികരണം വളരെയേറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു: ''ഇനിയെങ്കിലും ഈ അന്ധവിശ്വാസം ഉപേക്ഷിക്കുമോ? നവഗ്രഹ കുടുംബത്തിലെ അംഗമായ ചൊവ്വ ഒരു ചെമന്ന ഗ്രഹമാണ്. അതിന് ഭൂമിയുമായി ഒട്ടേറെ സമാനതകൾ ഉള്ളതായും കേൾക്കുന്നു. നമ്മുടെ നാട്ടിൽ നവഗ്രഹങ്ങൾക്ക് ആരാധനാലയം വരെയുണ്ട്. അവിടങ്ങളിൽ ചൊവ്വയെ ദൈവതുല്യം പൂജിക്കുന്നു. ചന്ദ്രനും നമുക്ക് ദൈവമാണ്. ഭൂമി; ദേവിയും. ചന്ദ്രൻ ആണും ഭൂമി പെണ്ണും. എന്നാൽ ഈ ചൊവ്വയെ ഏതു ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത്? പക്ഷേ, ഒരു കാര്യം ഉറപ്പാണ്, കക്ഷി കല്യാണം മുടക്കിയാണ്. എത്ര പെൺകുട്ടികളെയാണ് ഈ സാധനം കണ്ണീരു കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചൊവ്വാ ദോഷത്തിന്റെ പേരിൽ, പിറന്നു വീണ നിമിഷത്തെ ശപിച്ച് ആയിരങ്ങളും ലക്ഷങ്ങളും ഇന്ത്യയിലാകമാനം മംഗല്യഭാഗ്യം ലഭിക്കാതെ വീടിനുള്ളിൽ ദോഷപ്പൊറുതി പൂജാദി കർമ്മങ്ങളിൽ മുഴുകി ഉപവാസവും പരിഹാരക്രിയകളുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്നു. ചിലയിടങ്ങളിൽ ഇവറ്റകളെ കണി കാണുന്നതുപോലും അപശകുനമായി കരുതി മംഗളകർമ്മങ്ങളിൽ നിന്ന് ഒരു കൈപ്പാടകലെ ഒതുക്കി നിറുത്തുന്നു.  ചൊവ്വ ഭൂമി പോലെ കല്ലും മണ്ണും വെള്ളവും വായുവുമുള്ള ഒരിടമാണെന്ന് ശാസ്ത്രസാങ്കേതിക സമൂഹം അടിവരയിട്ടു രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെയൊക്കെ പടങ്ങളെടുത്ത് ഭൂമിയിലേക്ക് തുരുതുരാ അയയ്ക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ പിന്നെ നാളിതുവരെ ഒരു പറ്റം സന്ന്യാസിമാരും, ആചാര്യന്മാരും, ജോത്സ്യന്മാരും, ദേവപ്രശ്‌നവിശാരദരായ ദൈവജ്ഞന്മാരും, ജാതകകണിയാന്മാരും, പണിക്കന്മാരും ഒക്കെ കൂടി പറഞ്ഞു ധരിപ്പിച്ചിരുന്ന പലതും ഒന്നും തിരുത്തേണ്ടതല്ലേ; പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ടതല്ലേ. ഇവരുടെ പാടിപ്പഴകിയ തീട്ടൂരങ്ങൾ ഏതു ചവറ്റുകുട്ടയിലാണ് നിക്ഷേപിക്കേണ്ടത്''? കുട്ടികൾ അച്ചടിദൃശ്യമാധ്യമങ്ങൾക്കു മുമ്പിൽ വർദ്ധിത വീര്യത്തോട് വാചാലരായ കാഴ്ച നാമൊക്കെ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമാണ്. എന്നാൽ, ഇതെല്ലാം വനരോദനമായി ഭവിച്ചതായിട്ടാണ് അനുഭവപ്പെട്ടത്. കാരണം, ഇതൊക്കെ ഇപ്പോഴും പൂർവ്വാധികം ശക്തിയായി സമൂഹത്തിൽ നിലനില്ക്കുന്നു എന്നുള്ള കേവലയാഥാർത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു.
1960 കളിൽ അമേരിക്കയുടെ 'അപ്പോളോ' പേടകം ചന്ദ്രനിൽ ഇറങ്ങി. നീൽ ആംസ്‌ട്രോംഗും കൂട്ടുകാരും ചന്ദ്രനിൽ അമേരിക്കൻ പതാക നാട്ടി. അവിടെ നിന്ന് കല്ലും മണ്ണും ഭൂമിയിൽ കൊണ്ടുവന്നു പ്രദർശിപ്പിച്ചു. ചന്ദ്രനെ മതാനുഷ്ഠാനുങ്ങളുമായി ബന്ധിപ്പിച്ചു പോന്നിരുന്ന സമൂഹത്തിലെ ഒരു പറ്റം യാഥാസ്ഥിതികർ ഇന്നും ഇതു വിശ്വസിക്കുവാൻ കൂട്ടാക്കിയിട്ടില്ലെന്ന് അറിയുമ്പോൾ മൂക്കത്തു വിരൽ വച്ചു നില്ക്കുവാനല്ലാതെ മറ്റെന്താണ് നമുക്ക് കരണീയം. ലോക ഇസ്ലാമിക തീവ്രവാദ വിഭാഗത്തിന് അമേരിക്കയോടുള്ള കടുത്ത വിരോധത്തിന് ഒരു കാരണം ഇതാണെന്നുള്ളത് മറ്റൊരു അപ്രീയ സത്യം.
ചന്ദ്രനിൽ നിന്നും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകൾ അനുസരിച്ച് അവിടമാകെ കുന്നും കുഴിയുമാണത്രെ! പണ്ട് കവികളും സാഹിത്യകാരന്മാരും നാട്ടുമ്പുറത്തെ സുന്ദര കളേബരവും ചേലൊത്ത വദനവുമുള്ള പെൺകൊടികളെ ചന്ദ്രമുഖി എന്നു വിശേഷിപ്പിച്ചിരുന്നു. ഈ വിളിയുടെ ശ്രവണമാത്രയിൽ മുഖസൗന്ദര്യത്തിൽ അഭിമാന പുളകിതരായി ഒപ്പം നമ്രശിരസ്‌ക്കരായി തരുണീമണികൾ കാലിലെ പെരുവിരൽ കൊണ്ട് നിലത്തു കളം വരച്ചിരുന്നു. ചന്ദ്രന്റെ യഥാർത്ഥരൂപം വെളിപ്പെട്ടതോടുകൂടി കോന്ത്രപ്പല്ലിയെയും മെലിഞ്ഞുണങ്ങി ചുക്കിച്ചുളിഞ്ഞ മുഖമുള്ളവളെയും മിമിക്രി പിള്ളേർ ചന്ദ്രമുഖിയെന്ന് ആക്ഷേപഹാസ്യത്തിൽ സംബോധന ചെയ്തു തുടങ്ങി.
''മന്നവേന്ദ്ര വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിൻമുഖം''
പണ്ട് രാജസദസ്സിൽ ചക്രവർത്തിയെ സുഖിപ്പിക്കുവാൻ ആസ്ഥാന കവികളും പണ്ഡിതശിരോമണികളും പാടിയ വരികളായിരുന്നു ഇത്. തന്റെ രൂപലാവണ്യത്തിലും പൗരുഷത്തിലും സൗന്ദര്യത്തിലും സംപ്രീതനാകുന്ന രാജപ്രമുഖൻ, പൊന്നും പണവും, പട്ടും വളയും, എന്തിനേറെ ആസ്ഥാന കവി പട്ടം തുടങ്ങിയുള്ള പദവികളും പ്രതിഫലമായി നല്കിയിരുന്നു. ഇന്നെങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ. രാജാവിനെ ആക്ഷേപിച്ച വകയിൽ സ്തുതിപാഠകരുടെ ശിരച്ഛേദം തന്നെ നടക്കുമായിരുന്നു!!!

മാർഷൽ ഫ്രാങ്ക്
 

Foto

Comments

leave a reply