Foto

ആദ്യം 10 വിക്കറ്റിന് തോറ്റു തൊപ്പിയിട്ടു , പിന്നെ തോൽവി 8 വിക്കറ്റിൽ എന്തൊരു അപാര പെർഫോമെൻസ് !

സ്പോർട്സ് വീക്ക്

ആദ്യം 10  വിക്കറ്റിന്  തോറ്റു തൊപ്പിയിട്ടു ,
പിന്നെ  തോൽവി 8  വിക്കറ്റിൽ
എന്തൊരു  അപാര പെർഫോമെൻസ്  !

സംഭവിക്കുമെന്നു കരുതിയത് സംഭവിക്കുക തന്നെ ചെയ്തു. ഐസിസി ട്വന്റി 20 ലോക കപ്പിൽ പാക്കിസ്ഥാനോട് പത്തു വിക്കറ്റുകൾക്ക് തോറ്റ ഇന്ത്യ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ന്യൂസിലാന്റിനോട് എട്ടുവിക്കറ്റിന് തോൽവി ഏറ്റുവാങ്ങി.  ലോക കപ്പിന്റെ ട്വന്റി 20 ഫോർമാറ്റിൽ അയൽക്കാരും,   പരമ്പരാഗത വൈരികളുമായ  പാക്കിസ്ഥാനു മേൽ ആധിപത്യമുണ്ടെന്ന അഹങ്കാരവുമായി ദുബായിൽ കളിക്കാനിറങ്ങിയ ടീമിന്റെ പ്രകടനം ഗൗരവമായി വിലയിരുത്തുമ്പോൾ കെയിൻ വില്യംസൺ നയിക്കുന്ന പ്രതിഭാ  സമ്പന്നമായ ന്യൂസിലാന്റിനോട് ജയിക്കുക അത്ര സുഗമമായിരിക്കില്ലെന്ന് ഉറപ്പായിരുന്നു. പക്ഷെ വിരാട് കോലിയും, രോഹിത്ശർമ്മയും കൂട്ടുകാരും ഒരു കാര്യത്തിൽ കൂടി ക്രിക്കറ്റ് പ്രേമികളെ തോൽപിച്ചിരിക്കുന്നു. ന്യൂസിലാന്റിനെതിരെ നല്ലൊരു പോരാട്ടം കാഴ്ചവച്ച് കീഴടങ്ങുമെന്നു മാത്രമേ  കരുതിയിരുന്നുള്ളു. തങ്ങൾ ജയിക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു കളിക്കുന്ന ഒരു ടീമിന് എങ്ങനെ നല്ലൊരു പ്രതിരോധമുയർത്തുവാൻ കഴിയും ?
    
''ടോസ്സ്, ബാറ്റിങ്ങ് ഓർഡറിലെ അഴിച്ചു പണികളും, പരീക്ഷണങ്ങളും, ടീം കോമ്പിനേഷൻ എന്നിങ്ങനെ  നിരത്തുവാൻ ന്യായങ്ങൾ ഏറെയുണ്ട്. കളി തുടങ്ങുന്നതിന് മുൻപ് ഭ്രാന്തമായ ആശയങ്ങളുമായി ക്രിക്കറ്റ് കമ്പക്കാർക്ക് പ്രതീക്ഷകളുടെ ഭാരം വർദ്ധിപ്പിക്കാൻ മത്സരബുദ്ധിയോടെ ചാനലുകളും, അച്ചടി മാധ്യമങ്ങളുമുണ്ട്. ഞായറാഴ്ച രാത്രി ആഘോഷകരമാക്കുവാൻ ഇവർക്കൊക്കെ കഴിയും. പക്ഷെ കളിയെക്കുറിച്ച്, കളിക്കാരെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തുവാൻ ഇക്കൂട്ടർ ആരും തന്നെ കാര്യമായി ശ്രമിക്കാറില്ല. ഇതുകൊണ്ടുതന്നെയാണ് തോൽവി തുടർക്കഥയാകുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് സഹിക്കുവാൻ    കഴിയാതെ പോകുന്നത്.
    

ലോക ക്രിക്കറ്റിൽ കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ന്യൂസിലാന്റ് എന്നും മികച്ച പോരാട്ടം     കാഴ്ചവയ്ക്കുന്ന ഒരു ടീമാണ്. 2001-ൽ കെനിയയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി  മാത്രമായിരുന്നു ഒരു സമയത്ത് ന്യൂസിലാന്റിന് എടുത്തു പറയാമായിരുന്ന ഏക ലോക കിരീടം.                  പങ്കെടുത്തിട്ടുള്ള ടൂർണമെന്റുകളിൽ സെമിഫൈനൽ വരെ എത്താൻ കഴിയാറുള്ള കിവി ടീമിന് അതൊരു ടൂർണമെന്റ് വിജയമാക്കി മാറ്റുവാൻ പലപ്പോഴും കഴിയാതെ പോയിരുന്നു. 2019-ൽ ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോകകപ്പിൽ 50 ഓവറിൽ ആതിഥേയരും, ന്യൂസിലാന്റും 241 റൺസ് വീതമെടുത്തപ്പോൾ മൽസരം സൂപ്പർ ഓവറിൽ നിർണയിക്കപ്പെട്ടപ്പോൾ കെയിൻ വില്യംസണിന്റെ കിവി ടീം നിർഭാഗ്യത്താൽ രണ്ടാം സ്ഥാനക്കാരായി. ഇക്കഴിഞ്ഞ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ, ഇംഗ്ലണ്ടിൽ കോലിയുടെ ഇന്ത്യൻ   ടീമിനെതിരെ വില്യംസണിന്റെ ടീം ആധികാരിക വിജയം തന്നെയാണ് നേടിയത്. 2002 മുതൽ ഇന്ത്യൻ ടീമിന് ന്യൂസിലാന്റിനെതിരെ കളിക്കുമ്പോൾ എന്നും പ്രശ്‌നങ്ങൾ തന്നെയാണ്. ഇതൊന്നും   കാര്യമാക്കാതെ വ്യക്തമായ ഒരു ഗെയിം പ്ലാനില്ലാതെയാണ് ഇന്ത്യ ദുബായിൽ ഭീമമായ  പരാജയം ഏറ്റുവാങ്ങിയത്
    

ട്വന്റി 20 മൽസരങ്ങളിൽ എതിർ ടീമിന്റെ സ്‌കോറിനെ പിന്തുടരുമ്പോൾ വ്യക്തമായ ഒരു   രൂപരേഖ ടീമിനുണ്ടാകണം. ആദ്യ ആറ് ഓവറുകളിലെ പവർ പ്ലേയിൽ എടുക്കേണ്ട റൺസ്, തുടർന്ന് പതിനഞ്ചാം ഓവർ വരെ വിക്കറ്റുകൾ തുലയ്ക്കാതെ നേടുവാൻ കഴിയാവുന്നത്, അവസാന അഞ്ച്       ഓവറിൽ വിജയത്തിനായി അടിച്ചുകൂട്ടേണ്ട രീതി. ഇതൊക്കെ പരിശീലകരും, സപ്പോർട്ടിങ്ങ് സ്റ്റാഫും, കളിക്കാരുമായി തീരുമാനിച്ച് നടപ്പിൽ വരുത്തുക തന്നെ വേണം. ടോസിനെ പഴിച്ചിട്ട് യാതൊരു  കാര്യവുമില്ല. ഏതെങ്കിലും ഒരു ടീമിന് മാത്രമല്ലേ ടോസ്സു കിട്ടുകയുള്ളു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. അവസാന ഓവറുകളാണ് ശ്രീലങ്കയുടെ സെമി ഫൈനൽ സ്വപ്നങ്ങൾ തകർത്തത്.
    
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കോടികൾ മറിയുന്ന ഐ പി എൽ കൊണ്ട് എല്ലാമായി എന്നു കരുതുന്നതാണ്  ഈ അവസരത്തിൽ എടുത്തുപറയേണ്ടത്. യു.എ. ഇ.  യിൽ ഐ പി എല്ലിന്റെ രണ്ടാം പകുതി നടത്തുവാനും, തുടർന്ന് തിടുക്കത്തിൽ ലോകകപ്പിനിറങ്ങുവാൻ ടീമിനെ ഒരുക്കിയതും   ശരിയായ ഒരു നടപടിയായിരുന്നില്ല. മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ടീമിനുവേണ്ടി സംസാരിച്ച  ബുംറ  ബയോ ബബിളിൽ ദീർഘനാൾ കഴിയേണ്ടി വന്നത് ടീമിന്റെ മാനസിക നില തെറ്റിച്ചുവെന്ന് വെളിപ്പെടുത്തിയത് ചില്ലറ കാര്യമല്ല. ക്രിക്കറ്റ് ബോർഡിന് കോടികൾ സ്വരുക്കൂട്ടാം. (കളിക്കാർക്കും മെച്ചമില്ലെന്ന  കാര്യം  വിസ്മരിക്കുന്നില്ല.) പക്ഷെ അവരുടെ ദീർഘനാളത്തെ ഒറ്റപ്പെടൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്    ബോധവന്മാരാകുവാൻ ബോർഡ് ഇനിയെങ്കിലും  തയ്യാറാകണം. തിരക്കിട്ട കലണ്ടർ തയ്യാറാക്കുമ്പോൾ ബോർഡ് കളിക്കാരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ന്യൂസിലാന്റിനെതിരെ തങ്ങൾ ഭയത്തോടെയാണ് കളിച്ചതെന്നും, ശരീര ഭാഷ പരാജിതരുടേതായിരുന്നുവെന്നും നായകൻ വിരാട് കോലി പറഞ്ഞത് യഥാർത്ഥമായ വസ്തുതയാണെന്ന് മനസ്സിലാക്കി ഇന്ത്യൻ ടീമിന്റെ ആത്മവീര്യം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.
    
ഇന്നത്തെ ഫോമിൽ പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയൻ ടീമുകൾക്കാണ് സെമിഫൈനൽ സാധ്യത. അടുത്ത മുന്നൂ മൽസരങ്ങളും ഉയർന്ന റൺറേറ്റിൽ വിജയിച്ച് കോലിപ്പട അവസാന നാലിൽ എത്തുവാനുള്ള സാധ്യത  തീരെ  കുറവാണ്.

എൻ. എസ്.  വിജയകുമാർ

 

Video Courtesy : crick buzz

Foto

Comments

  • Laju C Joseph
    02-11-2021 10:01 PM

    വളരെ കൃത്യമായ വിലയിരുത്തൽ. പക്ഷെ അപ്പോഴും ഒരു പ്രതീക്ഷ, വെറുതെ ഒരു മോഹം. എന്നാലും ഇത്രയും കനത്ത തോൽവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

leave a reply