എംബെപ്പെക്ക് പിഴച്ചു ഫ്രാൻസ് തോറ്റു
2018 ലെ ലോക കപ്പ് ഫുട്‌ബോളിൽ ക്രൊയേഷ്യയുടെ കന്നി കിരീട മോഹങ്ങൾ തച്ചുടുച്ച് വിശ്വ വിജയികളായത് ഫ്രാൻസായിരുന്നല്ലോ. ലോകകപ്പിലെ തിളക്കമാർന്ന വിജയത്തിനുശേഷം ഇക്കഴിഞ്ഞ യൂറോ കപ്പിൽ ലോകത്തിലെ ഇന്നത്തെ ഏറ്റവും മികച്ച കളിക്കാരുണ്ടായിട്ടും പ്രീ ക്വാർട്ടറിൽ ഫ്രാൻസിന് കാലിടറി. സിറ്റ്‌സ്വർലണ്ടിനെതിരെ മുന്നിൽ നിന്ന ഫ്രഞ്ച് ടീം നിർണ്ണായകമായ പെനാൽറ്റി ഷൂട്ടൗട്ടിൽ കിലിയൻ എംബപ്പയുടെ പിഴവിൽ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ഫ്രഞ്ച് കോച്ച് ദിമിയർ ഡെസ് ചാമ്പിന് തന്റെ ടീമിന്റെ ഈ തോൽവി വല്ലാത്തൊരു ആഘാതമായിരുന്നു.
ഇറ്റലിയിലെ മിലാനിൽ സാൻസിറോ സ്റ്റേഡിയത്തിൽ, ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ, മുൻലോക ചാമ്പ്യന്മാരായ, സ്‌പെയിനിനെ 2-1 ന് കീഴടക്കി ഫ്രഞ്ച് ടീം നല്ലൊരു സമ്മാനമാണ് നൽകിയത്. മനോഹരമായി കളിക്കുകയും ഒരു ഗോളിന് മുന്നിൽ നിൽക്കുകയും ചെയ്ത സ്‌പെയിനെതിരെ രണ്ടാം പകുതിയിലാണ് ഫ്രാൻസ് രണ്ട് കിടിലൻ ഗോളുകളിലൂടെ ലോക ചാമ്പ്യന്റെ കരുത്ത് തെളിയിച്ചത്. ഇന്ന് ലോക ഫുട്‌ബോളിലെ കിടയറ്റ സ്‌ട്രൈക്കർമാരായ കരിം ബെൻസേമയും (66 മിനിറ്റ്,) , കിലിയൻ എംബപെയും (80 മി.) ആണ് ഫ്രഞ്ച് ഫുട്‌ബോളിന്റെ അഭിമാനമായി മാറിയവർ.
ഒന്നാം റാങ്കുകാർ തോറ്റു
യൂറോ ചാമ്പ്യൻമാരായ ഇറ്റലിയുടെ രാജ്യാന്തര ഫുട്‌ബോളിലെ 37 മൽസരങ്ങളിലെ അപരാജിതക്കുതിപ്പിന് തടയിട്ടവരാണ് സ്‌പെയിനിന്റെ യുവ ടീം. സെമിഫൈനലിൽ 2-1 നായിരുന്നു സ്‌പെയിനിന്റെ വിജയം. അത്യന്തം ആവേശകരമായ മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ ഫൈനൽ വിസിലൂതുവാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ തിയോ ഫെർണാണ്ടസിന്റെ ഗോളാണ് ഫ്രാൻസിനെ കലാശക്കളിയിൽ എത്തിച്ചത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെയാണ് ഫ്രഞ്ച് ടീം പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി ഒരു വലിയ രാജ്യാന്തര കിരീടത്തിലേക്കുള്ള വഴിയിൽ ബെൽജിയം നിരാശപ്പെടുത്തി.
ഖത്തറിലേക്ക് കണ്ണും നട്ട്
ഖത്തർ ലോക കപ്പിന് മാസങ്ങൾ ശേഷിച്ചിരിക്കെ, യൂറോപ്പ്യൻ ടീമുകൾ കളിയിൽ തെളിയിക്കുന്ന ഉന്നത നിലവാരം ഗൾഫ് രാജ്യത്ത് നടക്കുന്ന ലോക ഫുട്‌ബോൾ മാമാങ്കത്തിൽ ലാറ്റിനമേരിക്കൻ ശക്തികൾക്ക് ജയിച്ചു കയറുവാൻ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. റഷ്യയിൽ കണ്ട പോലെ ഒരിക്കലും മറക്കാനാവാത്ത ആവേശകരമായ മൽസരങ്ങൾ ഖത്തറിൽ ലോക ടീമുകൾ, കാൽപ്പന്തുകളിയിൽ കാഴ്ച വയ്ക്കുമെന്ന് ഉറച്ചു വിശ്വസിക്കാം.
ധോണിയുടെ വെടിക്കെട്ട്
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയിർ ലീഗ് സമ്മാനിക്കുന്ന അറേബ്യൻ രാത്രികൾക്ക് ഒക്‌ടോബർ 15ന് ദുബായിൽ സമാപാനമാവുകയാണ്. ലോകമെങ്ങും ആരാധകരുള്ള ചെന്നൈ മഞ്ഞപ്പട വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് അടുത്ത വെള്ളിയാഴ്ച ചാമ്പ്യൻഷിപ്പിൽ മുത്തമിടാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റിന്റെ ഐപി എല്ലിലൊഴികെ ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റുകളിൽ നിന്നും വിരമിച്ചുവെങ്കിലും മഹേന്ദ്ര സിങ്ങ് ധോണിയുടെ ആരാധകർക്ക് യാതൊരു കുറവുമില്ല. കൂടുന്നേയുള്ളൂ. കഴിഞ്ഞ ഞായറാഴ്ച ഒന്നാം ക്വാളിഫയറിൽ ഈ സീസണിൽ മികച്ച പ്രകടനങ്ങളോടെ ഐപിഎൽ കിരീടം ലക്ഷ്യമിട്ടിറങ്ങിയിട്ടുള്ള ഡൽഹി കാപ്പിറ്റൽസിനെതിരെ ആധികാരിക വിജയമുറപ്പിക്കുവാൻ 6 പന്തുകളിൽ നിന്നും പുറത്താകാതെ 18 റൺസു വാരിക്കൂട്ടി ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ എങ്ങനെ വിവരിക്കുവാൻ കഴിയും?' മറ്റൊരു സീസണിൽ കൂടി തന്റെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവസാന കളിക്കെത്തിക്കുവാൻ കഴിയാതെ മടങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോലി പോലും ധോണിയുടെ ദുബായിലെ ഫൈനലിലെ ക്ലിനിക്കൽ ഫിനിഷിങ്ങ് കണ്ട് ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റപ്പോൾ ക്രിക്കറ്റ് ലോകം ആ നിമിഷങ്ങൾ എങ്ങനെ ആഘോഷിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.
രോഹിത് ശർമ്മയുടെ മുബൈ ഇന്ത്യൻസാണ് ഇത്തവണ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയത്. രാജസ്ഥാൻ റോയൽസിൽ മലയാളിയായ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. സഞ്ജുവിനും ഇത്തവണ കാര്യമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിയാത്തത് ഇന്ത്യൻ ടീമിലേക്ക് ഇനിയൊരിടം അസാധ്യമാക്കുന്നു.
വൺ , ടു , ത്രീ ... ചേത്രി
ഇന്ത്യൻ ഫുട്‌ബോളിൽ ബൈച്ചിങ്ങ് ബൂട്ടിയക്ക് പിന്നാലെ രാജ്യാന്തര തലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കളിക്കാരനാണ് സുനിൽ ചേത്രി. മാലി ദ്വീപിലെ മാലെയിൽ നടക്കുന്ന സാഫ് ഫുട്‌ബോൾ ചാംമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് മൽസരങ്ങളിലെ സമനിലകൾ ഇന്ത്യയ്ക്ക് ഫൈനലിലേക്കുള്ള വഴിയിൽ വിലങ്ങായിരുന്നു. എന്നാൽ ഞായറാഴ്ച മാലിദ്വീപ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന നിർണ്ണായക മൽസരത്തിൽ നേപ്പാളിനെതിരെ നായകൻ ചേത്രി നേടിയ ഒരേയൊരു ഗോൾ ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനെത്തെത്തുവാൻ കഴിഞ്ഞു. ഒക്‌ടോബർ 13 ന് നടക്കുന്ന അവസാന മൽസരത്തിൽ മാലിദ്വീപിനെ തോൽപ്പിക്കുവാൻ കഴിഞ്ഞാൽ ഇന്ത്യയക്ക് ഫൈനൽ ബർത്ത് ഉറപ്പാണ്.
ചേത്രിയുടെ ഒരേയൊരു ഗോൾ ഇന്ത്യയുടെ ഈ ഇതിഹാസനായകനെ, ലോക ഫുട്‌ബോളിലെ എക്കാലത്തേയും ഏറ്റവും വലിയ കിങ്ങ് പെലെയുടെ 77 രാജ്യാന്തര ഗോളുകളുടെ നേട്ടത്തിനൊപ്പമെത്തിച്ചിരിക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന് അഭിമാനിക്കുവാൻ വക നൽകുന്നു. 123 മൽസരങ്ങളിൽ നിന്നാണ് ചേത്രി 77 ഗോളുകൾ നേടിയിട്ടുള്ളത്. ഇന്ന് കളിക്കുന്ന ലോക താരങ്ങളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (112), അർജന്റീനയുടെ ലയണൽ മെസ്സിയ്ക്കും (79) മാത്രമേ ചേത്രിയേക്കാൾ കൂടുതൽ രാജ്യാന്തര ഗോളുകൾ റിക്കാർഡ് ബുക്കിൽ രേഖപ്പെടുത്തുവാൻ സാധിച്ചിട്ടുള്ളൂ.
തോൽപ്പിച്ചത് അമ്പയറിങ്
മൂന്നു ഏകദിന മൽസരങ്ങളും ഒരു ടെസ്റ്റും, മൂന്നു ട്വുന്റി20 മൽസരങ്ങളുമടങ്ങിയ ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പര നേടാൻ കഴിഞ്ഞില്ലെങ്കിലും തലയുയർത്തിയാണ് ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം പര്യടനം പൂർത്തിയാക്കി മടങ്ങുന്നത്. ചരിത്രത്തിലാദ്യമായി നടന്ന വനിത ഡേ നൈറ്റ് ടെസ്റ്റിൽ മിതാലി രാജിന്റെ കീഴിൽ ഓസ്‌ട്രേലിയക്കതിരെയുള്ള മികച്ച പ്രകടനം അഭിനന്ദനമർഹിക്കുന്നു. ഒരു ടെസ്റ്റ് മൽസരത്തിന്റെ എല്ലാ ചേരുവകളുമടങ്ങിയ മൽസരത്തിലുടനീളം ഇന്ത്യൻ വനിതകളുടെ സമഗ്രാധിപത്യം നാളേയ്ക്ക് കൂടുതൽ പ്രതീക്ഷകൾ തരുന്നു. ഏകദിനമൽസരപരമ്പരയിൽ 2-1 ന് പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മൽസര മോശമായ അമ്പയറിങ്ങ് കൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെയായത്. മിതാലി രാജിന്റെ ടെസ്റ്റ് ഏകദിനമൽസങ്ങളിലെ നായക മികവ് കൂട്ടുകാർക്ക് ആത്മവിശ്വാസവും, വിജയ തൃഷ്ണയും വർദ്ധിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വനിതാ ക്രിക്കറ്റിന് നൽകുന്ന തുല്യ പരിഗണന ഇന്ന് ലോകത്തിലെ മികച്ച ഒരു ടീമായി ടീം ഇന്ത്യയെ ഉയർത്തിയിരിക്കുന്നു.
മഹാമാരിയിൽ നിന്നും ലോക കായിക രംഗം കൂടുതൽ മുക്തി നേടുന്നത് വരും നാളുകളിൽ കൂടുതൽ മികവുറ്റ മൽസരങ്ങൾ കാണാനും, കേൾക്കുവാനും ഇടയാക്കും.
എൻ. എസ് . വിജയകുമാർ
Video Courtesy : SPORTS BEACON
Comments