Foto

ഫ്രാൻസിസ് പാപ്പാ ഹെയ്തിയിലെ സിസ്റ്റർ പൈസിയെ ഫോണിൽ വിളിച്ചു

സന്യാസിനിയും ഹെയ്തിയിലെ ചേരികളിലുള്ള 2,500 കുട്ടികൾക്ക് 'അമ്മ'യുമായ സിസ്റ്റർ പൈസിയെ ഫ്രാൻസിസ് പാപ്പാ ഫോണിൽ വിളിച്ച് സംസാരിക്കുകയും ഹെയ്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിക്കുകയും ദരിദ്രരായ കുട്ടികൾക്ക് വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

അഭിമുഖം: ഷാൻ -ചാൾസ് പുറ്റ്സോൾ

പരിഭാഷ: സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

1999 മുതൽ ഹെയ്തിയുടെ തലസ്ഥാനമായ   പോർട്ട്  ഔവ് പ്രിൻസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ പരിധിക്കുള്ളിൽ വരുന്ന  മുനിസിപ്പാലിറ്റിയിലെ അങ്ങേയറ്റം ദരിദ്രവും ജനസാന്ദ്രതയുള്ളതുമായ സിറ്റി സോലെയിലെ കുട്ടികൾക്കായി സ്വയം സമർപ്പിച്ച ഫ്രഞ്ച് സന്യാസിനി സിസ്റ്റർ പേസിയെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാഫോൺ വിളിച്ചു.

ഹെയ്തിക്കു വേണ്ടി പല പ്രാവശ്യം അഭ്യർത്ഥിച്ചിട്ടുള്ള ഫ്രാൻസിസ് പാപ്പാ 'കിസിറ്റോ ഫാമിലി'  എന്ന സന്യാസിനി സമൂഹം സ്ഥാപിക്കുകയുംചേരികളിലെ തന്റെ "ചെറിയ ആട്ടിൻകൂട്ട"ത്തിനായി ജീവിതം സമർപ്പിച്ച് 2,500 ഓളം കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്ന സിസ്റ്റർ പൈസിയുമായി സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. പാപ്പായുമായി നടന്ന ഫോൺ സംഭാഷണത്തിനു ശേഷം വത്തിക്കാൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ പാപ്പയുമായി നടത്തിയ സംഭാഷണത്തിന്റെ കുറച്ച് വിശദാംശങ്ങളും, ഹെയ്തിയിലെ യാഥാർത്ഥ്യത്തെക്കുറിച്ചും  അവരുടെ ദൗത്യത്തെക്കുറിച്ചും സിസ്റ്റർ പൈസി സംസാരിച്ചു.

സി. പൈസി, ഫ്രാൻസിസ് പാപ്പയുടെ ഫോൺ വിളി എങ്ങനെയാണ് സ്വീകരിച്ചത്?

അതെനിക്കൊരു വലിയ അത്ഭുതമായിരുന്നു. എന്റെ ഫോൺ ബെല്ലടിച്ചപ്പോൾ, പരിശുദ്ധ പിതാവിന്റെ  വിളിയായിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പാപ്പാ എനിക്ക് പ്രോത്സാഹന സന്ദേശം അയയ്ക്കുകയും കുട്ടികൾക്കായി അവിടെയായിരിക്കുന്നതിനു നന്ദി പറയുകയും ചെയ്തിരുന്നു. എനിക്കു പിതാവിന്റെ പ്രാർത്ഥനയുണ്ടാകുമെന്ന് ഉറപ്പു നൽകി. അത് എന്നെ ശരിക്കും  സ്പർശിച്ചു. ആ വിളിയുടെ നേരത്ത് എന്നെ യഥാർത്ഥത്തിൽ സ്തംഭിപ്പിച്ചത് പരിശുദ്ധ പിതാവിന്റെ ശബ്ദമായിരുന്നു. അതിൽ എനിക്ക് വലിയ സൗമ്യതയും ദയയും ഉള്ളതായി തോന്നി. തീർച്ചയായും, ഞാൻ ഇത് എന്റെ സമൂഹമായും, എന്റെ ടീമുമായും, ചില കുട്ടികളുമായും പങ്കുവെച്ചു. ഇത് മറ്റ് നിരവധി പേർക്ക് സന്തോഷവും പ്രതീക്ഷയും നൽകി, കാരണം ഈ അഭ്യർത്ഥന എനിക്ക് മാത്രമല്ല, ഇത് യഥാർത്ഥത്തിൽ ഹെയ്തിയിലെ കുട്ടികൾക്കും ഏറ്റവും ദരിദ്രരായ ആളുകൾക്കും നേരെയുള്ള  ഒരു ഭാവപ്രകടനമായിരുന്നു.

ഏറ്റവും ദരിദ്രരെയും നിരാലംബരെയും സഹായിക്കാൻ നിങ്ങൾ എല്ലാ ദിവസവും അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. ദരിദ്ര പട്ടണമായ സിറ്റി സോലൈലിലെ നിങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെയാണ്?

കുറെ വർഷങ്ങളായി തൊഴിലാളി വർഗ്ഗ പരിസരങ്ങളിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.  ഗുണ്ടാസംഘങ്ങൾ കൂടുതൽ ശക്തരായിത്തീർന്നിരിക്കുന്നതിനാൽ, ഇപ്പോൾ തൊഴിലാളിവർഗ്ഗത്തിന്റെ അയൽപക്കങ്ങളിൽ മാത്രമായി ഒതുങ്ങാതെ ഇപ്പോൾ തലസ്ഥാനത്തെ മിക്കവാറും ജില്ലകളിലും നിരവധി പ്രവിശ്യാ പട്ടണങ്ങളിലും അവരുണ്ട്. അതിന്റെ ഫലമായി, ഏത് നിമിഷവും കൊള്ളയടിക്കപ്പെടുമെന്ന യഥാർത്ഥ ഭീതിയിലാണ് ആളുകൾ ജീവിക്കുന്നത്. ഒരു സംഘം പരിസരം പിടിച്ചടക്കുമ്പോൾ, എല്ലാവരും അവിടം വിട്ടോടേണ്ടതായി വരുന്നു. ആളുകൾ കുട്ടികളുമായി ഓടുന്നത് നിങ്ങൾക്ക് കാണാം. വീടുകൾക്ക് തീയിവയ്ക്കുന്നു. ഇത് രാജ്യത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിശ്ചലമാക്കും. ദരിദ്രരായ ആളുകൾ ഓരോ ദിവസവും ചന്തകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്, തെരുവുകളിൽ അക്രമവും വെടിവെപ്പും ബാരിക്കേഡുകളും ഉണ്ടാകുമ്പോൾ, മാർക്കറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. അത് സ്ഥിതി കൂടുതൽ വഷളാക്കും. ഇത് ദാരിദ്ര്യവും പട്ടിണിയും ഭീമമായി വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ മാസം ആറ് സന്യാസിനികളെ തട്ടിക്കൊണ്ടു പോയതിന് ശേഷം നിങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടോ? സഭ ഏറ്റവും ദുർബ്ബലരായവർക്കൊപ്പം നിൽക്കുമ്പോൾ എന്തിനാണ് ഗുണ്ടാസംഘങ്ങൾ പുരോഹിതരെ ലക്ഷ്യമിടുന്നത്?

പോർട്ട്  ഔവ് പ്രിൻസിലെ തട്ടിക്കൊണ്ടുപോകലുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നുണ്ട്. അത് ചില ആളുകളെ പ്രത്യേകമായി ലക്ഷ്യമിടാം, ഉദാഹരണത്തിന് മോചനദ്രവ്യമാവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകാവുന്ന അതിസമ്പന്നർ. ചിലപ്പോൾ സാധാരണ വഴി നടക്കാരും, പൊതുവാഹനങ്ങളിലെ യാത്രക്കാരും, പ്രത്യേകിച്ച് സമ്പന്നരെന്നൊന്നും പറയാൻ പറ്റാത്തവരും തട്ടിക്കൊണ്ടുപോകിലിന് ഇരകളാകാറുണ്ട്. ആറ് സന്യാസിനികളുടെ കാര്യത്തിൽ അത് പറയാ൯ പ്രയാസമാണ്. സഭയെ പ്രത്യേകമായി ലക്ഷ്യമിടുകയായിരുന്നുവെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല. മോചനദ്രവ്യം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ അവർ ചെയ്തതായിരിക്കുമെന്ന് ഞാ൯ കരുതുന്നു. ചിലപ്പോൾ അത് സമർപ്പിതരുടേയൊ, പുരോഹിതരുടെയോ, സന്യാസിനികളുടെയോ ജീവിതശൈലിയെയും ആശ്രയിച്ചിരിക്കുന്നു. ആളുകളുടെ മനസ്സിൽ ചിലരെയൊക്കെ സമ്പന്ന വിഭാഗവുമായി  ബന്ധപ്പെടുത്തിയിരിക്കാം. പക്ഷെ അത് ഒരു പൊതു ധാരണയാക്കാനാവില്ല. അവരുടെ പ്രവർത്തനത്തിലൂടെ ദരിദ്രരുമായി വളരെ സമീപസ്ഥരായ സമർപ്പിതരുണ്ട്, എന്നാൽ അത്രയല്ലാത്തവരുമുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 300,000 ത്തിലധികം ആളുകൾ കലാപം മൂലം കുടിയൊഴിയേണ്ടി വന്നിട്ടുണ്ട്. ഈ ആളുകളിൽ ഭൂരിഭാഗവും ഇതിനകം തന്നെ അപകടകരമായ സാഹചര്യങ്ങളിൽ, ചേരികളിലാണ് താമസിക്കുന്നതെന്ന് നമുക്കറിയാം. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ എവിടെയാണ് അഭയം തേടുന്നത്?

ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്, കാരണം വാസ്തവത്തിൽ അങ്ങനെ ഇടങ്ങളൊന്നുമില്ല, അവരെ ഉൾക്കൊള്ളാൻ യഥാർത്ഥത്തിൽ ഒരു സംവിധാനവുമില്ല. മിക്കവാറും എല്ലാ ആഴ്ചയും, പുതിയ ഇടങ്ങൾ പിടിച്ചടക്കപ്പെടുന്നു, അതിനാൽ ഓരോ തവണയും ആയിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിവരും. പലപ്പോഴും വീട്ടിലേക്ക് മടങ്ങാൻ കഴിയില്ല. കാരണം ഒരിക്കൽ ഒരു അയൽപക്കത്തെ ഒരു പുതിയ സംഘം ആക്രമിച്ചുകഴിഞ്ഞാൽ, ആളുകൾക്ക് അവിടെ സുരക്ഷിതത്വം അനുഭവപ്പെടില്ല. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും, ആളുകൾ അവരുടെ ഏതെങ്കിലും ഒരു ബന്ധുവിനൊപ്പം താമസിക്കാനായി പോകും, സാധാരണയായി അവരെ ആദ്യം ആ ബന്ധു സ്വാഗതം ചെയ്യും. എന്നാൽ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമേ നീണ്ടുനിൽക്കൂ, കാരണം താമസിയാതെ ഇത് അവർക്ക് അസഹനീയമായിത്തീരും.

ഒരു മുറി മാത്രമുള്ള വളരെ ചെറിയ വീടുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്, അവിടെ ഒരു ഡസൻ ആളുകളുമുണ്ടാകും. ഒരു പുതിയ കുടുംബം വരുമ്പോൾ, അവർക്കത് ശരിക്കും ബുദ്ധിമുട്ടാണ്. എല്ലാറ്റിലുമുപരി, എല്ലാം നഷ്ടപ്പെട്ടെത്തുന്ന ആളുകൾക്ക് പലപ്പോഴും ആതിഥേയ കുടുംബം മാത്രമാണാശ്രയം. ഇത് ശരിക്കും സങ്കീർണ്ണമാണ്. ഇപ്പോൾ ആളുകൾ അവരുടെ കുട്ടികളോടൊപ്പം തെരുവുകളിൽ ഉറങ്ങുന്നതു ഞങ്ങൾ കാണുന്നുണ്ട്, പോർട്ട്-ഔവ്-പ്രിൻസിൽ മുമ്പ് നിലവിലില്ലാതിരുന്ന ഒന്നാണത്.

നിരവധി തെരുവ് കുട്ടികളെയും, ഉപേക്ഷിക്കപ്പെട്ട കുട്ടികളെയും നിങ്ങൾ സഹായിക്കുന്നു. സഭ ഇല്ലെങ്കിൽ, നിങ്ങളുടെ പ്രവർത്തനം ഇല്ലെങ്കിൽ അവരുടെ ഭാവി എന്താകുമായിരുന്നു?

സ്വയം പ്രതിരോധിക്കുകയും ദാരിദ്ര്യത്തിൽ കഴിയേണ്ടിയും വരുമായിരിക്കും. അവർക്കെന്തു സംഭവിക്കും? ദൈവത്തിനു മാത്രമേ അറിയൂ. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചില അമ്മമാർ എന്നോടു പറഞ്ഞു: "സിസ്റ്റർ, നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഞങ്ങളെല്ലാവരും മരിച്ചേനെ" എന്ന്. അവർ അൽപ്പം പെരുപ്പിച്ചുകാട്ടുകയായിരുന്നെന്ന് ഞാൻ കരുതുന്നു, പക്ഷേ അവർക്ക് അങ്ങനെയാണ് തോന്നുന്നത്. കുറഞ്ഞപക്ഷം, അതാണ് അവർ പറഞ്ഞത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയും, ഒന്നും ഇല്ലാതെയും ആളുകൾ എങ്ങനെ അതിജീവിക്കുന്നെന്ന് ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ദൈവം ഇവിടെയുണ്ട്. അതാണ് ശരിയായ ഉത്തരം എന്ന് ഞാൻ കരുതുന്നു. അവൻ അവർക്കായി ഇവിടെയുണ്ട്. അവൻ എന്നിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ഇവിടെ സന്നിഹിതനാണ്. എന്നാൽ അവൻ ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കുന്നില്ല.

Comments

leave a reply

Related News