കൊച്ചി : മഹാകവി സിസ്റ്റർ മേരിബനീഞ്ജയുടെ (മേരി ജോൺ തോട്ടം) 40-ാം ചരമ വാർഷികം പി.ഒ.സിയിലെ വാങ്‌മയത്തിൽ ആചരിക്കും. ഇതിൻ്റെ ഭാഗമായി 'സിസ്റ്റർ മേരി ബനീഞ്ജയുടെ കാവ്യലോകം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിക്കും.
ജൂലൈ 15 ചൊവ്വാഴ്‌ച വൈകിട്ട് 5 മണിക്ക് നടക്കുന്ന കൊളോക്കിയത്തിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോൻ കൊളോക്കിയം ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു ഇലഞ്ഞി, പ്രൊഫ. വി. ജി. തമ്പി, ഡോ. സി. നോയേൽ റോസ് എന്നിവർ സിസ്റ്റർ മേരി ബനീഞ്ജയുടെ കാവ്യലോകത്തെ വിശകലനം ചെയ്‌ത് പ്രസംഗിക്കും.
കാല്പനിക കാലഘട്ടത്തിൻ്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേർത്ത് മലയാള കാവ്യലോകത്തിന് നൽകിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. 1901 ജൂൺ 24 ന് ഏറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാൻ്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. 1922-ൽ കുറുവിലങ്ങാട് കോൺവെൻ്റ മിഡിൽ സ്‌കൂളിൽ അദ്ധ്യാപികയാ യി.1928 ജൂലൈ 16 ന് കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ് കുളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്‌തു. 1985 മെയ് 21ന് അന്തരിച്ചു.
'ഗീതാവലി' എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച 'ലോകമേ യാത്ര' എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ 'ബെനേമെരേന്തി' എന്ന ബഹുമതി നൽകി ആദരിച്ചു.
കൃതികൾ : ഗീതാവലി, ലോകമേ യാത്ര, കവിതാരാമം, ഈശപ്രസാദം, ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണിക, വിധി വൈഭവം, ആത്മാവിൻ്റെ സ്നേഹഗീത, അദ്ധ്യാത്മിക ഗീത, മാഗ്ഗി, മധുമഞ്ജരി, ഭാരത മഹാലക്ഷ്‌മി, കവനമേള, മാർത്തോമാ വിജയം, കരയുന്ന കവിതകൾ, ഗാന്ധിജയന്തി, അമൃതധാര.
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ
സെക്രട്ടറി, കെ സി ബി സി മീഡിയ കമീഷൻ
Comments