ക്രിസ്തുപക്ഷത്തുനിന്നു ലോകത്തെ നോക്കികാണുക എന്നുള്ളത് കേവലം വര്ഗീയമോ മതപരമോ ആയ വീക്ഷണമല്ല മറിച്ച് മനുഷ്യദർശനത്തിന്റെ ശരിയായ ഒരു കണ്ണാടി എന്ന നിലയിലാണ് ക്രിസ്തു ദർശനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തെ പുനർവായിക്കാൻ സിസ്റ്റർ മേരി ബെനിഞ്ജ പരിശ്രമിച്ചത്. - ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
കൊച്ചി : മഹാകവി സിസ്റ്റർ മേരിബനീഞ്ജയുടെ (മേരി ജോൺ തോട്ടം) 40-ാം ചരമ വാർഷികം പി.ഒ.സിയിലെ വാങ്മയത്തിൽ ആചരിച്ചു. ഇതിന്റെ ഭാഗമായി "സിസ്റ്റർ മേരി ബനീഞ്ജയുടെ കാവ്യലോകം" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കൊളോക്കിയം സംഘടിപ്പിച്ചു
ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന കൊളോക്കിയത്തിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ക്രിസ്തുപക്ഷത്തുനിന്നു ലോകത്തെ നോക്കികാണുക എന്നുള്ളത് കേവലം വര്ഗീയമോ മതപരമോ ആയ വീക്ഷണമല്ല മറിച്ച് മനുഷ്യദർശനത്തിന്റെ ശരിയായ ഒരു കണ്ണാടി എന്ന നിലയിലാണ് ക്രിസ്തു ദർശനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തെ പുനർവായിക്കാൻ സിസ്റ്റർ മേരി ബെനിഞ്ജ പരിശ്രമിച്ചതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു
എഴുത്തുകാരിയും നിരൂപകയുമായ ഡോ.രതി മേനോൻ കൊളോക്കിയം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു ഇലഞ്ഞി, പ്രൊഫ. വി. ജി. തമ്പി, ഡോ. സി. നോയേൽ റോസ് എന്നിവർ സിസ്റ്റർ മേരി ബനീഞ്ജയുടെ കാവ്യലോകത്തെ വിശകലനം ചെയ്ത് പ്രസംഗിച്ചു.
കാല്പ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേർത്ത് മലയാള കാവ്യലോകത്തിന് നൽകിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. 1901 ജൂൺ 24 ന് ഏറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപികയാ യി.1928 ജൂലൈ 16 ന് കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ കുളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. 1985 മെയ് 21ന് അന്തരിച്ചു.
സിസ്റ്റർ മേരി ബനീഞ്ജയുടെ നാൽപതാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സാഹിത്യചർച്ച സമ്മേളനത്തിന് കെ സി ബി സി മീഡിയ കമീഷൻ സെക്രട്ടറി ഫാ.സെബാസ്റ്റിൻ മിൽട്ടൺ സ്വാഗതം പറയുകയും മീഡിയ എക്സിക്യൂട്ടീവ് അംഗം ജൂലിയൻ നന്ദി പറയുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ സാഹിത്യ ചർച്ചയിൽ പങ്കെടുത്തു.
Comments