കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍, കുമരകം, കൈപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരെ ചേര്‍ത്തു പിടിക്കുവാനും അവരുടെ മുഖ്യധാരാവത്ക്കരണത്തിന് സാധ്യമാകുന്ന എല്ലാ ഇടപെടീലുകളും നടത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും ചൈതന്യ പാര്‍ക്ക് സന്ദര്‍ശനവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും സംഗമത്തിന് നേതൃത്വം നല്‍കി.









Comments