മഴക്കാല ആരോഗ്യം
ജോബി ബേബി
മഴ പ്രകൃതിയുടെ വരദാനമാണ്.ഭൂമിയെ പച്ച പുതപ്പിച്ചു കമനീയമായി അണിയിച്ചൊരുക്കുന്നത് മഴയുടെ കരവിരുതാണ്.നമ്മുടെ നാടിന്റെ ജീവനാഡികളായ നദിയും കായലും പുഴയുമൊക്കെ നിറഞ്ഞൊഴുകണമെങ്കിൽ മഴ കനിയണം.മണ്ണിനെ നനച്ചു പാകപ്പെടുത്തി വിത്ത് മുളപ്പിക്കുന്നതും മഴയാണ്.മഴക്കാലം ജലസമൃദ്ധിയുടെ കാലമാണ്.വരൾച്ചയ്ക്കും വറുതിക്കും വിരാമമിട്ടുകൊണ്ട്,മണ്ണിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങുകയാണ് തോരാമഴയുടെ പെരുമഴക്കാലം.മഴയുടെ നാടാണ് കേരളം.ഇടവപ്പാതിയും തുലാവർഷവും ചേർന്ന് 3000 മില്ലീമീറ്ററിലേറെ മഴ നമ്മുക്ക് ലഭിക്കുന്നുണ്ട്.എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി മഴക്കാലം നമ്മുക്കു പനിക്കാലമാണ്.പലപ്പോഴും മഴയെത്തുന്നതിനു വളരെ മുമ്പ് തന്നെ പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും നാട്ടിൽ പെയ്തിറങ്ങാറുണ്ട്.മഴ മഴ കുട കുട എന്നതിനു പകരം മഴ മഴ പനി പനി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കാലാവർഷമാകുന്നതോടെ മഴക്കാലരോഗങ്ങൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.കരകവിഞ്ഞൊഴുകുന്ന കായലും തൊടുകളുമൊക്കെ,ശുദ്ധജല സ്രോതസ്സുകളുമായി കലർന്ന് ജലം മലിനമാകുന്നത് ജലജന്യ രോഗങ്ങൾക്കിടയാക്കുന്നു.പകർച്ച വ്യാധികൾ പരത്തുന്നതിലും സജീവമായി നിലനിർത്തുന്നതിലും രോഗികളെക്കാൾ രോഗാണുവാഹകർക്കാണ് പങ്കുള്ളത്.രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ എല്ലാവരും രോഗികളാകണമെന്നില്ല.ചിലരിൽ പ്രകടമായ രോഗലക്ഷങ്ങളൊന്നുമില്ലാതെ തന്നെ രോഗാണുക്കൾ നിലനിൽക്കും.ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിന് രോഗാണുക്കൾ വിസർജിക്കപ്പെടും.ഇവരാണ് രോഗാണു വാഹകർ.അപൂർണ്ണമായ ചികിത്സകൊണ്ടും ശരിയായ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ അഭാവം കൊണ്ടും രോഗാണുക്കൾക്കെതിരായ പ്രതിരോധ ശക്തി ആർജിക്കുന്നതു കൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി തുടർന്നേക്കാം.
അഞ്ചാംപനി,വില്ലൻചുമ,പോളിയോ,ഹെപ്പറ്റൈറ്റിസ്-ബി,മഴക്കാലരോഗങ്ങളായ ടൈഫോയിഡ്,കോളറ,ഛർദി-അതിസാര രോഗങ്ങൾ,അമീബിയാസിസ് തുടങ്ങിയവയുടെ രോഗാണുക്കൾ ഇങ്ങനെ വ്യക്തമായ രോഗലക്ഷണങ്ങളൊന്നും ഇല്ലതെ മനുഷ്യശരീരത്തിൽ സജീവമായി നിലനിൽക്കാറുണ്ട്.നിശ്ശബ്ദരായ ഈ രോഗാണുവാഹകരാണ് പലപ്പോഴും പല പകർച്ചവ്യാധികളും പൊട്ടിപുറപ്പെടാൻ മൂലകാരണമാകുന്നത്.രോഗലക്ഷണങ്ങളൊന്നും കാണാത്തതിനാൽ ഇവർ ശരിയായ വൈദ്യസഹായം തേടുന്നില്ല.വ്യക്തിശുചിത്വമോ പ്രത്യേകിച്ചു പ്രതിരോധ നടപടികളോ സ്വീകരിക്കാത്ത ഇവർ,മറ്റുള്ളവരുടെ അടുത്തിടപെഴുകുമ്പോൾ രോഗാണുക്കളെയും കൈമാറുന്നു.ഒരു പ്രദേശത്തു ടൈഫോയിഡിന്റെ സാന്നിധ്യം തുടർച്ചയായി നിലനിർത്തുന്നത് രോഗാണുവാഹകരാണ്.രോഗത്തെ പൂർണ്ണമായി നിർമാർജ്ജനം ചെയ്യാനുള്ള മുഖ്യതടസ്സവും ഇവർ തന്നെ.
ടൈഫോയിഡ് ബാധിച്ച ഒരു രോഗി,രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിനുശേഷവും ആറു മുതൽ എട്ട് ആഴ്ചകൾവരെ,മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസ്സർജ്ജിച്ചേക്കാം.തുടർന്ന് രോഗാണുക്കളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.സുഖം പ്രാപിച്ചു മൂന്നു മാസങ്ങൾ കഴിയുമ്പോഴേക്കും നാല് ശതമാനം പേരിൽ മാത്രമേ രോഗാണുക്കളുടെ സജീവ സാന്നിദ്ധ്യം നിലനിൽക്കൂ.രോഗം ഭേതമായതിനു ശേഷം ഒരു വർഷം കഴിഞ്ഞിട്ടും രോഗാണുക്കളെ വിസർജിക്കുന്ന രോഗാണുവാഹകരാണ് മുഖ്യമായും രോഗം പരത്തുന്നത്.ഇവരുടെ പിത്തസഞ്ചിയിലാണ് രോഗാണുക്കൾ വസിക്കുന്നത്.ടൈഫോയിഡ് രോഗികളിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ ആളുകൾ ഇങ്ങനെ വർഷങ്ങൾക്ക് ശേഷവും രോഗാണു വാഹകരായി തുടരുന്നു.ഇവരുമായി അടുത്തിടപെഴുകുന്നയാളുകൾക്ക് രോഗം വരാനുള്ള സാധ്യതയേറെയാണ്.കോളറ ബാക്ടീരിയയും ഇതു പോലെ ദീർഘനാൾ മനുഷ്യശരീരത്തിൽ നിലനിൽക്കുന്ന ഒന്നാണ്.രോഗം ഭേതമായതിനു ശേഷവും രോഗി രണ്ട് മൂന്ന് ആഴ്ചകൾ വരെ രോഗാണുക്കളെ മലത്തിലൂടെ വിസർജ്ജിക്കുന്നു.ശരിയായ രീതിയിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാത്ത വ്യക്തിയിൽ രോഗാണുക്കൾ ആഴ്ചകളോളം നിലനിന്നേക്കാം.
മഴക്കാലമെത്തുന്നതോടെ വ്യാപകമാകുന്നതാണ് ഛർദി-അതിസാരരോഗങ്ങളും അമീബിയാസിസും.വൃത്തിഹീനമായ പരിസരവും മലിനജലത്തിന്റെ ഉപയോഗവും രോഗം പടരാനിടയാക്കുന്നു.രോഗസാന്നിധ്യം തുടർച്ചയായി നില നിർത്തുന്നതിൽ രോഗാണുവാഹകാർക്കും പങ്കുണ്ട്.പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗാണുവാഹകരെ കണ്ടെത്തി ചികിത്സിക്കുക പലപ്പോഴും പ്രായോഗികമല്ല.ഇവരുടെ മലവും മൂത്രവും കൾച്ചർ ചെയ്ത് രോഗാണുക്കളെ കണ്ടെത്താം.ചികിത്സക്കായി ആന്റിബയോട്ടിക് മരുന്നുകളും ചിലപ്പോൾ പിത്തസഞ്ചി എടുത്തുകളുന്ന ശസ്ത്രക്രിയയും വേണ്ടി വന്നേക്കാം.
പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടുമ്പോൾ,ഒരു പ്രദേശത്തുള്ള വ്യക്തികളെ മുഴുവൻ വൈദ്യപരിശോധനയ്ക്കും ലബോറട്ടറി പരിശോധനകൾക്കും വിധേയമാക്കുക അസാധ്യമാണല്ലോ.രോഗാണു വാഹകരെയും അതുവഴി പകർച്ചവ്യാധികളെയും നിയന്ത്രണ വിധേയമാക്കുവാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ.ടൈഫോയിഡ്,ഛർദി,അതിസാരരോഗങ്ങൾ,അമീബിയാസിസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ ശരിയായ ചികിത്സ പൂർണ്ണമായ കാലയളവിൽ ചെയ്യുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ആഹാരസാധനങ്ങൾ വേവിച്ചു ചൂടോടെ ഉപയോഗിക്കണം.
ഭക്ഷണസാധങ്ങൾ അടച്ചുസൂക്ഷിക്കുക.
പാത്രങ്ങൾ കഴുകാൻ ശുദ്ധജലം മാത്രം.
പഴങ്ങൾ,പച്ചക്കറികൾ ഇവ നന്നായി കഴുകി ഉപയോഗിക്കുക.
ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കണം.
മലവിസർജനത്തിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക.
പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തരുത്.
രോഗിയെ പരിചരിക്കുന്നവർ ശുചിത്വം പാലിക്കുക.
മാലിന്യങ്ങൾ കലർന്ന പരിസരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുക.
മുറിവുകൾ ഉള്ളവർ അഴുക്കുവെള്ളത്തിൽ പണിയെടുക്കരുത്.
പനി അവഗണിക്കരുത്.സ്വയം ചികിത്സയുമരുത്.വൈദ്യസഹായം തേടുക.
ആരോഗ്യ നിവാരണത്തിന് “ദിശ”യും
ആരോഗ്യസംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും നിവാരണം ചെയ്യാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ “ദിശ”എന്നൊരു ഹെൽപ്പ് ലൈൻ സംവിധാനം നിലവിലുണ്ട്.0471-2552056 എന്ന നമ്പറിലേക്ക് വിളിച്ചാൽ ഈ സേവനം പൊതുജനങ്ങൾക്ക് ഇരുപത്തിനാലുമണിക്കൂറും ലഭ്യമാണ്.പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ആവശ്യമെങ്കിൽ വിദഗ്‌ദ്ധ ഡോക്ടർക്ക് ഫോൺ കൈമാറുകയും ചെയ്യും.ബി.എസ്.എൻ.എൽ ലാൻഡ്ഫോൺ,മൊബൈൽ എന്നിവയിൽ നിന്നും ദിശയിലേക്കുള്ള കോളുകൾ സൗജന്യമാണ്.മറ്റു സേവന ദാദാക്കളിൽ നിന്നുള്ള കോളുകൾക്ക് സാധാരണ കോൾ നിരക്ക് ബാധകമായിരിക്കും.
മഴക്കാലം നമ്മുക്ക് ആശ്വാസവും പ്രതീക്ഷയും നൽകേണ്ട ജലസമ്പന്നതയുടെയും കാലമാണ്.നമ്മുടെ പൂന്തോട്ടങ്ങൾ പൂക്കൾ നിറഞ്ഞു മനോഹരമാകണമെങ്കിൽ,നമ്മുടെ കൃഷി ഇടങ്ങളിൽ നിന്നും എന്നും സമൃദ്ധമായ വിളവെടുപ്പ് ഉണ്ടാകണമെങ്കിൽ,നമ്മുടെ ജലാശയങ്ങൾ ജലസമൃദ്ധികൊണ്ട് സമ്പന്നമാകണമെങ്കിൽ,പ്രകൃതിയുടെ പച്ചപ്പ് ശാശ്വതമാകണമെങ്കിൽ ഭൂമിയിലേക്ക് അമൃതധാരയായി മഴ പെയ്തിറങ്ങിയേ തീരൂ.മഴ ഒരു ശാപമല്ല,മറിച്ചു അനുഗ്രഹമാണ്.പ്രകൃതി കനിഞ്ഞരുളിയ അനുഗ്രഹം.മഴയെ സ്നേഹിച്ചുകൊണ്ട്,പ്രകൃതിയുടെ സന്തുലിതാവസത്ഥ നിലനിർത്തികൊണ്ട്,പരിസ്ഥിതിയെ പരിപാലിച്ചുകൊണ്ട് പരിസരശുചിത്വം കാത്തുസംരക്ഷിച്ചുകൊണ്ട്,മഴക്കാലവ്യാധികളെ എന്നന്നേക്കുമായി പടികടത്തി,നമ്മുക്ക് മഴക്കാലത്തെ ആർദ്രമായ്,സൗമ്യമായി വരവേൽക്കാം.നല്ല മഴയുടെ പോന്നാതിരകൾ വർണ നൂലുകളായി നമ്മുടെ മനസ്സിലേക്കും പെയ്തിറങ്ങട്ടെ.
കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ
Comments