Foto

ബഫര്‍സോണ്‍ - ജനവാസമേഖല - എന്നതിന് കൃത്യമായ നിര്‍വചനം നല്കണം : കെ.സി.ബി.സി

ബഫര്‍സോണ്‍ - 'ജനവാസമേഖല' എന്നതിന് കൃത്യമായ നിര്‍വചനം നല്കണം : കെ.സി.ബി.സി

കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ 3.6.22 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്പിച്ചുകൊണ്ട് 10.8.22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവാത്തതാണ്; ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതുമാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്ന് മാസം സമയത്തില്‍ ഇനി മൂന്ന് ആഴ്ച മാത്രം അവശേഷിക്കേ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് 10.8.22 ലെ ഉത്തരവില്‍ പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ല.

ഈ വിഷയങ്ങള്‍ ഉന്നയിച്ച് കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷനും കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും സംയുക്തമായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.

നിവേദനത്തിന്റെ പൂര്‍ണ്ണരൂപം:
ബഹു. കേരള മുഖ്യമന്ത്രിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ. സി. ബി. സി.) ക്ക് വേണ്ടി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷനും കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും സംയുക്തമായി നല്കുന്ന നിവേദനം:
ബഹു. മുഖ്യമന്ത്രി,
ബഫര്‍ സോണ്‍ : സ്ഥിതി വിവര ശേഖരണം സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ ഉടനടി നടത്തണം.
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിഷ്‌കര്‍ഷിച്ച 3.6.22 ലെ സുപ്രീം കോടതി വിധിയിന്മേല്‍ ഈ മേഖലയിലെ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുഖ്യ വനപാലകരുടെ നേതൃത്വത്തില്‍ നടത്തുന്ന നീക്കം വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി ആകുവാന്‍ പാടില്ല. വനം വകുപ്പിനൊപ്പം ഓരോ വനമേഖലയുടെയും പ്രസ്തുത പരിധിയില്‍ വരുന്ന റവന്യൂ, കൃഷി, പഞ്ചായത്ത്, വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും കര്‍ഷക സംഘടനാ പ്രതിനിധികളും സംയുക്തമായുള്ള വിവര ശേഖരണമാണ് ഉണ്ടാകേണ്ടത്. അതുവഴി അവിടെ ഉണ്ടാകാവുന്ന സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാത ങ്ങളെ സംബന്ധിചുള്ള വ്യക്തമായ ക്രോഡീകരണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിന് ഇനി മൂന്ന് ആഴ്ച സമയം പോലും അവശേഷിച്ചിട്ടില്ല.
ഇപ്രകാരം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു സമിതി വിലയിരുത്തി മന്ത്രി സഭ അംഗീകരിച്ചു വേണം വനം പരിസ്ഥിതി മന്ത്രാലയത്തിനും, സെന്‍ട്രല്‍ എമ്പവേര്‍ഡ് കമ്മറ്റിയ്ക്കും അവര്‍ വഴി സുപ്രീം കോടതിയിലും നല്‍കേണ്ടത്.
അതോടൊപ്പം, ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ആകാമെന്ന 2019 ലെ മന്ത്രിസഭായോഗ തീരുമാനം ഉടന്‍തന്നെ റദ്ദാക്കുകയും വേണം.
ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ സി ബി സി യുടെ ആഭിമുഖ്യത്തില്‍ 61 കര്‍ഷക സംഘടനകള്‍ യോജിച്ചു രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
10.8.2022 ഇന്നലെ കേരള സര്‍ക്കാര്‍ ഇറക്കിയ സ. ഉ. (കൈ) 44/2022/F&WLD നമ്പര്‍ ഉത്തരവിലൂടെ ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെ വനംവകുപ്പ് എടുത്തിട്ടുള്ള നടപടികളെല്ലാം സാധൂകരിക്കുന്നതായി ത്തീര്‍ന്നിരിക്കുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ട് പോകുവാന്‍ വനംവകുപ്പിനെ ചുമതലപ്പെടു ത്തുന്നതിലൂടെ വനാതിര്‍ത്തിയില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് കരുതാനുമാവില്ല.
2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധിപ്രകാരം ബഫര്‍ സോണ്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിഷയങ്ങളും, ഈ മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സെട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ ഇന്നലെ ഇറങ്ങിയ മന്ത്രിസഭ തീരുമാനത്തില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ ജനങ്ങളുടെ ഈ വിഷയങ്ങളും ആവലാതികളും അവതരിപിക്കാന്‍ ആരെയും ചുമതല പ്പെടുത്തിയതായി പറയുന്നില്ല.
'ജനവാസമേഖല' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എവിടേയും വ്യാഖ്യാനിച്ചിട്ടില്ല. കര്‍ഷകന്‍ വസിക്കുന്നതും കൃഷി ചെയ്യുന്നതുമായ എല്ലാ സ്ഥലങ്ങളും ജനവാസ മേഖല തന്നെയാണ്.
കേരളത്തിലെ ബഹൂഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളും വന്യജീവി സംരക്ഷണ നിയമം 26A വരെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തവയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള അധികാരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ മലയോര കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന ബഫര്‍സോണ്‍ പ്രതിസന്ധി മറികടക്കാമെന്നിരിക്കെ, സര്‍ക്കാരിന്റെ 10.8.22 ലെ ഈ ഉത്തരവ് തീര്‍ത്തും പ്രയോജനരഹിതമായി ജനം വിലയിരുത്തുന്നു.
ആയതിനാല്‍, 3.6.22 ല്‍ സുപ്രീംകോടതി വിധിയില്‍ പറയുന്നപോലെ ഉടന്‍ തന്നെ കേരളത്തിലെ ബഫര്‍സോണ്‍ ബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയെ സമീപിച്ച് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, അതിന് വിവിധ വകുപ്പുകളുടെ ഒരു ഏകോപിത സമിതിയെ ചുമതലപ്പെടുത്തണം. ഈ വിഷയത്തില്‍ ഇതുവരെ എടുത്തിട്ടുള്ള നടപടികള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് ലഭ്യമാക്കുകയും വേണം.
എന്ന്,
കെ. സി. ബി. സി.ക്കും കേരള കര്‍ഷക അതിജീവന സംയുക്ത സമിതിക്കും വേണ്ടി,
ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍,
ചെയര്‍മാന്‍, ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ കെ.സി.ബി.സി

Comments

leave a reply

Related News