Foto

സകല മരിച്ചവരുടെയും തിരുനാൾദിനമായ നവംബർ 2-ന് വെറാനോ സെമിത്തേരിയിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും

സകല മരിച്ചവർക്കുമായി പ്രത്യേകം ബലിയർപ്പിക്കാനൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. 2026-ലെ സകല മരിച്ചവരുടെയും തിരുനാളിന്റെ ഭാഗമായി, നവംബർ 2 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക്, റോമിലെ വെറാനോ (Verano) സെമിത്തേരിയിൽ പരിശുദ്ധ പിതാവ് വിശുദ്ധബലി അർപ്പിക്കുമെന്ന് ഒക്ടോബർ 27 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ റോം വികാരിയേറ്റ് അറിയിച്ചു. വിശുദ്ധബലി അർപ്പണത്തിന് മുൻപായി പരിശുദ്ധ പിതാവ് ഒരു കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുമെന്നും, പൂക്കൾ സമർപ്പിക്കുമെന്നും വികാരിയേറ്റ് കൂട്ടിച്ചേർത്തു.

റോമിലേക്കുള്ള പാപ്പായുടെ വികാരി കർദ്ദിനാൾ ബാൾദോ റെയ്‌ന, റോം രൂപതയിലേക്കുള്ള ഉപവികാരി ബിഷപ് റെനാത്തോ തരന്തെല്ലി ബക്കാരി എന്നിവർ പ്രധാന സഹകാർമ്മികരാകുന്ന ഈ വിശുദ്ധ ബലിയിൽ, സീറ്റുകളുടെ ലഭ്യതയനുസരിച്ച് വിശ്വാസികൾക്ക് ഏവർക്കും സംബന്ധിക്കാൻ സാധിക്കുമെന്ന് രൂപത വ്യക്തമാക്കി.

സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് ഞായറാഴ്ച, സകല മരിച്ചവർക്കും വേണ്ടി റോമിലെ വിവിധ സെമിത്തേരികളിൽ വിശുദ്ധബലിയർപ്പണങ്ങൾ നടക്കുമെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു. പ്രീമ പോർത്ത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളമീനോ (Flaminio) സെമിത്തേരിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് വിശുദ്ധ ബലിയർപ്പണമുണ്ടാകും. ലൗറെന്തീനോ (Laurentino) സെമിത്തേരിയിൽ നവംബർ ഒന്ന്, രണ്ട് തീയതികളിൽ വൈകുന്നേരം നാലുമണിക്ക് വിശുദ്ധ ബലിയർപ്പണങ്ങളുണ്ടാകും. ഓസ്തിയ അന്തീക്ക (Ostia Antica) സെമിത്തേരിയിൽ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് വിശുദ്ധ ബലിയർപ്പണമുണ്ടായിരിക്കും. സാന്ത മരിയ ദെൽ കാർമിനെ (Santa Maria del Carmine) സെമിത്തേരിയിൽ, ഞായറാഴ്ച വൈകുന്നേരം മൂന്നിന് ജപമാലയെത്തുടർന്ന് വിശുദ്ധ ബലിയർപ്പണം ഉണ്ടായിരിക്കും.

ചടങ്ങുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ തങ്ങളുടെ അപേക്ഷകൾ ഇതിനായുള്ള വെബ്സൈറ്റിലൂടെ (www.press.vatican.va/accreditamenti) ചടങ്ങുകൾക്ക് 48 മണിക്കൂർ എങ്കിലും മുൻപ് സമർപ്പിക്കണമെന്ന് വികാരിയേറ്റ് ഓർമ്മിപ്പിച്ചു. 

Comments

leave a reply

Related News