ഫ്രാൻസിസ് ചമ്മണി
കേരളത്തിലെ ജലഗതാഗതത്തിന് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കറ്റമരം ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം കൊച്ചിക്കായലിൽ നീറ്റിലിറക്കി.എറണാകുളം-ഫോർട്കൊച്ചി-വൈപ്പിൻ റൂട്ടിലേക്കാണ് ആദ്യ കറ്റമരം ബോട്ട് സർവീസ് ആരംഭിച്ചത്.ജലഗതാഗത വകുപ്പിൻറെ പഴഞ്ചൻ സ്റ്റീൽബോട്ടുകൾ മാറ്റി ഫൈബറിൽ നിർമ്മിച്ച,ഇരട്ട എഞ്ചിനുകളുള്ള പുതിയ കറ്റമരം ബോട്ടുകൾ സർവീസിനിറങ്ങുന്നതോടുകൂടി ജലയാത്ര വളരെ സുരക്ഷിതമായി മാറും.
തമിഴ്‌നാട്ടിലെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ തടിക്കഷണങ്ങൾ കൂട്ടികെട്ടികൊണ്ടുള്ള കട്ടമരം യാനങ്ങളിലാണ് ഇപ്പോഴും മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്നത്അതിൻറെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ നീറ്റിലിറക്കിയ കറ്റമരം ബോട്ട്. സാധാരണ ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഹള്ളുകളാണ് ഇതിനുള്ളത്.ഓരോ ഹള്ളിലും ഓരോ എൻജിനുമുണ്ട്.മുന്നോട്ട് പോകുന്ന ഇത്തരം ബോട്ടുകൾ പെട്ടെന്ന് തിരിക്കുന്നതിനും തിരിച്ചുപോകുന്നതിനും കഴിയും.മറ്റുബോട്ടുകളെപോലെ തിരിക്കുന്നതിന് വിശാലമായ സ്ഥലമൊന്നും വേണ്ട. കൊച്ചിക്കായലിലെ വിവിധ ദ്വീപുകളിലേക്ക് ആദ്യ കാലങ്ങളിൽ സ്വകാര്യ ബോട്ടുകളാണ് ജലഗതാഗതത്തിനുണ്ടായിരുന്നത്.നല്ല മരത്തിൽ തീർത്ത വലിയ ബോട്ടുകളായിരുന്നു അവയെല്ലാം.
വൈപ്പിനിൽനിന്നു ഫോർട്ടുകൊച്ചിയിലേക്ക് എസ് എസ് കോഡറിന്റെ കമ്പനികളിലെ തൊഴിലാളികളെ കൊണ്ടുവരുവാൻ അഴിമുഖത്തിന് വിലങ്ങനെ ഒരു ബോട്ടു സർവീസ് തുടങ്ങുകയുണ്ടായി. അന്നത് സൗജന്യമായിരുന്നു.പിന്നീട് മട്ടാഞ്ചേരി മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ ചെയർമാനായിരുന്ന കെ ബി ജേക്കബ് മുൻകയ്യെടുത്തു മുനിസിപ്പാലിറ്റിയുടെ കീഴിലാക്കുകയും സൗജന്യസർവീസ് തുടരുകയുംചെയ്തു.
അങ്ങനെ
കേരളത്തിലെ ആദ്യത്തെ ദേശസാൽകൃത ഫെറി സർവീസ് ആയി മാറി ഫോർട്ട്‌കൊച്ചി-വൈപ്പിൻ ഫെറി.
കൊച്ചിക്കായലിലെതന്നെ മറ്റ് സർവീസുകളായിരുന്നു എറണാകുളം വരാപ്പുഴ ,എറണാകുളം കോട്ടപ്പുറം, ബോട്ടുകൾ.
മുളവുകാടിന്റെ കിഴക്കൻ തീരത്തുകൂടി പോയിരുന്ന വരാപ്പുഴ ബോട്ടുകൾ കായലിലെ ചെറുതും വലുതുമായ തുരുത്തുകൾക്ക് ഒരാശ്രയമായിരുന്നു.ഗോശ്രീ പാലങ്ങളും മറ്റ് അനുബന്ധ പാലങ്ങളും വരുന്നതുവരെ ഈ ബോട്ടുകൾ സർവീസിനുണ്ടായിരുന്നു.
മറ്റൊരു സർവീസായ എറണാകുളം കോട്ടപ്പുറം ബോട്ടുകൾ വൈപ്പിൻകരയുടെ കിഴക്കൻതീരത്തുകൂടി തൃശൂർ ജില്ലയിലെ കോട്ടപ്പുറത്തെത്തുമ്പോൾ മണിക്കൂറുകളെടുക്കുമായിരുന്നു.യാത്രയുടെ വിരസതയൊഴിവാക്കുവാൻ ചായക്കടകളുമുണ്ടായിരുന്ന ഈ ബോട്ടിലെ സ്ഥിരം യാത്രക്കാരിൽ ചിലർ ചീട്ടുകളിയും നടത്താറുണ്ട്.ഡബ്ബിൾ ഡക്കർ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു.ഇങ്ങനെയുള്ള ബോട്ട് യാത്രയിൽ വലിയ ഒരു സൗഹൃദ കൂട്ടായ്മകളും നിലനിന്നിരുന്നു.52 ബോട്ടുകളാണ് ഇവിടെ സർവീസിനുണ്ടായിരുന്നത്. തൃശൂർ ജില്ലയിലെ കോട്ടപ്പുറംചന്തയെയും എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി,എറണാകുളം ചന്തകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ സർവീസ് അക്കാലത്തു ഒരനുഗ്രഹമായിരുന്നു. വൈപ്പിൻ കരയിലെ ചെറായിയിൽ നിന്ന് പറവൂർക്ക് പാലം വന്നതോടുകൂടി വേലിയേറ്റസമയത്ത് പാലത്തിനടിയിൽകൂടി ബോട്ടുകൾ കടന്നുപോകുവാൻ കഴിയാതായതോടെ ബോട്ടുകൾ ഓരോന്നായി സർവീസ് നിറുത്തി.അപ്പോഴേക്കും വൈപ്പിനിൽനിന്ന് മുനമ്പത്തേക്കും പറവൂർക്കും ബസ് സർവീസും ആരംഭിച്ചുകഴിഞ്ഞു. അതോടെ വൈപ്പിൻകരയിലെ ജനങ്ങൾ ബോട്ടുയാത്രകൾ ഉപേക്ഷിക്കുകയും ചെയ്തു.പിന്നീട് ചാത്തനാട്ടേക്ക് ബോട്ടുകൾ ഓടിയെങ്കിലും അതിൽ യാത്രക്കാർ രാവിലെയും വൈകുന്നേരവും മാത്രമേ യുണ്ടായിരുന്നുള്ളൂ. അതിനിടെ,വൈപ്പിൻകരയിൽ ബസ് സർവീസ് ആരംഭിച്ചതോടുകൂടി എറണാകുളത്ത് നിന്ന് വല്ലാർപാടം വഴി മുരിക്കുംപാടത്തേക്ക് കെ എസ് ആർ ടി സി ബോട്ടുകളും ഓടുവാൻ തുടങ്ങി. എഴുപതുകളുടെ മദ്ധ്യത്തോട്ടുകൂടി മറൈൻ ഡ്രൈവ് നിർമ്മാണത്തോടനുബന്ധിച്ചു നടന്ന ഡ്രെജിങ് വല്ലാർപാടവും തൊട്ടടുത്ത വിമാനദ്വീപും കൂട്ടിയോജിപ്പിക്കപ്പെട്ടു. മുരിക്കുംപാടത്തുനിന്ന് ഫെറി വൈപ്പിനിലേക്ക് മാറ്റി. വല്ലാർപാടത്തുകാർക്ക് എറണാകുളത്തുനിന്ന് നേരിട്ട് സർവീസ് ആരംഭിച്ചു.വൈപ്പിനിൽ നിന്ന് പോകുന്ന ബോട്ടുകൾ വില്ലിങ്ടൻ ഐലൻഡിലെ എംബാർക്കേഷൻ ജെട്ടിയിൽ അടുക്കുവാൻ തുടങ്ങിയതോടെ കൊച്ചി തുറമുഖത്തിലെയും അനുബന്ധസ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ഒരു പുതിയ യാത്രമാർഗ്ഗം തുറന്നുകിട്ടി. പിന്നീട് കിൻകോ ബോട്ടുകൾ മുരിക്കുംപാടത്തുനിന്ന് എറണാകുളത്തേക്ക് ആരംഭിച്ചു.സർവീസ് വിജയമാണെന്ന് മനസ്സിലാക്കിയ കിൻകോ വൈപ്പിനിൽനിന്നുകൂടി സർവീസ് തുടങ്ങി. എഴുപതുകളിൽത്തന്നെ വൈപ്പിനിൽനിന്ന് കൊച്ചിയിലേക്ക് നഗരസഭ ജങ്കാർ സർവീസും ആരംഭിച്ചു.പിന്നീട് കിൻകോയും വൈപ്പിനിൽനിന്ന് എറണാകുളത്തേക്ക് ജങ്കാർ സർവീസ് തുടങ്ങി.ഗോശ്രീപാലം വന്നതോടുകൂടി കിൻകോയുടെ ബോട്ടും ജങ്കാറും നിറുത്തിവച്ചു. ഫോർട്ട്‌കൊച്ചിയിലേക്ക് ആധുനിക റോൾ ഓൺ റോൾ ഓഫ് (റോറോ)ജങ്കാറായതോടെ യാത്ര കൂടുതൽ സുരക്ഷിതമായി.
കായലിലൂടെയുള്ള ഈ ബോട്ടൂയാത്ര ഒട്ടേറെ അനുഭവങ്ങളാണ് ഓരോരുത്തർക്കും നൽകിയിട്ടുള്ളത്. രാത്രികാലങ്ങളിൽ വിദഗ്ദ ചികിത്സകിട്ടാതെ പലരുടെയും ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഗർഭിണികൾ ബോട്ട് ജെട്ടിയിലും ബോട്ടിലുമായി പ്രസവിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. എല്ലാത്തിനുംപുറമെ വലിയൊരു സൗഹൃദ കൂട്ടായ്മയായിരുന്നു ഓരോ ബോട്ടൂയാത്രയും. വൈപ്പിന്കരയിൽ നടന്നിട്ടുള്ള ഒട്ടേറെ സമരങ്ങൾക്ക് കാരണമായ ചർച്ചകൾ നടന്നിട്ടുള്ളത് ഇത്തരം ബോട്ട് യാത്രകളിലായിരുന്നു. പാലവും വികസനവും വന്നപ്പോൾ ഇത്തരം കൂട്ടായ്മകളും സഹൃദങ്ങളും
നഷ്ടപ്പെട്ടു.
Comments