Foto

ഇറാഖില്‍ സ്‌നേഹ മുദ്ര ചാര്‍ത്തി, ശാന്തി വിതച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സുരക്ഷാ ഭീഷണികള്‍ ഗൗനിക്കാതെ ഇറാഖ് സന്ദര്‍ശനം വജയകരമാക്കിയ
മാര്‍പാപ്പയെ വീര പരിവേഷം ചാര്‍ത്തി അഭിനന്ദിച്ച് അറബി മാധ്യമങ്ങള്‍

 

ചരിത്രത്തില്‍ കേവല ഇടം നേടിയിരിക്കുകയല്ല ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും ചരിത്രത്തെ കൈപ്പിടിയിലൊതുക്കുന്ന ശൈലിയാണദ്ദേഹത്തിന്റേതുമെന്ന നിരീക്ഷണവുമായി അറബി ലോകത്തെ വിവിധ മാധ്യമങ്ങള്‍. കോവിഡ്, യുദ്ധ ഭീഷണികള്‍ക്കിടയിലെ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അതീവ പ്രധാന്യത്തോടെയാണ് രാജ്യാന്തര സമൂഹം വിലയിരുത്തിയതെങ്കില്‍ വീര പരിവേഷം കൂടി ചാര്‍ത്തി നല്‍കി കത്തോലിക്കാ സഭയുടെ അമരക്കാരന് മാധ്യമലോകം.

മറഞ്ഞുനിന്ന സുരക്ഷാ ഭീഷണികള്‍ക്കിടെയാണ് ഐതിഹാസികമായ ഇറാഖിലെ പേപ്പല്‍ പര്യടനം തിങ്കളാഴ്ച പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്. മാര്‍പാപ്പായായതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പാപ്പ നടത്തുന്ന 33 ാം വിദേശ സന്ദര്‍ശനമായിരുന്നു ഇറാഖിലേത്.ഈ അശാന്ത ഭൂമിയിലെത്തിയ ആദ്യ മാര്‍പാപ്പയുടെ സംരക്ഷണത്തിനു മാത്രമായി പതിനായിരം ഇറാഖി സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരുന്നത്.

അപ്പോസ്തലന്മാരുടെ കാലം മുതല്‍ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇറാഖി ക്രൈസ്തവരുടെ പുതുതലമുറയുടെ വിശ്വാസസാക്ഷ്യത്തിന് കരുത്തേകാന്‍ പാപ്പയുടെ ആഗമനം സഹായിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. മേഖലയിലെ ക്രൈസ്തവരുടെ സഹനത്തിന്റെ ഓരോ ഘട്ടങ്ങളിലും അവിടെയെത്താന്‍ ആഗ്രഹിച്ച പാപ്പ, തന്റെ ഇടയസന്ദര്‍ശനത്തിലൂടെ അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെച്ചു.

മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ അയവു വരാന്‍ ഇട വരുത്തുന്നതായിരുന്നു പാപ്പായുടെ ഇറാഖിലെ പേപ്പല്‍ പര്യടനമെ്‌നന വിലയിരുത്തലാണ് പൊതുവെയുള്ളത്. അതിനപ്പുറമായി പാലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുമെന്ന പ്രതീക്ഷയും മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ലെബനന്‍ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ നിന്നു മടങ്ങവേ വാഗ്ദാനം ചെയ്തു.എന്നാല്‍ 'പ്രിയപ്പെട്ട രാജ്യമായ സിറിയ' സന്ദര്‍ശിക്കാനുള്ള സാധ്യതയെപ്പറ്റി അദ്ദേഹത്തിന് മൗനം പാലിക്കാനേ ആയുള്ളൂ.

ബാഗ്ദാദില്‍ നിന്ന് റോമിലേക്കുള്ള പേപ്പല്‍ വിമാനത്തില്‍ തന്നോടൊപ്പം യാത്ര ചെയ്ത 75 മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മാര്‍പ്പാപ്പ ഇറാഖി പര്യടനം മൂലം താന്‍ ശാരീകമായി വല്ലാതെ ക്ഷിണിതനാണെന്നു സമ്മതിച്ചു. മാരണൈറ്റ് സഭാ തലവന്‍ കര്‍ദിനാള്‍ ബെചാറ റായ് തന്നോട് ബെയ്റൂട്ടില്‍ വിമാനമിറക്കാന്‍ അഭ്യര്‍ത്ഥിച്ചതായി പാപ്പ വെളിപ്പെടുത്തി.എന്നാല്‍ ലെബനന്‍ പോലെ ദുരിതമനുഭവിക്കുന്ന ഒരു രാജ്യത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ അത്രയും പോരെന്ന തോന്നലാണു തനിക്കുള്ളതെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

ശനിയാഴ്ച കൂടിക്കഴ്ച നടത്തിയ  ഉന്നത ഷിയ പുരോഹിതനായ ഗ്രാന്‍ഡ് അയാത്തൊള്ള അലി അല്‍-സിസ്താനിയെ 'പ്രകാശ ഗോപുരം' എന്നും 'ജ്ഞാനം, വിവേകം, വിനയം, ബഹുമാനം എന്നിവയുള്ള വ്യക്തി' എന്നും മാര്‍പ്പാപ്പ വിശേഷിപ്പിച്ചു.'ഇറാഖിലേക്ക് വിശ്വാസത്തിന്റെയും തപസ്സുകളുടെയും തീര്‍ത്ഥാടനം നടത്തേണ്ടതും ഒരു വലിയ, ജ്ഞാനിയായ ദൈവപുരുഷനെ പോയി കാണേണ്ടതും എന്റെ കടമയായിരുന്നു. '

2015 ല്‍ യൂറോപ്പില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കി തീരത്ത് മുങ്ങിമരിച്ച സിറിയന്‍ കുട്ടിയായ അലന്‍ കുര്‍ദിയുടെ പിതാവുമായി ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മിശ്ര വികാരത്തോടെ വാചാലനായി. 'അലന്‍ കുര്‍ദി ഒരു പ്രതീകമാണ്.  കുടിയേറ്റ സമയത്ത് ജീവന്‍ പോയ ഒരു കുട്ടിയെന്നതിലധികമായി അലന്‍ കുര്‍ദി മരിക്കുന്ന നാഗരികതയുടെ പ്രതീകമാണ്, 'മാര്‍പ്പാപ്പ പറഞ്ഞു.

ആളുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയണം. കുടിയേറേണ്ട ആവശ്യമില്ലാതാകാനുള്ള അടിയന്തിര നടപടികള്‍ ആവശ്യമാണ്. അതിനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ 'ഉദാരമനസ്‌ക' രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാജ്യങ്ങള്‍ കുടിയേറ്റക്കാരെ സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തില്‍ രാജോജിത വരവേല്‍പ്പാണ് ലഭിച്ചത്. ചുവപ്പു പരവതാനി വിരിച്ച്, പരമ്പരാഗത വേഷവിധാനങ്ങളണിഞ്ഞ ഇറാഖികളുടെ ഊഷ്മളതയോടെയായിരുന്നു സ്വീകരണം. കവചിത വാഹനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട മാര്‍പാപ്പയെ ദൂരെ നിന്നു കാണാന്‍ നൂറുകണക്കിനാളുകളാണ് വഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു. അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്ന് അവിടെ നടത്തിയ ആദ്യ പ്രസംഗത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇറാഖില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് സമ്പൂര്‍ണ പൗരന്‍മാര്‍ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങളും അവകാശങ്ങളും സ്വാതന്ത്ര്യവും ഉത്തരവാദിത്വങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷിയാ ആത്മീയാചാര്യന്‍ അല്‍ സിസ്തനിയുമായി ഒരു മണിക്കൂറോളമാണ് പാപ്പാ കൂടിക്കാഴ്ച നടത്തിയത്. ഷിയാകളും സുന്നികളും തമ്മിലുള്ള പ്രശ്‌നങ്ങളും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ചര്‍ച്ചാവിഷയമായി. മറ്റെല്ലാ ഇറാഖികളെയും പോലെ സമാധാനമായ ജീവിക്കാന്‍ ക്രിസ്ത്യാനികള്‍ക്കും അവകാശമുണ്ടെന്ന് മാര്‍പാപ്പയെ സ്വീകരിച്ച അല്‍ സിസ്തനി പറഞ്ഞു.

തുടര്‍ന്ന് മാര്‍പാപ്പ പൂര്‍വ പിതാവ് അബ്രഹാമിന്റെ ജന്മസ്ഥലമായ ഊര്‍ നഗരത്തിലെ നജാഫിലെത്തി. നാസിരിയ്യയിയും സന്ദര്‍ശിച്ച ശേഷം സര്‍വമതസമ്മേളനത്തിലും പങ്കെടുത്തു.വൈകിട്ട് ബഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ചു.
രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ആവേശപൂര്‍വമാണ് ദിവ്യബലിയില്‍ പങ്കെടുത്തത്. അനുഗ്രഹിക്കപ്പെട്ടവര്‍ സമ്പന്നരും കരുത്തരുമല്ല, സഹോദരങ്ങളോട് സഹാനുഭൂതി കാണിക്കുന്നവരാണെന്ന് മാര്‍പാപ്പ പറഞ്ഞു.

മുഴുവന്‍ സഭയ്ക്കും ലഭിച്ച ആലിംഗനമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന് കുര്‍ബാനയില്‍ പങ്കെടുത്ത പാത്രിയര്‍ക്കാ കര്‍ദിനാള്‍ ലൂയി റാഫേല്‍ ഐ സാകോ പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന ദുരവസ്ഥയെയും അദ്ദേഹം പരാമര്‍ശിച്ചു. അക്രമവും വിദ്വേഷവും തീവ്രവാദവും മതത്തോടു ചെയ്യുന്ന ചതിയാണ്. അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും രീതി അവസാനിപ്പിക്കണമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു.

സന്ദര്‍ശനത്തിന്റെ മൂന്നാംദിവസമായിരുന്ന ഞായറാഴ്ച രാവിലെ ഇര്‍ബിലില്‍ എത്തിയ മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളില്‍ സന്ദര്‍ശനം നടത്തി. തീവ്രവാദത്തിനും യുദ്ധങ്ങള്‍ക്കും ഇരയായവര്‍ക്കായി പ്രാര്‍ഥിക്കാന്‍ മൊസ്യൂളിലെ വിഖ്യാതമായ ചര്‍ച്ച് സ്‌ക്വയര്‍ അഥവാ 'ഹോഷ് അല്‍ ബിയ' പാപ്പാ സന്ദര്‍ശിച്ചു. നാല് പുരാതന ക്രൈസ്തവ ദൈവാലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന ഇവിടം നിലവില്‍ തകര്‍ക്കപ്പെട്ട ഭൂമിയാണ്. ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത നാല് ദൈവാലയങ്ങളും ഇതുവരെ പുനരുദ്ധരിക്കപ്പെട്ടിട്ടില്ല. പാപ്പയുടെ പാദസ്പര്‍ശനമേറ്റതിലൂടെ ഉയിര്‍പ്പ് ദിനങ്ങളിലേക്ക് ഇവിടം പ്രവേശിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ഇറാഖിലെ ക്രൈസതവര്‍.

ഇറാഖിലെത്തിയ പാപ്പയുടെ സന്ദര്‍ശനത്തിനു കേരളത്തില്‍ നിന്നും ഇറാഖില്‍ സേവനം ചെയ്യുന്ന സിഎംസി സന്യാസിനികളും സാക്ഷ്യം വഹിച്ചു.എര്‍ബിലിലെ ഫ്രാന്‍സോ ഹരീരി ഫുട്‌ബോള്‍ സ്‌റേറഡിയത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖി വിശ്വാസികള്‍ക്കായി ദിവ്യബലിയര്‍പ്പിച്ചു. ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ അനേകായിരങ്ങള്‍ പങ്കുകൊണ്ടു.

ഇറാഖില്‍നിന്ന് വത്തിക്കാനില്‍ തിരിച്ചെത്തിയ ഉടന്‍ ഫ്രാന്‍സിസ് പാപ്പ ആദ്യം പോയത് ദൈവമാതാവിന്റെ സന്നിധിയിലേക്കായിരുന്നു. നന്ദിയുടെ പൂച്ചെണ്ടുമായി ഫ്രാന്‍സിസ് പാപ്പ മരിയ മജോരെ ബസിലിക്കയിലെത്തി. മേരി മേജര്‍ ബസിലിക്കയിലെ, 'റോമന്‍ ജനതയുടെ സംരക്ഷക' (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയന്‍ സ്വരൂപത്തിന് മുന്നില്‍ ഇറാഖില്‍നിന്ന് കൊണ്ടുവന്ന പൂച്ചെണ്ട് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലത്തേക്ക് പോയത്.അപ്പസ്തോലിക യാത്രകള്‍ ആരംഭിക്കും മുമ്പും പൂര്‍ത്തിയാക്കിയ ശേഷവും ഫ്രാന്‍സിസ് പാപ്പ മരിയന്‍ സന്നിധിയില്‍ കൃതജ്ഞതാര്‍പ്പണത്തിന് എത്തുന്ന പതിവുണ്ട്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News