2016ലെ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സർക്കാർ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മാരക ലഹരികൾക്കും മാഫിയകൾക്കുമെതിരേ സംസ്ഥാനസർക്കാർ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് സമ്പൂർണ പിന്തുണയും സഹകരണവും അറിയിക്കുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശനുള്ള തുറന്ന കത്തിൽ സമിതി വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച് സർക്കാരിൻ്റെ ശ്രദ്ധയിലേക്കുള്ള വിവിധ നിർദേശങ്ങളാണ് കത്തിൻ്റെ ഉള്ളടക്കം. മദ്യവും ലഹരിയും മനുഷ്യസമൂഹത്തിൻ്റെ സമസ്‌തമേഖലകളിലും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ മദ്യശാലകളൊന്നും തുടങ്ങരുത്. ഓരോ വർഷവും ബെവ്കോ-കൺസ്യൂമർഫെഡ് ഔട്ട് ലറ്റുകൾ പത്തു ശതമാനം വീതം നിർത്തലാക്കണം. നിലവിലുള്ള മദ്യശാലകളുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ വൈകുന്നേരം ഏഴു വരെയാക്കി ചുരുക്കണം.
കള്ളുഷാപ്പുകൾ, വിദേശമദ്യ ഷോപ്പുകൾ, ബാർ, ബിയർ, വൈൻ പാർലറുകൾ എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധിച്ചട്ടം പുനഃസ്ഥാപിക്കണം. മദ്യശാലകളുടെമേൽ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകൾ പുനഃസ്ഥാപി ക്കണം. ലഹരിവിരുദ്ധ ബോധവത്കരണത്തിന് ബിവറേജസ് കോർപറേഷൻ്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് നിർത്തലാക്കണം. ബോധവത്കരണ കാര്യങ്ങൾക്ക് മറ്റു സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കണം.
പിണറായി സർക്കാർ രൂപീകരിച്ച വിമുക്തി മിഷൻ പരാജയമായതിനാൽ അതു പിരിച്ചുവിട്ട് ആന്‍റി നാർക്കോട്ടിക് കോർപറേഷൻ രൂപീകരിക്കണം. ബോധവത്കരണ പരിപാടികളിൽ മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കെസിബിസിയുടെ ലഹരിവിരുദ്ധ വിഭാഗത്തിന് ഉത്തരവാദിത്വം നൽകണം എന്നിവയുൾപ്പെടെ 31 നിർദേശങ്ങളാണു കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.










Comments