Foto

നെല്ലും പതിരും : നാട്ടുഭക്ഷണ വ്യവസ്ഥ

ആരാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ? സമ്പന്ന രാഷ്ട്രങ്ങളോ നഗരവാസിയോഗ്രാമീണ നോ? നമ്മളെല്ലാം സമ്പന്നനാകാനും നഗരത്തിലേക്ക് ചേക്കേറാനും അവിടുത്തെ ഭക്ഷണം കഴിക്കാനും കുതിക്കുന്നു .അല്ലെങ്കിൽ നഗരത്തെ അതിൻ്റെ ചെറിയ പതിപ്പിനെ ഗ്രാമത്തിലേക്ക് പറിച്ചുനടുന്നു .പാല് ,മുട്ട, മാംസം ഇവ ദിവസവും കഴിച്ചാൽ പോഷക സമ്പന്നമായെന്ന് നമ്മൾ വിശ്വസിക്കുന്നു .സ്കൂളിലും ഇത്തരം ഭക്ഷണമാണ് കുട്ടികൾക്കു വിതരണം ചെയ്യുന്നത് .

സമ്പന്ന രാഷ്ട്രത്തിൻ്റെ ഭക്ഷണമെന്തോ അതാണ് ആഗോളതലത്തിൽ മാതൃകാ ഭക്ഷണം .അതിലേക്ക് ലോകത്തിലെ വനവാസികളേയും ഗ്രാമീണരേയും എത്തിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും പോഷകാഹാര വിദഗ്ദ്ധരും നിർദ്ദേശിക്കുന്നത് .അങ്ങനെ ആളോഹരി മാംസം ,മുട്ട ,പാൽ ഉപഭോഗം ഉയർന്നാൽ ആ നാട് സമ്പന്നമായെന്ന് നിർദ്ദേശിക്കുന്നു .

എന്നാൽ ഫ്രാൻസിലെ പോഷകാഹാര ശാസ്ത്രജ്ഞ സാറ സോമിയൻ ഈ ഗണത്തിൽ പെടുന്നില്ല .അവർ പറയുന്നത് സമ്പന്ന  മധ്യ  വർഗ്ഗങ്ങളുടെ ഭക്ഷണം ദരിദ്രമാണെന്നാണ് .ഗ്രാമീണരുടെ പരമ്പരാഗത ഭക്ഷണത്തിലാണ് പോഷക ഗുണങ്ങളുള്ളതെന്ന് അവർ പറയുന്നു .ആധുനിക രോഗങ്ങളെ ചെറുക്കാൻ പാരമ്പര്യാധിഷ്ഠിതമായ ഭക്ഷണം കൊണ്ടു കഴിയുമെന്ന്  ഹാരിയറ്റ് കുൻലീൻ എന്ന ഗവേഷകയും പറയുന്നു .2009 ൽ ഇവർ ചേർന്ന് ഈ വിഷയത്തിൽ ഒരു പഠനം നടത്തി .

ഇന്ത്യയിലെ കിഴക്കൻ മേഖലയിലുള്ള കോന്ത് വിഭാഗക്കാർ സ്കാൻറിനേവിയയിലെ സാമി ഗോത്രങ്ങൾ കാനഡയിലെ ഹിമപ്രദേശത്തെ ഇ ന്യൂട്ടുകൾ കെനിയയിലെ മസായ് വർഗക്കാർ കിഴക്കൻ പരാഗ്വയിലെ എയ്ചുകൾ എന്നിങ്ങനെ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ കഴിയുന്നവരുടെ ഭക്ഷ്യയിനങ്ങളാണ് പരിശോധിച്ചത് .വൈവിധ്യമായ പോഷക ഘടകങ്ങളാൽ സമ്പന്നമാണ് നാട്ടുഭക്ഷണ വ്യവസ്ഥ എന്ന് അവർ പരിശോധിച്ചറിഞ്ഞു .ഓരോ വിഭാഗവും അവരുടെ പ്രദേശങ്ങളിൽ ഓരോ കാലത്തും ഏതേത് നാട്ടു വിഭവങ്ങൾ കഴിക്കുന്നു ,ഓരോ നാടിൻ്റെയും ഭക്ഷ്യ സംസ്കരണം ,പാചകം എന്നിവയെല്ലാം ആ പ0നത്തിൻ്റെ പരിധിയിൽ പെട്ടിരുന്നു .പാലും മുട്ടയും ഇറച്ചിയും മധുരവും എണ്ണയും ധാന്യവും കൊണ്ട് 3 നേരവും വയറു നിറയ്ക്കുന്ന ആധുനിക നഗര ഭക്ഷണം പോഷക ശൂന്യവും അപകടകരവുമാണെന്ന് പഴയ നാട്ടുഭക്ഷണത്തെ താരതമ്യം ചെയ്തു കൊണ്ട് വ്യക്തമാക്കുന്നു .

വനവാസിയേയും ഗ്രാമീണനേയും പോഷക ദരിദ്രനായിക്കണ്ട് അവരുടെ നാട്ടുവിഭവങ്ങളെ ഇല്ലായ്മ ചെയ്ത് പകരം അരിയും പഞ്ചസാരയും മാത്രം തീറ്റിച്ചാൽ ഒരൊറ്റ തലമുറ കൊണ്ടു തന്നെ സമൂഹത്തിൽ ശിശു മരണങ്ങൾ സംഭവിക്കും .
( ✍️അശോകകുമാർ വി.
എഴുത്തുകാരൻ , ജൈവകൃഷി - പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ. നാലു കൃതികൾ രചിച്ചിട്ടുണ്ട്. കേരളാ ജൈവകർഷക സമിതി സംസ്ഥാന സെക്രട്ടറിയാണ്. പൊന്നാനിയിൽ താമസിക്കുന്നു.)

Comments

leave a reply