കോട്ടയം അതിരൂപതയിലെ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുത്രീസംഗമം സംഘടിപ്പിച്ചു. ഇടവകയില്‍ നിന്നു വിവാഹം കഴിച്ചയച്ചവരും ഇടവകയിലേക്കു വിവാഹിതരായെത്തിയവരുമായ വനിതകളെ ഉള്‍ച്ചേര്‍ത്താണു സംഗമം സംഘടിപ്പിച്ചത്. വികാരി ഫാ. സൈമണ്‍ പുല്ലാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ക്നാനായ മാതൃത്വം സ്നേഹത്തിനും കരുണയ്ക്കും പ്രാധാന്യം കൊടുക്കുന്നതാകുമ്പോള്‍ മാത്രമേ ക്നായി തോമായും ഉറഹാ മാര്‍ യൗസേപ്പും പങ്കുവച്ച സാഹോദര്യപാതയില്‍ മുന്നേറാന്‍ നമുക്കു കഴിയുകയുള്ളൂ എന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെസ്സി ജേക്കബ്ബ്, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സൈമണ്‍ ആറുപറയില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജെയ്സി വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെയാണു സംഗമത്തിനു തുടക്കമായത്. 1897 ല്‍ സ്ഥാപിതമായ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ കര്‍മ്മപരിപാടികളാണു നടപ്പിലാക്കിവരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സംഘടിപ്പിച്ച സംഗമം വേറിട്ട കാഴ്ചയായി.
Comments