അഭിലാഷങ്ങളുടെ ആഖ്യാനത്തിലൂടെ സമൂഹം, അധികാരം, സമ്പത്ത്, ശാസ്ത്രം, ജ്ഞാനം, വിദ്യ എന്നിവയെപ്പറ്റിയെല്ലാം ചില മറു ചോദ്യങ്ങള് അനുവാചകനോടു ചോദിക്കുന്ന നോവലാണ് 'വി.ജെ ജയിംസിന്റെ ചോരശാസ്ത്രം'. പുരാവൃത്തവും ചരിത്രവും ശാസ്ത്രവും പഠിച്ച പ്രൊഫസർ ഒരു സാധാരണ കള്ളനെ മോഷണത്തിന്റെ സാങ്കേതിക വിദ്യകള് പഠിപ്പിച്ച് മഹാതസ്ക്കരനാക്കി മാറ്റുകയും ഒടുവിൽ ചോരശാസ്ത്രത്തിന്റെ നിഗൂഢപ്രമാണങ്ങൾ ലംഘിച്ച് കള്ളൻ കാലിടറിവീണ് അബദ്ധത്തില് താനേ കൊളുത്തിവിട്ട അഗ്‌നിപ്രളയത്തില് വിലയം പ്രാപിക്കുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.
നോവലില് കള്ളൻ പലതരം കെണിയിൽ അകപ്പെടുന്നു. ഒന്ന് സോഫിയാ മരിയയുടെ വീട് കള്ളന് കെണിയായിരുന്നു - രതിയുടെയും പ്രേമത്തിന്റെയും കെണി. രണ്ട് പ്രൊഫസറുടെ വീട് വാഗ്ദാനവും പ്രേരണകളും ഉൾച്ചേർന്ന ചോരശാസ്ത്രത്തിന്റെ കെണിയായിരുന്നു. നോട്ടംകൊണ്ടു പൂട്ടുതുറക്കുന്ന, എല്ലാ നിധിയറകളും കാണാന് കഴിയുന്ന കള്ളൽ ഒടുവിൽ, നേട്ടങ്ങൾ കൈക്കലാക്കി ധനവാനായിത്തീരുന്നു. ദൈവാലയം, ദേവസ്ഥാനങ്ങൾ, കുഞ്ഞുങ്ങൾ, അവരുടെ വസ്തുക്കൾ, നാല്ക്കാലികൾ, പാവപ്പെട്ടവർ എന്നിവരിൽ നിന്ന് മോഷണം അരുതെന്ന ചോരശാസ്ത്രനിയമം ലംഘിച്ച്, പട്ടർ നിധിയായി കാത്തുസൂക്ഷിച്ച സ്‌നേഹവും അതിന്റെ ഓർമ്മയും (മരിച്ചുപോയ ഭാര്യയുടെയും മകന്റെയും ഫോട്ടോ) മോഷ്ടിച്ചപ്പോൾ അയാളിൽ കുറ്റബോധം ആളിക്കത്തുകയും ജീവിതപരാജയം ഏറ്റുവാങ്ങുകയും ചെയ്തു. നോവലില് ശാസ്ത്രങ്ങളുടെ അന്തിമ നിരർത്ഥതകളിലകപെട്ടുപോകാതെ ശാന്തമായി ഉറങ്ങുവാൻ കൊതിക്കുന്ന ('എനിക്കിനി ശിശുവായാല് മതി, കള്ളാ' എന്നു പറയുന്നിടത്ത്) പ്രൊഫസർക്ക് യഥാർത്ഥജ്ഞാനം കൈവരുന്നതായി കണ്ടെത്താൽ കഴിയും. ദൈവരാജ്യം ശിശുമനസ്സിന് മാത്രം പ്രാപ്തമാണെന്നും, ശാസ്ത്രത്തിനും യുക്തിക്കും വ്യക്തികള്ക്കും സകല ദാർശനികതകൾക്കും അപ്പുറമാണെന്നും വ്യക്തമാക്കി ലോകത്തിന്റെ ഏക പ്രശ്‌നം ശിശു മനസ്സിന്റെ അഭാവമാണെന്നും സ്വാർത്ഥ ചിന്തകള് വെടിഞ്ഞ് ശിശു സഹജമായ ഭാവം കൈവരിക്കാൻ അനുവാചകരെ പ്രേരിപ്പിക്കുന്ന രചനയാണ് 'ചോരശാസ്ത്രം'.
നിധി ജ്ഞാനമുണ്ടായിട്ടും മായാബദ്ധനായ കള്ളനിൽ നിന്ന് സഹായിയായ പയ്യന് എല്ലാം മോഷ്ടിച്ചുകൊണ്ടുപോയി എന്നതിൽ കള്ളൻ ഹതാശനാകുന്നു. ഒടുവില് ഗുരു അവനെ ഉപദേശിക്കുന്നു: 'നിന്റെ അറയെക്കുറിച്ചു മാത്രം നീ ചിന്തിക്കുന്നു. ലോകത്ത് എവിടെയൊക്ക നിധി ഉണ്ടോ അതൊക്കെ നിന്റേതെന്ന് നീ അറിയാത്തതാണ് നിന്റെ പ്രശ്‌നം.' അറിവുകൊണ്ട് നേടിയ നേട്ടങ്ങള് എല്ലാം സ്വന്തം സ്വാര്ത്ഥതയ്ക്കുവേണ്ടി ഉപയോഗിച്ചപ്പോള് അയാൾക്ക് എല്ലാം നഷ്ടമായി. മനസ്സ് ക്ഷുബ്ധമാകുമ്പോൾ ആണ് ജ്ഞാനത്തിന്മേൽ മറ വീഴുന്നത് അറിയാതെപോകുന്നു ആധുനിക മനുഷ്യൻ ജന്മംകൊണ്ട് ഓരോ മനുഷ്യനും കള്ളനാണ്, പ്രപഞ്ചത്തില്‌നിന്ന് മോഷ്ടിക്കുന്ന മോഷ്ടാവ്. എല്ലാവരുമായി പങ്കുവയ്‌ക്കേണ്ട പ്രകൃതി സമ്പത്താകുന്ന നിധിയും ജ്ഞാനംകൊണ്ട് നേടിയ വിദ്യയും സ്വാര്ത്ഥതാല്പര്യത്തിനു വേണ്ടി ദുരുപയോഗിക്കപ്പെടുമ്പോള് അവിടെ അധഃപതനം സംഭവിക്കുന്നുവെന്ന് 'ചോരശാസ്ത്രം' എന്ന നോവല് ഓര്മ്മിപ്പിക്കുന്നു.
Comments