Foto

പാരിസ്ഥിതിക പ്രതിസന്ധികൾ ഏറുന്നു. കാരണം കർഷകരോ?

പാരിസ്ഥിതിക പ്രതിസന്ധികൾ ഏറുന്നു. കാരണം കർഷകരോ?

കേരളം സമാനതകളില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രകൃതി ദുരന്തങ്ങൾ വ്യാപകമായ രീതിയിൽ പതിവാകുന്നു. പ്രളയവും ഉരുൾപ്പൊട്ടലുകളും മറ്റും വളരെ അപൂർവ്വമായി ചില പ്രത്യേക ഇടങ്ങളിലും, ചില കാലങ്ങളിലും മാത്രം സംഭവിച്ചിരുന്ന ഒരു കാലഘട്ടം പിന്നിട്ട് എന്തും എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയിലേയ്ക്ക് കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ആഗോള പ്രതിഭാസം എന്നതിനപ്പുറം നമ്മുടെ നാട്ടിൽ പ്രത്യേകമായും ചില മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്ന് വ്യക്തം. അതിന്റെ കാരണങ്ങളെ ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും ഈ ദിവസങ്ങളിൽ സജീവമാണ്.

എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ളതിന്റെ ശാസ്ത്രീയവും സമഗ്രവുമായ വിശകലനങ്ങൾക്കപ്പുറം, ചില തരംതാണ പഴിചാരലുകളാണ് പലപ്പോഴും ദൃശ്യമാകുന്നത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത രൂക്ഷമായ ദുരന്തമുഖത്ത് ഒരു വലിയ സമൂഹം മുഴുവനും ആയിരിക്കുമ്പോഴും യഥാർത്ഥ കാരണങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിന് പകരം, ഇരകളായ അതേ വിഭാഗം തന്നെ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നത് വേദനാജനകമാണ്. മലയോര മേഖലകളിലുള്ള സാധാരണ ജനങ്ങളും കർഷകരുമാണ് അതിതീവ്ര മഴയും മണ്ണിടിച്ചിലും കൊണ്ടുള്ള ദുരന്തങ്ങൾ അതിന്റെ പാരമ്യത്തിൽ അഭിമുഖീകരിക്കുന്നവർ. പരിമിതമായ കൃഷിയിടങ്ങളിൽ ഉപജീവനമാർഗ്ഗം തേടുന്നവരും, സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയും കടബാധ്യതയിലൂടെയും കടന്നുപോകുന്നവരുമായ ഏറ്റവും സാധാരണക്കാരായ ഒരു വിഭാഗത്തേക്കുറിച്ച് കരുതലുള്ളവരാകുവാൻ ഇവിടുത്തെ വരേണ്യ വർഗ്ഗത്തിന് കഴിയാതെ പോകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.     

മലയോര മേഖലകളിലെ പ്രശ്നങ്ങൾക്ക് കാരണം കർഷക ജനതയോ?

വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുകളും അതിതീവ്ര മഴയും കഴിഞ്ഞ ചിലവർഷങ്ങൾക്കിടെ കേരളത്തിൽ പതിവാകുന്നതിനൊപ്പം അതിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള പലവിധ ചർച്ചകൾ സൈബർ ഇടങ്ങളിൽ മുതൽ ടിവി ചാനലുകളിൽവരെ നടന്നുവരുന്നുണ്ട്. ഇത്തരം ചർച്ചകളിൽ ആധിപത്യം പുലർത്തിവരുന്ന ഒരുവിഭാഗം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ പലതും ആശങ്കാജനകമാണ്. പരിസ്ഥിതിവാദികളെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ കാലാവസ്ഥാ വ്യതിയാനങ്ങളെയും പാരിസ്ഥിതിക പ്രതിസന്ധികളെയും ഇടുങ്ങിയ കണ്ണുകളിലൂടെ കാണുകയും മലയോരമേഖലകളിലെ കർഷക ജനതയെയും കുടിയേറ്റ കർഷകരെയും തെറ്റുകാരാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. യഥാർത്ഥത്തിൽ ഇവിടെ സംഭവിക്കുന്ന പലതിനെയും കണ്ടില്ലെന്ന് നടിക്കുകയും, തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലാത്തവരെ പഴിചാരി ബുദ്ധിജീവി ചമയുകയും ചെയ്യുന്ന അത്തരക്കാരുടെ ശൈലി അപകടകരമാണെന്ന് പറയാതെ വയ്യ.

കഴിഞ്ഞ നാളുകളിൽ പലരും പരാമർശിച്ചുകണ്ട ഒരു പേര് പ്രഫ. മാധവ് ഗാഡ്ഗിലിന്റേതാണ്. ഒരു പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമ ഘട്ടത്തിന്റെ പാരിസ്ഥിതിക അപചയവും അതിനുള്ള പ്രതിവിധികളും വിശദമായി ചർച്ച ചെയ്തിരുന്നു. ആ റിപ്പോർട്ട് അക്കാലത്ത് ചിലരുടെ ഇടപെടലുകൾ വഴിയായി വലിയ വിവാദമായി മാറുകയും, പൊതുജനമധ്യത്തിൽ - പ്രത്യേകിച്ച് മലയോരമേഖലകളിലെ കർഷകർക്കിടയിൽ - കനത്ത ആശങ്കകൾ രൂപപ്പെടുത്തുകയുമുണ്ടായിരുന്നു. അക്കാലം മുതൽ, പശ്ചിമഘട്ട മേഖലയിൽ അധിവസിച്ചുവരുന്ന കർഷക ജനതയാണ് പാരിസ്ഥിതിക പ്രതിസന്ധികൾക്ക് പിന്നിലെന്ന് ഗാഡ്ഗിൽ റിപ്പോർട്ട് വിലയിരുത്തുന്നതായും, റിപ്പോർട്ടിൽ പറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കപ്പെട്ടാൽ കർഷകർ കുടിയിറക്കപ്പെടുമെന്നുമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഇപ്പോഴും പലരും കരുതുന്നത് അപ്രകാരമാണെങ്കിലും അത് വാസ്തവമല്ല.

യഥാർത്ഥത്തിൽ, കർഷകർക്ക് ആവശ്യമായ പിന്തുണ നൽകിക്കൊണ്ട് അവരിലൂടെ പശ്ചിമഘട്ടത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടണമാണെന്നതായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട് മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിലൊന്ന്. പരിസ്ഥിതിയുടെ സംരക്ഷണത്തെ പ്രതി കൃഷിരീതികളിൽ മാറ്റം വരുത്തുന്ന പക്ഷം കർഷകർക്ക് വരുമാനക്കുറവ് ഉണ്ടാകുന്നെങ്കിൽ അത് സർക്കാർ പരിഹരിക്കണമെന്നും, കർഷകർ പരിരക്ഷിക്കുന്ന വൃക്ഷങ്ങൾ, അവർ കൃഷിക്കായി ഉപയോഗിക്കുന്ന നെൽപ്പാടങ്ങൾ തുടങ്ങിയവ പ്രകൃതിക്ക് നൽകുന്ന സംഭാവനകളെ പരിഗണിച്ച് കർഷകർക്ക് കാർബൺ ക്രെഡിറ്റ് (പണമായി) നൽകണമെന്നും ഗാഡ്ഗിൽ ശുപാർശ ചെയ്തിരുന്നു. ഒരു മികച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും, കർഷകരുടെ മനസും നന്മയും മനസിലാക്കാൻ കഴിവുള്ളയാളുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ മുന്നോട്ടുവച്ച ചില ആശയങ്ങൾ പ്രത്യക്ഷത്തിൽ കർഷകർക്ക് വെല്ലുവിളിയാണെന്ന് തോന്നുമായിരുന്നെങ്കിലും അത്യാവശ്യംവേണ്ട പരിഷ്കരണങ്ങളോടെ ശരിയായ വിധത്തിൽ നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ പശ്ചിമഘട്ട മേഖല കാർഷിക സൗഹൃദ മേഖലയായി ഭാവിയിൽ അറിയപ്പെടുമായിരുന്നു.

എന്നാൽ, ഇന്ത്യയിലെ രാഷ്ട്രീയ - ഉദ്യോഗസ്ഥ സംവിധാനങ്ങൾ കർഷകരോട് വേണ്ടത്ര അനുഭവം പുലർത്തുന്നില്ല എന്ന ബോധ്യത്തിന്റെ വെളിച്ചത്തിൽ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കപ്പെട്ടാൽ അത് കർഷക ജനതയോട് നീതിപുലർത്തിക്കൊണ്ടാവില്ല എന്ന ചിന്തയാണ് മുഖ്യമായും എതിർപ്പുകൾക്ക് ഇടയാക്കിയത്. ഗാഡ്ഗിൽ കർഷകരെ തള്ളിപ്പറയുന്നില്ല എന്നത് ആ റിപ്പോർട്ട് നേരിട്ട് പരിശോധിച്ചിട്ടുള്ളവർക്ക് വ്യക്തതയുള്ള കാര്യമാണ്. അതേസമയം, പശ്ചിമഘട്ട - മലയോര മേഖലയിലുള്ള പരിധിവിട്ട നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം തുടങ്ങിയവ നിയന്ത്രിക്കപ്പെടണമെന്ന് ഗാഡ്ഗിൽ റിപ്പോർട്ട് കർശനമായി നിർദ്ദേശിച്ചിരുന്നു. യഥാർത്ഥത്തിൽ പശ്ചിമഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാർഷികേതര അധിനിവേശങ്ങൾക്കും മാഫിയകൾക്കുമാണ് ഗാഡ്ഗിൽ റിപ്പോർട്ട് യഥാർത്ഥ ഭീഷണി ആയിരുന്നത്. എന്നാൽ, അത്തരം വിഷയങ്ങൾ അന്നും ഇന്നും ചർച്ച ചെയ്യപ്പെടുന്നില്ല.

ഒരു പതിറ്റാണ്ടിന് ഇപ്പുറവും പ്രൊഫ. ഗാഡ്ഗിലിന്റെ പേരുപയോഗിച്ച് കർഷക വിരുദ്ധത പ്രചരിപ്പിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട സാഹചര്യത്തിൽ, വിഷയത്തെ വഴിമാറ്റിവിടാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഈ കാലത്ത് ഉത്തരവാദിത്തപൂർണ്ണമായി അത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകണം. ശരിയായ പദ്ധതികൾ തയ്യാറാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള സുസ്ഥിരമായ നടപടിക്രമങ്ങൾക്കാണ് സർക്കാർ ഈ ഘട്ടത്തിൽ മുൻകൈയ്യെടുക്കേണ്ടത്.

പരിസ്ഥിതിയെക്കുറിച്ചുള്ള "അമിത ആശങ്കയും" ഒപ്പമുള്ള അശ്രദ്ധയും

ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം എല്ലാ ലോകരാജ്യങ്ങളും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളിയാണ്. അതിന്റെ ഭാഗമായ പാരിസ്ഥിതിക പ്രതിസന്ധികളിൽനിന്ന് ആരും വിമുക്തരല്ല. അതിന്റെ ശാശ്വത പരിഹാരത്തിന് ഒരേ മനസോടെയുള്ള കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യം. ഐക്യരാഷ്ട്ര സഭയും, IUCN (International Union for Conservation of Nature) പോലുള്ള ഏജൻസികളും, നിരവധി എൻജിഒകളും ഈ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങി പ്രവർത്തിച്ചുവരുന്നു. ഈ മേഖലയിൽ നല്ല ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന അനേകം സംഘടനകൾക്കും പരിസ്ഥിതിപ്രവർത്തകരായ വ്യക്തികൾക്കും ഒപ്പം, നിഗൂഢമായി സ്ഥാപിത താല്പര്യങ്ങളോടെ ഇടപെടുന്നവരും സുലഭമായുണ്ട്. നമുക്കിടയിൽ നടക്കുന്ന ചർച്ചകളിൽ യഥാർത്ഥ വിഷയങ്ങളെ മറച്ചുവച്ച് കർഷകരെയും സാധാരണക്കാരെയും പ്രതിക്കൂട്ടിൽ നിർത്തുന്നവരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നത് അതിന് തെളിവാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള മാനത്തിനപ്പുറം പ്രാദേശികമായ ചില വശങ്ങൾക്കൂടിയുണ്ട്. അതീവ പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടം ഉൾപ്പെടുന്ന കേരളത്തിലെ പ്രകൃതിയിലുള്ള ഇടപെടലുകൾ സൂക്ഷ്മതയോടെ ക്രമീകരിക്കപ്പെടേണ്ടതുണ്ട്. ബന്ധപ്പെട്ട കേന്ദ്ര - കേരള സർക്കാർ വകുപ്പുകളാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത്. വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകളും ആശയപ്രകടനങ്ങളും പൊതുജനത്തിന് ശരിയായ അവബോധം നൽകുന്നതോടൊപ്പം സർക്കാർ സംവിധാനങ്ങളെ സഹായിക്കുകയും ചെയ്യും എന്നതിനാൽ ഇക്കാര്യങ്ങളിൽ പൊതുമാധ്യമങ്ങൾ കുറേകൂടി ആർജ്ജവം പ്രകടിപ്പിക്കുകയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും മുതലെടുപ്പുകൾ നടത്തുകയും ചെയ്യുന്നവരെ അകറ്റി നിർത്തുകയും വേണം.   

യഥാർത്ഥ ഭീഷണികൾ

മലയോര മേഖലയിലെ കർഷക സമൂഹത്തിന് എതിരായി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇതേ കാലഘട്ടത്തിൽ തന്നെയാണ്, അന്താരാഷ്ട്ര നിയമങ്ങളെയും നയങ്ങളെയും കാറ്റിൽപ്പറത്തി ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷെ മലയോര മേഖലകളിലെ പരിസ്ഥിതി നിയമ ലംഘനങ്ങളെക്കാൾ ഗൗരവതരമാണ് കടലിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താനിടയാകുന്ന ഇടപെടലുകൾ എന്നിരിക്കിലും ഈ വിഷയത്തിൽ പ്രമുഖ പരിസ്ഥിതിവാദികൾ ദുരൂഹമായ മൗനം പാലിക്കുകയാണ്. ലോകമെമ്പാടും ആശങ്ക പടർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രധാന കാരണം സമുദ്രത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. കടലിൽ കാർബണും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതും, കടൽ കയ്യേറി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതും, തീരക്കടൽ, ഉൾക്കടൽ ഖനനങ്ങളും തുടങ്ങി പലതും കടലിന്റെ സ്വാഭാവികാന്തരീക്ഷത്തെ തകർത്തുകഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ, കൂടുതൽ ശക്തമായ നടപടികൾ സ്വീകരിച്ച് കടലിനെ സംരക്ഷിച്ച് പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുന്നതിനെക്കുറിച്ച് ലോകം മുഴുവൻ ഗൗരവമായ ചർച്ചകളിൽ മുഴുകുമ്പോഴാണ് കടലിന്റെ സാമ്പത്തിക സാദ്ധ്യതകൾ മുഴുവൻ നിരുപാധികം സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.     

മലയോര മേഖലകളിൽ അശാസ്ത്രീയമായി പ്രവർത്തിച്ചുവരുന്ന വൻകിട ക്വാറികളുടെ കാര്യത്തിലും വ്യവസായ വാണിജ്യ നിർമ്മിതിയുടെ കാര്യത്തിലും ഏറിയ പങ്ക് പരിസ്ഥിതി പ്രവർത്തകർക്കും കാര്യമായ ആശങ്കകൾ കാണാറില്ല എന്നുള്ളതാണ് വാസ്തവം. മനുഷ്യന്റെ കാലാനുസൃതമായ പുരോഗതിക്ക് ആനുപാതികമായി ശാസ്ത്രീയവും സന്തുലിതവുമായ രീതിയിൽ പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്നത് യുക്തമാണ്. എന്നാൽ, കേരളത്തിന്റെ പശ്ചാത്തലത്തിൽ അപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിലയിരുത്താനാവില്ല. ഉദാഹരണത്തിന്, പുഴയിൽനിന്നുള്ള മണൽ വാരൽ ശാസ്ത്രീയമായിരിക്കണം. പുഴയുടെ ഒഴുക്ക് സ്വാഭാവികമായി നിലനിൽക്കാൻ അമിതമായി അടിഞ്ഞുകൂടുന്ന മണൽ മാറ്റേണ്ടതും ആവശ്യമാണ്. ഇത്തരത്തിൽ അസംസ്കൃത വസ്തുക്കൾ പ്രകൃതിയിൽനിന്ന് ശേഖരിക്കുന്നതിന് ശരിയായ പോളിസികൾ ആവശ്യമുണ്ട്. അത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ സമീപനങ്ങൾ ഇല്ലാതെവരുന്നത് പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. യഥാർത്ഥത്തിൽ പരിസ്ഥിതി പ്രവർത്തകർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ അവർ മുഖ്യമായും ആശങ്കപ്പെടേണ്ടത് ഇത്തരം വിഷയങ്ങളിലാണ്. മാധ്യമങ്ങൾ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടതും ഇത്തരം വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ടാവണം.  

പരിസ്ഥിതി സംരക്ഷണത്തിന്റെയും മനുഷ്യ ജീവനുകളുടെ സുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നിലപാടാണ് എക്കാലത്തും കത്തോലിക്കാ സഭയ്ക്കുള്ളത്. അതത് കാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഔദ്യോഗിക പ്രബോധനങ്ങളിലൂടെ അത് വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ലോക ജനത നേരിടുന്ന വിവിധ ദുരന്തങ്ങളിൽ അവരുടെ പക്ഷം ചേർന്നും ഒരുപോലെ ശക്തമായി വാദിക്കുന്ന ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ വ്യക്തവും ദൃഢവുമായ നിലപാടുകളുടെ ആൾരൂപമാണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത ദുരിതങ്ങളിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ ജനലക്ഷങ്ങളോടുള്ള കേരളകത്തോലിക്കാ സഭയുടെ മനോഭാവവും വ്യത്യസ്തമല്ല. പരിസ്ഥിതിയുടെ പേരിൽ മനുഷ്യജീവിതങ്ങളെയോ, മനുഷ്യന്റെ സ്വാർത്ഥതയുടെ പേരിൽ പ്രകൃതിയെയോ വിലകുറച്ചുകാണുന്ന രീതികളെ തള്ളിക്കളഞ്ഞ് സന്തുലിതാവസ്ഥയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന കൂട്ടായ്മയായി പ്രസ്ഥാനങ്ങളും വ്യക്തികളും ഒരുമിക്കുകയാണ് ഇപ്പോഴുള്ള പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഏക മാർഗ്ഗം.

 

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി, ഔദ്യോഗിക വക്താവ് കെ സി ബി സി
ഡയറക്ടര്‍ പി ഒ സി

Foto
Foto

Comments

leave a reply