വെള്ളപ്പൊക്കം വന്നാലും കുഴൂർ ഗ്രാമം കുലുങ്ങില്ല,
കാരണം ചന്ദ്രന്റെ വഞ്ചി റെഡി
കുഴൂർ: ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയാലും കുഴൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡുകാർ കട്ടയ്ക്ക് പിടിച്ചുനിൽക്കും. കാരണം, ഈ ഗ്രാമത്തിന് രക്ഷപ്പെടാൻ ഒരു വഞ്ചി റെഡിയാണിപ്പോൾ. വഞ്ചി സ്വന്തമായി വാങ്ങി സൂക്ഷിച്ചിരിക്കുന്നത് ചന്ദ്രൻ കുന്നപ്പിള്ളി. തിരുമുക്കുളം സഹകരണ ബാങ്കു പ്രസിഡന്റ് ആയ ചന്ദ്രൻ റിട്ടയേർഡ് അദ്ധ്യാപകനാണ്.
കുഴൂർ തൃശൂർ ജില്ലയിലാണ്. തൊട്ടടുത്താണ് കരുണാകരന്റെ പേരുകൊണ്ട് പ്രസിദ്ധമായ മാള. കുഴൂരിനടുത്ത് കുണ്ടൂർ, ആലമറ്റം, തിരുത്ത, ഐരാണിക്കുളം, തിരുമുക്കുളം തുടങ്ങിയ ഗ്രാമങ്ങൾ. പണ്ട് കുണ്ടൂരിലേക്ക് പറവൂരിൽനിന്ന് ബോട്ട് സർവ്വീസുണ്ടായിരുന്നു. ഇപ്പോഴില്ല. കുഴൂരിനക്കരെ കണക്കൻകടവ്, കുത്തിയതോട് ഗ്രാമങ്ങൾ. കുഴൂരിന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ആകെ മുങ്ങി. ഈ ഗ്രാമങ്ങളിലൊന്നും വഞ്ചിയില്ല. കാരണം വെള്ളപ്പൊക്കം വന്നാലല്ലേ വഞ്ചിയിറക്കാൻ പറ്റൂ. അതുകൊണ്ട് വഞ്ചി ഈ ഗ്രാമങ്ങളിലൊന്നുമില്ല.
''കഴിഞ്ഞ പ്രളയത്തിൽ എന്റെ ഭാര്യയ്ക്ക് രോഗം ഗുരുതരമായപ്പോൾ, ആശുപത്രിയിലെത്തിക്കാൻ ഒരു കൊച്ചുവഞ്ചിയെ ആശ്രയിക്കേണ്ടിവന്നു. അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചതാണ് ഒരു വഞ്ചി സ്വന്തമായി വാങ്ങാൻ.'' ചന്ദ്രൻ പറയുന്നു.
കുഴൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ചന്ദ്രൻ താമസിക്കുന്നത്. ചന്ദ്രന്റെ ഭാര്യ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചാലക്കുടിപ്പുഴ കരകവിഞ്ഞാൽ കുഴൂരിൽ 180-ഓളം കുടുംബങ്ങൾ നടുപ്പുഴയിലാകും. ഇവിടെ വഞ്ചിയോ വള്ളമോ ഒന്നുമില്ല. വള്ളം വേണമെങ്കിൽ കുത്തിയതോട്ടിലോ കണക്കൻകടവിലോ പോകേണ്ടിവരും. അവിടെനിന്ന് വള്ളം തുഴഞ്ഞ് കുഴൂരിലെത്താൻ ഒരു മണിക്കൂറിലേറെ വേണം. അപ്പോഴേയ്ക്കും പ്രളയ ജലത്തിൽ കുടുംബങ്ങൾ പെട്ടുപോയെന്നുവരും. വഞ്ചിയുണ്ടെങ്കിൽ പ്രളയം വരുന്നതിനുമുമ്പേ ദുരിതബാധിതരെ താരതമ്യേന ഉയർന്ന ഐരാണിക്കുളം, തിരുമുക്കുളം എന്നീ പ്രദേശങ്ങളിലേക്ക് മാറ്റാൻ കഴിയും.
ചാലക്കുടിപ്പുഴയിലേക്ക് കുഴൂരിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ടെങ്കിലും, നിരപ്പായ സ്ഥലമായതിനാൽ പ്രളയജലത്തിന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് ഇരമ്പിയെത്താൻ കഴിയും.
ചന്ദ്രൻ വഞ്ചി വാങ്ങിയത് വടക്കൻ പറവൂർ ഏഴിക്കരയിൽനിന്നാണ്. 40,000 രൂപയാണ് വില. റോഡ് മാർഗ്ഗം വീട്ടിലെത്തിച്ച വള്ളം സൂക്ഷിക്കാൻ ഒരു ഷെഡ്ഡും നിർമ്മിച്ചു. കൂടാതെ കണക്കൻകടവിൽനിന്ന് വള്ളപ്പണിക്കാരെ കൊണ്ടുവന്ന് വഞ്ചിക്ക് കശുവണ്ടിനെയ്യും മറ്റും അടിച്ച് കുട്ടപ്പനാക്കി. ഇതിനും വേണ്ടിവന്നു അയ്യായിരം രൂപ.
2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ നിരവധി കുടുംബങ്ങൾക്ക് വൻ നാശനഷ്ടമുണ്ടായ കാര്യം ചന്ദ്രൻ അനുസ്മരിച്ചു. കുറേ കന്നുകാലി ഫാമുകൾ തകർന്നു. പശുക്കൾ ഒലിച്ചുപോയി. മൊത്തം ഒമ്പതാം വാർഡിൽ മാത്രം 42 പശുക്കൾ ചത്തു. മൂന്ന് വീടുകൾ തകർന്നു. ഈ നാശനഷ്ടങ്ങളെല്ലാം സർക്കാർ സഹായത്തോടെ മറികടക്കാൻ കുഴൂർ ഗ്രാമത്തിനു കഴിഞ്ഞു. പക്ഷെ, മനുഷ്യജീവനുകൾക്ക് പകരംവയ്ക്കാൻ ഒന്നിനും കഴിയില്ലല്ലോ. അതുകൊണ്ട്, ആപത്ത് വരുന്നതിനു മുമ്പേ കരുതലെടുക്കാൻ ചന്ദ്രൻ മനസ്സിൽ ആഗ്രഹിച്ചതുകൊണ്ടാണ് വഞ്ചി വാങ്ങാൻ പ്രേരണയായത്.
ചന്ദ്രന്റെ വീട് അൽപ്പം ഉയർന്ന സ്ഥലത്താണ്. അടുത്തുള്ള വീട്ടുകാർ താമസിക്കുന്നത് താഴ്ന്ന പ്രദേശങ്ങളിലും. അതുകൊണ്ട് വെള്ളം പൊങ്ങുന്ന സ്ഥലത്തേയ്ക്ക് വഞ്ചി സുരക്ഷിതമായി എത്തിക്കാൻ കാറിന്റെ ടയറുകൾ ഘടിപ്പിച്ച നീളൻ ട്രോളിയും ഇവിടെ റെഡി.
ഫ്രാൻസിസ് പാപ്പാ എപ്പോഴും ഊന്നൽ നൽകുന്നത് പൊതു നന്മയെന്ന ലക്ഷ്യം എല്ലാവരും മറക്കുമ്പോൾ, സമൂഹജീവിതം പൊതുവേ 'അവനവൻ കടമ്പ'യായി മാറുമ്പോൾ, ഒരു നാടിനെ ചേർത്തുപിടിച്ച് ജീവിക്കുകയാണ് ചന്ദ്രൻ കുന്നപ്പിള്ളി. ചന്ദ്രൻ സി.പി.എം. പ്രാദേശിക നേതാവാണ്. അതുകൊണ്ട്, ചന്ദ്രനൊരു റെഡ് സല്യൂട്ട് !
ആന്റണി ചടയംമുറി
Video Courtesy : ANTAPPAN VLOGS
Comments