Foto

സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്‍റ്

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ വൈസ് പ്രസിഡന്റായി കാർമലൈറ്റ് സന്യാസിനി സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ മോളി ആട്ടുള്ളിയെ നിയമിച്ചു. കൊച്ചിയിൽ ചേർന്ന കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കെആർഎൽസിസിയുടെയും സംയുക്ത സമ്മേളനത്തിലാണ് നിയമനത്തിന് അംഗീകാരം നൽകിയത്.സന്യാസ സമൂഹത്തിൻ്റെയും സഭയുടെയും നേതൃത്വരംഗത്ത് ശ്രദ്ധേയമായ സേവന പാരമ്പര്യമുള്ള സിസ്റ്റർ മോളിയുടെ നിയമനം, കേരളത്തിലെ വനിതാ സന്യാസ സമൂഹങ്ങൾക്ക് ലഭിച്ച സുപ്രധാന അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

2023-ൽ സി.സി.ആർ സഭയുടെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മോളി, 2011-ൽ വിദ്യാഭ്യാസ–മിഷൻ ജനറൽ കൗൺസിലറായും 2017-ൽ അസിസ്റ്റന്‍റ് സുപ്പീരിയർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബറൂച്ചിലുള്ള ക്വീൻ ഓഫ് ഏഞ്ചൽസ് കോൺവെന്‍റ്, ഉത്തർപ്രദേശിലെ മഥുരയിലെ സേക്രഡ് ഹാർട്ട് കോൺവെന്‍റ്, തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് കോൺവെന്‍റ് എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയും സ്ഥാപനമേധാവിയുമായി പ്രവർത്തിച്ചിട്ടുള്ള അവർ, മുംബൈയിലെ സെന്‍റ് തെരേസാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ആത്മീയ രൂപീകരണം, സന്യാസജീവിതത്തിൻ്റെ നവീകരണം എന്നീ മേഖലകളിലെ ദീർഘകാല അനുഭവസമ്പത്ത് കെആർഎൽസിസിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജവും പകരുമെന്ന് സഭാനേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ പൊതുഅജപാലന ശുശ്രൂഷകളിൽ സന്യാസ സമൂഹങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ നിയമനം സഹായകരമാകും.

Comments

leave a reply

Related News