ക്രിക്കറ്റിലെ കിറുക്കന്മാർ പറയും:
ബേദി , ബേദി, നിന്നെപ്പോലെ
മറ്റാരേയും ഞങ്ങൾ കണ്ടിട്ടില്ല...
ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ശനിയാഴ്ച രാവിലെ പതിവുപോലെ ആദ്യം പ്രധാന പത്രങ്ങളിലെ സ്‌പോർട്ട്‌സ് പേജിലേക്കു കണ്ണോടിച്ചപ്പോൾ, മലയാളത്തിലെ പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കാതെയോ, ശ്രദ്ധയിൽ പെട്ടിട്ടും ഒഴിവാക്കിയതോ ആയ ഒരു പ്രധാന സംഭവം കുറച്ചുനേരത്തേക്ക് എങ്കിലും മനസ്സിനെ അസ്വസ്ഥമാക്കി. കഴിഞ്ഞ അമ്പതു വർഷത്തിലേറെയായിട്ടുള്ള 'ദ ഹിന്ദു' സ്‌പോർട്ട്‌സ് പേജുകളുടെ വായന ആ വിഷമം അലിയിച്ചു കളയുകയും ചെയ്തു. ക്രിക്കറ്റിനെ പ്രണയിച്ച നാൾ മുതൽ, നേരിൽ കാണുവാൻ ആഗ്രഹിച്ചിട്ടുള്ള കളിക്കളത്തിനും, പുറത്തും എന്നും നിറഞ്ഞുനിന്നിട്ടുള്ള അടുത്ത കാലം വരെ സജീവമായി രംഗത്തുണ്ടായിരുന്ന തന്റെ സ്പിൻ ഇന്ദ്രജാലംകൊണ്ട് ലോകത്തിലെ പ്രശസ്ത ബാറ്റർമാരെ വരിഞ്ഞു മുറുക്കുകയോ വട്ടം കറക്കുകയോ ചെയ്തിട്ടുള്ള പ്രഗത്ഭനായ ബിഷൻ സിങ് ബേദിക്ക് 75 വയസ്സു തികഞ്ഞ ദിവസമായിരുന്നു അത്.
നാൽപത്തി ഏഴ് വർഷങ്ങൾക്ക് മുൻപ് 1974 നവംബർ 22 വെള്ളിയാഴ്ച ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിൽ പഠിക്കുന്ന കാലം. എന്നത്തേയും പോലെ നീണ്ട ഒന്നര മണിക്കൂർ ബസ് യാത്ര കഴിഞ്ഞ് കോളേജ് കവാടത്തിൽ ബസ്സിറങ്ങി. ഗേറ്റിനരികെയുള്ള മാവിൻ ചുവട്ടിൽ ക്രിക്കറ്റ് കളിക്കാരായ സീനിയേഴ്‌സ് ഒത്തു കൂടിയിരിക്കുന്നു. അന്ന് ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് അഞ്ചു ടെസ്റ്റു പരമ്പര ബാംഗ്‌ളൂരിൽ തുടങ്ങുകയാണെന്നറിയാം. പരിചയമുള്ള സീനിയേഴ്‌സിൽ പ്രീഡിഗ്രിക്കാരനെ വിളിച്ച് തങ്ങൾ പദ്ധതിയിട്ടിരിക്കുന്ന ഹ്രസ്വ പരിപാടിയിൽ പങ്കെടുത്തിട്ട് ക്ലാസിൽ കയറിയാൽ മതിയെന്നായി. കാര്യമന്വേഷിച്ചപ്പോൾ മറുപടി കിട്ടി. എട്ട് വർഷമായി ഇന്ത്യൻ ടീമിലുണ്ടായിരുന്ന നമ്മുടെ സർദാർജിയെ ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നലെ ബാംഗ്‌ളൂരിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധപ്രകടനമുണ്ടായിരുന്നു. നമുക്കുമൊന്നു നടത്താം. തികച്ചും വ്യത്യസ്തമായ ഈ പ്രകടനത്തിനായി കോളേജ് സ്റ്റോറിൽ നിന്നും ബോട്ടണിക്കാർ ഇലകളുടെയും, ചെടികളുടേയും പടം വരയ്ക്കുന്ന വെള്ള കട്ടിക്കടലാസു ഷീറ്റുകളിൽ കറുത്ത മഷി കൊണ്ട് ''നോ ബേദി നോ ടെസ്റ്റ്'', ''വാട്ടീസ് ക്രിക്കറ്റ് വിത്തൗട്ട് ബേദി'' എന്നിങ്ങനെ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിക്കഴിഞ്ഞിരുന്നു. കൂട്ടത്തിൽ ഒരു ശ്രേഷ്ഠൻ ബേദിയുടെ ഒരു കാരിക്കേച്ചറും വരച്ചു. അന്ന് മറ്റൊരു വിദ്യാലയത്തിലും, കേരളത്തിൽ മറ്റൊരിടത്തും ഇത്തരമൊരു അപൂർവ്വ പ്രതിഷേധ പ്രകടനം നടന്നതായി അറിയില്ല.
1971 ൽ അജിത് വഡേക്കറുടെ കീഴിൽ ഭഗവത് ചന്ദ്രശേഖറിന്റെ മാസ്മരസ്പിൻ പ്രകടനത്തിൽ ഓവൽ ടെസ്റ്റിൽ വിജയത്തോടെ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ ഇന്ത്യ ആദ്യമായി ഒരു പരമ്പര കൈക്കലാക്കിയത് ആതിഥേയരുടെ അഭിമാനത്തിനേറ്റ വലിയ ക്ഷതമായിരുന്നു. റേ ഇല്ലിങ്ങ് വർത്തിന്റെ കീഴിൽ ഇംഗ്ലണ്ട് എല്ലാ ടെസ്റ്റ് ടീമുകളെയും തോൽപിച്ച് ഔന്നത്യങ്ങളിൽ വിഹരിച്ച കാലത്താണ് അപ്രതീക്ഷിതമായി ഇന്ത്യയോട് ഓവലിൽ നാലു വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയത്. തുടർന്ന് ഇന്ത്യയിൽ അഞ്ചു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് വിജയിച്ചതോടെ ഇംഗ്ലീഷുകാർക്ക് വാശി ഇരട്ടിക്കുക തന്നെ ചെയ്തു. 1974 ഇംഗ്ലീഷ് സീസണിൽ മൈക്ക് ഡെന്നിസിന്റെ ഇംഗ്ലീഷ് ടീം ഓൾഡ് ട്രഫോർഡ്, ലോഡ്‌സ്, എഡ്ബാസ്റ്റൺ ടെസ്റ്റുകളിൽ കനത്ത പരാജയം അജിത് വഡേക്കറുടെ ടീമിന് നൽകി മധുരമായി പ്രതികാരം വീട്ടി.
ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ്ണ ദയനീയ പരാജയത്തിന് എരിവു പകരുന്ന പല സംഭവങ്ങളും നിറഞ്ഞതായിരുന്നു ആ ഇംഗ്ലീഷ് സമ്മറിലെ ഇന്ത്യൻ പര്യടനം. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിൽ ഒരിന്നിംഗ്‌സിനും 285 റൺസിനും തോൽവി ഏറ്റുവാങ്ങിയ ടീം രണ്ടാം ഇന്നിംഗ്‌സിൽ സ്‌കോർ ചെയ്തത് 42 റൺസു മാത്രം. പില്ക്കാലത്ത് മികച്ച ക്രിക്കറ്റ് ഭരണാധികാരിയായി പേരെടുത്ത കർണ്ണാടകയുടെ ബ്രിജേഷ് പട്ടേലിന്റെ ട്രൗസർ ഊരിപ്പോയ സംഭവം, സുധീർ നായിക്കിന്റെ സോക്‌സ് വിവാദം, വഡേക്കർ- ബിഷൻ ബേദി സ്വരച്ചേർച്ചയില്ലായ്മ ടെലിവിഷൻ സൗകര്യമില്ലെങ്കിലും വാർത്തകളൊക്കെ നാട്ടിൽ പരന്നു. രാജൻ ബാല , ഡിക്കി രത്‌നകർ തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് ലേഖകർ വിശദമായ റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതിന്റെയൊക്കെ പിൻബലത്തിലെന്നോണം ബിഷൻ സിങ്ങ് ബേദിയെ എട്ടുവർഷങ്ങളിലാദ്യമായി ടീമിൽ നിന്നും പുറത്തുനിറുത്തുവാൻ സെലക്ഷൻ കമ്മറ്റി തീരുമാനമെടുത്തു. അങ്ങനെയാണ് വഡേക്കർ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനെ തുടർന്ന് മൻസുർ അലിഖാൻ പട്ടൗഡി ക്ലൈവ് ലോയിഡിന്റെ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ചു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ വീണ്ടും നയിക്കുവാൻ നിയുക്തനായത് പട്ടൗഡിയുടെ ടെസ്റ്റ് വിജയങ്ങളുടെ തുറപ്പുചീട്ടായിരുന്ന ബേദിയെ ബാംഗ്‌ളൂർ ടെസ്റ്റിൽ നിന്നും മാറ്റി നിർത്തിയത് അന്ന് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഏതായാലും അന്നത്തെ ബേദിക്കായുള്ള പ്രതിഷേധ പ്രകടനം ആ കളിക്കാരനോട് പ്രത്യേക ആരാധന തന്നെ പിൽക്കാലത്തുണ്ടാക്കിയിരുന്നു.
1966 ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് മൽസരങ്ങളിൽ അരങ്ങേറ്റം കുറിച്ച അമൃത്സർ സ്വദേശിയായ ഇടം കൈയ്യൻ സ്പിൻ ബൗളർ ബിഷൻ സിങ്ങ് ബേദി 67 ടെസ്റ്റ് മൽസരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. 266 വിക്കറ്റുകളാണ് നേട്ടം. 656 റൺസും. 1974 ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ലോക കപ്പിൽ കളിക്കാനിറങ്ങിയ ബേദി കരിയറിൽ രണ്ട് ലോക കപ്പുകളിലായി 10 മൽസരങ്ങളാണ് കളിച്ചിട്ടുള്ളത്. 60 ഓവർ ഏകദിന മൽസരങ്ങളിൽ അനുവദനീയമായ 12 ഓവറിൽ 6 റൺസു വഴങ്ങി ഒരൊറ്റ വിക്കറ്റ് വീഴ്ത്തിയ അദ്ദേഹത്തിന്റെ 46 വർഷത്തെ റിക്കാർഡ് ഇന്നും നിലനിൽക്കുന്നു. 1975ൽ കീഴക്കൻ ആഫ്രിക്കക്കെതിരെ ഈ ബൗളിങ്ങ് പ്രകടനത്തിൽ 8 മെയ്ഡനുകളാണ് എറിഞ്ഞത്. 12 ഓവർ, 8 മെയ്ഡൻ, 6 റൺസ്, ഒരു വിക്കറ്റ് !
പന്ത് വായുവിൽ ഫൈള്റ്റ് ((flight) ചെയ്യുന്നതിൽ അതീവ വൈദദ്ധ്യമുള്ള ബിഷൻ ബേദിയുടെ ബൗളിങ്ങിലെ അസാധാരണങ്ങളായ വ്യതിയാനങ്ങൾ ബാറ്റർമാർക്ക് പലപ്പോഴും ഉത്തരമില്ലാത്ത സമസ്യകളായിരുന്നു. അഞ്ച് ടെസ്റ്റ് പരമ്പരകളിൽ, ദിവസം മുഴുവൻ തളരാതെ, ഒരേ താളത്തിൽ പന്തെറിയുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് മൻസുർ അലിഖാൻ പട്ടൗഡി തന്നെയാണ്. പട്ടൗഡി നവാബ് കളിനിറുത്തി, കൊൽക്കത്തയിൽ നിന്നുള്ള ആനന്ദ് ബസാർ പത്രികയുടെ 'സ്‌പോർട്ട്‌സ് വേൾഡ്' വാരികയുടെ പത്രാധിപരായി ആദ്യം ഇറങ്ങിയ പതിപ്പിൽ, തന്റെ പ്രിയപ്പെട്ട അനുയായിയായ അന്നത്തെ ടെസ്റ്റ് ടീം നായകൻ ബേദിയുടെ മനോഹരമായ കവർ നൽകിയത് യാദൃശ്ഛികമാവാം.
ലോകത്തിലെ മികച്ച ഇടം കൈയ്യൻ സ്പിന്നറായി അറിയപ്പെടുന്ന ബേദി തന്റെ കളി മികവു തന്നെ കളിക്കളത്തിന് പുറത്തും കാഴ്ച വച്ചിരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ താൽപര്യങ്ങൾ ബലികഴിക്കുവാൻ ഒരു കാലത്തും ബേദി ശ്രമിച്ചിട്ടില്ല. 1977 ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഇംഗ്ലീഷ് ടീം ഫാസ്റ്റ് ബൗളർ ജോൺ ലീവർ തന്റെ പുരികത്ത് പുരട്ടിയിരുന്ന വാസ്‌ലീൻ ക്രീം ഉപയോഗിച്ച് പന്തിൽ കൃത്രിമം കാട്ടിയെന്ന് തുറന്നടിച്ചത് ഇംഗ്ലീഷ് കൗണ്ടിയിൽ നിന്നും സാമ്പത്തികമായി വളരെ മെച്ചമുണ്ടായിരുന്ന കരാറാണ് നഷ്ടപ്പെടുത്തിയത്. നോർതാംപൺടൺ കൗണ്ടിയുമായുള്ള ദീർഘകാല കരാർ ഇംഗ്ലണ്ട് ടെസ്റ്റ് ആന്റ് കൗണ്ടി ക്രിക്കറ്റ് ബോർഡ് പുതുക്കാൻ അനുവദിച്ചില്ലെങ്കിലും ബേദി കുലുങ്ങിയില്ല. ഇന്ത്യക്കെതിരെ ക്ലൈവ് ലോയിഡിന്റെ കരീബിയൻ ടീം ബൗൺസർ യുദ്ധം നടത്തിയപ്പോൾ ശക്തമായി പ്രതികരിക്കുവാനും ബേദി മടിച്ചില്ല.
ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിന് ബേദി എന്നും തലവേദനയായിരുന്നു. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി തെറ്റിയ സർദാർജി ഡൽഹി സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുണ്ടാക്കി ബേദിക്ക് പിന്നിൽ അണിനിരന്നതോടെ ഭരണാധികാരികൾക്ക് വഴങ്ങേണ്ടി വന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്രിക്കറ്റ് മാനേജർ പദവിയിൽ, ന്യൂസിലാന്റ് പര്യടനത്തിലെ മോശം പ്രകടനത്തിന് കളിക്കാതെ പസഫിക്ക് മഹാ സമുദ്രത്തിൽ എറിയണമെന്ന പ്രതികരണം വലിയ ബഹളമാണുണ്ടാക്കിയത്. ചരിത്ര പ്രസിദ്ധമായ ഡൽഹി ഫിറോഷ് ഷാ കോട്‌ല മൈതാനത്തിന്റെ പേര് മാറ്റിയപ്പോൾ, ആ സ്റ്റേഡിയത്തിലെ തന്റെ പേരിലുള്ള പവലിയന്റെ പേര് നീക്കണമെന്ന് ബേദി ആവശ്യപ്പെട്ടു. ഒരു പക്ഷേ മറ്റൊരു ലോക താരവും ഇത്തരമൊരു തീരുമാനം ഒരിക്കലും എടുക്കില്ല.
അറുപതുകളുടെ മധ്യകാലം മുതൽ എഴുപതുകളുടെ അവസാനം വരെ ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന സ്പിൻ വസന്തത്തിലെ നാൽവർ സംഘത്തിൽ ഇളയവനാണ് ബേദി. എറപ്പള്ളി പ്രസന്ന, ശ്രീനിവാസ് വെങ്കിട്ട രാഘവൻ എന്നീ എഞ്ചിനിയർമാരും, പോളിയോ ബാധിതനായിരുന്ന ഭഗവത് ചന്ദ്രശേഖറും അടങ്ങുന്നതാണ് നാൽവർ സംഘം. ഇംഗ്ലണ്ടിനെതിരെ 1967 ജൂലൈയിൽ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇവരെ നാലുപേരെയും പട്ടൗഡി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. തന്നെക്കാൾ പ്രായം കൂടിയ മറ്റു മൂന്നുപേരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ബേദി. തന്റെ സഹകളിക്കാരെ അനാവശ്യമായി വിമർശിച്ചാൽ ശക്തമായി
പ്രതികരിക്കും. അവരെ ആവശ്യമെങ്കിൽ പ്രതിരോധിക്കുന്ന ബേദി കായിക താരങ്ങൾക്ക് മികച്ച മാതൃകയാണ്. ഒരു പരിശീലകനെന്ന നിലയിൽ എടുത്തു പറയേണ്ടത് ജമ്മുകാഷ്മീർ ടീമിനെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഒരു ടീമാക്കി വാർത്തെടുത്തതാണ്.
സൗഹൃദ സദസ്സുകളിൽ പലരും മറക്കുന്ന പല സംഭവങ്ങളും സാരമായി ഓർമ്മയിൽ നിന്ന് അടർത്തിയെടുത്ത് നർമ്മ രസത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ബേദി ശൈലി പ്രസിദ്ധമാണ്. ഏതു കൂടിച്ചേരലിലും മുഖ്യ ആകർഷണം ബേദിയുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ അദ്ദേഹം തന്നെയായിരിക്കും. ഇത്തരത്തിലുള്ള ഒരു സെലിബ്രിറ്റി എഴുപത്തി അഞ്ചാം വയസ്സിൽ, ഈ മഹാമാരിക്കാലത്ത് അടങ്ങിയിരിക്കുന്നതെന്തെന്ന് അന്വേഷിക്കുവാൻ കൗതുകം തോന്നി. അങ്ങനെയിരിക്കേയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകൻ സുരേഷ് മേനോൻ അപ്രതീക്ഷിതമായി സംഭവിച്ച ഒരു സ്‌ടോക്കിനാൽ ബേദി വിശ്രമത്തിലാണെന്ന് അറിയിച്ചത്. തന്റെ ജന്മദിനാഘോഷവേളയിൽ ചുവന്ന ക്രിക്കറ്റ് ബോളിന്റെ മാതൃകയിൽ ഒരുക്കിയ കേക്ക് ജീവിത പങ്കാളിയായ അൻജു ഇന്ദ്രജിത്ത് ബേദിയുടെ സഹായത്തോടെ മുറിക്കുന്നതു കണ്ടപ്പോൾ ചെറിയ വിഷമം തോന്നാതിരുന്നില്ല. ജീവിതം തകർത്ത് ആഘോഷിക്കുന്ന ബേദിയെന്ന ആ തളരാത്ത പോരാളി തകർത്താടേണ്ട ദിവസമായിരുന്നു അത്. എത്രയും വേഗം അദ്ദേഹം പഴയ ഉന്മേഷത്തിലേക്ക് തിരിച്ചുവരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
എൻ . എസ് .വിജയകുമാർ
Video Courtesy : The Epic channel
Comments