മുഖ്യധാരാ രാഷ്ട്രീയത്തിൽ
മതതീവ്രവാദരാഷ്ട്രീയത്തിന്റ മാലിന്യം
കലരുന്നുവോ ?
മതരാഷ്ട്രീയത്തിന്റെ ഇരയാണ് പാലക്കാട് കൊല്ലപ്പെട്ട ഇരുപത്തിയേഴുകാരൻ സഞ്ജിത്. തീവ്രവാദ മത രാഷ്ട്രീയം മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ മറവിൽ കേരളത്തിൽ നടത്തുന്ന അക്രമങ്ങൾ അപലപനീയം. സംഘടിത വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഇത്തരം കടുത്ത തെറ്റിനെ മറച്ചു നിർത്തുന്നത് നമ്മുടെ നാടിനെ നശിപ്പിക്കും. ഇവിടുത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ ഇടയാകും. രാഷ്ട്രീയ കൊലപാതകം തികച്ചും തെറ്റായിരിക്കെ, ഇപ്പോൾ സംഭവിച്ച മതരാഷ്ട്രീയ കൊലപാതകം ഒരിക്കലും ഒരു പേരിലും മറച്ചു പിടിക്കാൻ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ ശ്രമിക്കില്ല എന്ന് കരുതുന്നു. സഞ്ജിത്തിന്റെ കൊലപാതകം ഒരു വലിയ തിരുത്തലിനുള്ള നിർണായക അവസരമായി സർക്കാർ ഉപയോഗിച്ചാൽ ഇത്തരം ക്രൂരതകളിൽ നിന്ന് നമ്മുടെ നാട് മോചിതമാകും.
വോട്ട് രാഷ്ട്രീയം മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ നാടിന്റെ നന്മക്ക് വേണ്ടി നിലകൊള്ളുന്നതിനു പകരം തീവ്രവാദശക്തികൾക്കു സംരക്ഷണം നൽകുന്നതിലേക്ക് ഒതുക്കി നിർത്തുന്നു. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളും അല്ലാത്തവരുമായ നല്ലവരായ മനുഷ്യരെ തീവ്രവാദികൾ നിശബ്ദരാക്കുന്ന കാഴ്ച്ച ഭീതികരമാണ്. അത്തരക്കാർക്ക് വലിയ ധനശക്തിയും അധികാരത്തിൽ സ്വാധീനവുമുണ്ട് എന്നത് സാധാരണക്കാരെ ജനാധിപത്യ പ്രക്രിയയിൽ വെറും കാഴ്ചക്കാരാക്കുന്നു. തീവ്രവാദ ശക്തികളെ പൊതു ഇടങ്ങളിലും മാധ്യമങ്ങളിലും ന്യായീകരിക്കാൻ കടന്നു വരുന്നവരിൽ സാംസ്‌കാരിക നായകർ എന്ന് വിളിക്കപ്പെട്ടവരും ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നു. മത രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യമില്ലാത്ത വിധം ഇത്തരം തിന്മയുടെ ശക്തികൾ സമൂഹത്തിൽ പിടി മുറുക്കുകയാണ്. നമ്മുടെ നാടിനെ ഇവിടുത്തെ മനുഷ്യരെ അന്ധകാരത്തിലേക്ക് തള്ളിയിടാൻ നാം അനുവദിക്കരുത്.
ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ
Comments