Foto

എളിമയുടെ ഇടയശ്രേഷ്ഠന് എഴുപത്തിയാറാം ജന്മദിനം

ടോണി ചിറ്റിലപ്പിള്ളി

പ്രശസ്ത ഫ്രഞ്ച്  എഴുത്തുകാരൻ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ ബിഷപ്പ് മെറിയേലിനെ പലപ്പോഴും അനുസ്മരിപ്പിക്കുന്നുണ്ട് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ജീവിതം.രോഗികൾക്കായി സ്വന്തം ഭവനം വിട്ടുകൊടുക്കുന്ന ബിഷപ്പ് മെറിയേൽ ലളിതമായ ജീവിതം എന്തെന്ന് കാണിച്ചുതരുന്നു.തന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച കുറ്റവാളിയായ ജീൻ വാൽജീനിന് മെത്രാൻ കൊടുക്കുന്നത് സത്യസന്ധതയുടെയും ,മനുഷ്യസ്‌നേഹത്തിന്റെയും മെഴുകുതിരിക്കാലുകളാണ്.കാരുണ്യവും, സ്‌നേഹവും, മനുഷ്യത്വവും കൊണ്ട് ജീവിതത്തിന്റെ നേർവഴികളിലൂടെ സഞ്ചരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

 

ജീവിതത്തെ നിഗൂഢതകളില്ലാതെ തുറന്ന പുസ്തകം പോലെ കാണാൻ ഇഷ്ടപ്പെടുന്ന ഇടയൻ.ഉള്ളതിൽ നിന്നും കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം, ഉള്ളം കൊടുക്കുന്നതാണ് എന്ന് കരുതുന്ന വലിയ ഇടയൻ.മനുഷ്യരെയും വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് ഓടുവാൻ ശ്രമിക്കുന്ന താപസശ്രേഷ്ഠനെയാണ് അദ്ദേഹത്തിന്റെ മുഖത്തിൽ ദർശിക്കുന്നത്.ഇന്ന് പിതാവിന് 76 വയസ്സ് തികയുന്നു.

 

തന്റെ ബോധ്യങ്ങൾക്കപ്പുറം സിനഡിന്റെയും,വിശ്വാസികളുടെയും തീരുമാനങ്ങൾക്ക് അർഹിക്കുന്ന ആദരവും മൂല്യവും നൽകിയുളള പ്രയാണം,സഭയ്ക്ക് ഏറെ നവീനമായ പദ്ധതികൾ നടപ്പാക്കാനുളള ധൈര്യം പകർന്നു നൽകി. സഭാമക്കൾ നയിക്കപ്പെടേണ്ടത് പ്രദേശിക ചിന്താഗതികളാലല്ല, മറിച്ച് വിശ്വാസത്തിന്റെ കാഴ്ചപ്പാടുകളാലും, ഐക്യത്തിനു വേണ്ടിയുളള ദാഹത്താലുമായിരിക്കണമെന്ന് പറയാനുളള ആർജ്ജവവും ഹൃദയവിശാലതയും മാർ ആലഞ്ചേരി കാണിച്ചു. സത്യസന്ധമായി സഭാ ചരിത്രത്തെ വിലയിരുത്തി മുൻപോട്ടുകൊണ്ടുപോകുവാൻ സീറോ മലബാർ സഭയെ പ്രാപ്തമാക്കിയത് ആലഞ്ചേരി പിതാവിന്റെ നിരന്തര  ഇടപെടലുകളാണ്.

 

സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ തന്റെ ഇടയശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ  ആലഞ്ചേരി പിതാവ് നടത്തിയ ലോകമിഷൻ പര്യടനം മിഷനറിമാരിൽ ധൈര്യം പകർന്നു നൽകി.അദ്ദേഹത്തിന്റെ  സഭയോടൊപ്പമുള്ള നിരന്തര പരിശ്രമങ്ങളും, പ്രാർത്ഥനകളും കൊണ്ടാണ് സീറോമലബാർ സഭയ്ക്ക് ആഗോളതലത്തിൽ മുന്നേറാനായത്. വിശ്വാസികളുടെ നിർദ്ദേശങ്ങളെ സ്വീകരിച്ച്, അംഗീകരിച്ച് എല്ലവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുളള പ്രവണത വിശ്വാസികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളുമായിട്ടുളള ബന്ധങ്ങളും അടുപ്പങ്ങളും വർദ്ധിച്ചു വരുന്നു.

 

ജനങ്ങളോട് ഇടപെടുന്ന ശൈലിയിൽ സൗഹൃദവും അടുപ്പവും വഴി അന്യമതസ്ഥരുടെ പോലും അംഗീകാരവും ആദരവും ബഹുമാനവും പിതാവ് നേടി. അതുവഴി സഭയെക്കുറിച്ച് ഒരു പോസിറ്റീവ് സമീപനം അവരുടെ ഭാഗത്തുനിന്നും ഉളവായി. സ്വന്തം, ജീവിതത്തിലൂടെ ക്രിസ്തുവിന്റെ ലാളിത്യം മുഖ മുദ്രയാക്കാൻ മാർ ആലഞ്ചേരി പരിശ്രമിക്കുന്നു. സാധാരണക്കാരനെപ്പോലെ എപ്പോഴും സമൂഹത്തിന് പ്രാപ്യനായി. ആഘോഷങ്ങളേയും ധൂർത്തിനെയും ആഡംബരങ്ങളേയും ഒഴിവാക്കിക്കൊണ്ടുളള എളിമയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുളള പാഠമാണ്.

 

അധികാര പൗരോഹിത്യത്തിന്റെ മേമ്പൊടി തട്ടിക്കളഞ്ഞ് ശുശ്രൂഷാ പൗരോഹിത്യം സീറോ മലബാർ സഭയിൽ മാത്രമല്ല ആഗോളസഭയിലും നിറയ്ക്കാൻ ശ്രമിക്കുകയും,സ്വതന്ത്രചിന്തയെ അവഗണിക്കാതെ എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും,ശുശ്രൂഷ കൊണ്ടുമാണ് യേശുവിനെ മുന്നോട്ട് വയ്ക്കേണ്ടതെന്നും  പിതാവ് തെളിയിച്ചു.കെ.സി.ബി.സി പ്രസിഡണ്ടെന്ന നിലയിൽ നടത്തുന്ന സജീവ പ്രവർത്തനങ്ങൾ അതിന് തെളിവാണ്.

 

നീതി ബോധം, ധാർമ്മികമായ അഭിപ്രായങ്ങൾ, സത്യസന്ധത, ലാളിത്യം, വിനയം എന്നിങ്ങനെയുളള മൂല്യസംഹിതകളിൽ ചിട്ടപ്പെടുത്തിയ ജീവിതം കൊണ്ട് ജീവിതവിശുദ്ധി കൈവരിക്കാൻ ശ്രമിക്കുന്ന അപൂർവ്വം ഇടയൻമാരിൽ ഒരാളാണ് മാർ ആലഞ്ചേരി.സംഭാഷണങ്ങളിലെ മധുരമായ നർമ്മം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ഒരു വർണ്ണക്കൂട്ടാണ്.വേഗത്തിൽ നടന്ന്,തോളത്തുതട്ടി,കുശലാന്വേഷണം നടത്തി ജനക്കുട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും അദ്ദേഹം കാണിക്കുന്നു.

 

സ്വാർത്ഥലക്ഷ്യങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തീണ്ടാറില്ല; നിക്ഷിപ്ത താൽപര്യങ്ങളില്ലാതെ സഭയുടേയും വിശ്വാസികളുടെ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ നയിക്കുന്നത്.അൽമായ മിഷനും കത്തോലിക്കാ കോൺഗ്രസ്സും സജീവമാകുന്നത് പിതാവ് അൽമായർക്ക് കൊടുക്കുന്ന പ്രാധാന്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും തെളിവാണ്.

 

ചതഞ്ഞ ഞങ്ങണ ഒടിക്കാതെയും, പുകയുന്ന തിരി കെടുത്താതെയും ഋഷിതുല്യമായ സൗമ്യതയോടെ അദ്ദേഹം നമുക്കിടയിലൂടെ കഴിഞ്ഞ 75 വർഷങ്ങളായി   സഞ്ചരിക്കുകയാണ്.ഋഷിതുല്യമായ മുഖഭാവവും, പൗരസ്ത്യദേശങ്ങളിലെ വിശുദ്ധരുടെ ശരീരഭാഷയും,സമകാലിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊളളുന്ന ഹൃദയവും കൊണ്ട് സീറോ മലബാർ സഭയെ അതിന്റെ സുവർണ്ണകാലഘട്ടത്തിലൂടെ അദ്ദേഹം നയിച്ചുകൊണ്ടിരിക്കുന്നു.

 

കോവിഡ് ദുരന്തം വേട്ടയാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് പറഞ്ഞു കൊണ്ട് നാടിനെ  നെഞ്ചോടടക്കിപ്പിടിക്കുന്ന കരുതൽ,ഭരണാധികാരികളെയും ആരോഗ്യ പ്രവർത്തകരെയും ,നിയമപാലകരെയും പ്രോത്സാഹിപ്പിക്കുന്ന വാത്സല്യം,രാജ്യം മുഴുവൻ  രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്ന വാക്കുകൾ.ഈ എഴുപത്തിയാറാം ജന്മദിനത്തിലും  ലോകം മുഴുവൻ സൗഖ്യം പകരാൻ നിരന്തരം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ് വലിയ ഇടയൻ.

Comments

leave a reply