Foto

എളിമയുടെ സ്വര്‍ഗീയ വഴി തേടി മറിയം നേടിയത് മഹാ വിജയം :മാര്‍പ്പാപ്പ

എളിമയുടെ സ്വര്‍ഗീയ വഴി
തേടി മറിയം നേടിയത്
മഹാ വിജയം :മാര്‍പ്പാപ്പ

 

വിട്ടുവീഴ്ചയില്ലാതെ ദൈവ ഹിതം നിറവേറ്റിയ പരിശുദ്ധ കന്യകാ മറിയത്തിന്റ സ്വര്‍ഗ്ഗോന്മുഖ യാത്ര മഹാ വിജയത്തിലേക്കു പരിണമിച്ചത്  എളിമയിലൂന്നിയ ജീവിതത്തിലൂടെയാണെന്നും ആ മാതൃക എല്ലാവര്‍ക്കും പ്രചോദകമാകണമെന്നും ഫ്രാന്‍സിസ്  മാര്‍പ്പാപ്പ.തുറന്ന ഹൃദയത്തോടെ ദൈവത്തോടൊപ്പം നിലയുറപ്പിച്ചുള്ള പ്രാര്‍ത്ഥനാ ജീവിതത്തിന്റെ മഹത്വം  മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിനോടനുബന്ധിച്ചുള്ള ട്വിറ്റര്‍ സന്ദേത്തില്‍ മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞു.

എളിമയുടെ വഴിയിലൂടെയാണ് അവള്‍ സ്വര്‍ഗ്ഗ യാത്ര നടത്തിയതെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. സ്വര്‍ഗ്ഗത്തിലേക്ക് ഉയരാന്‍ നമ്മളും  എളിമയുള്ളവരായിരിക്കണം.എളിമ എന്ന വാക്കിന്റെ ഉത്ഭവം 'ഭൂമി' എന്നര്‍ത്ഥം വരുന്ന ഹ്യൂമസ് ( humus) എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്. ദൈവത്താല്‍ ഉയര്‍ത്തപ്പെടാന്‍ നമ്മെ അനുവദിക്കുന്നത് നമ്മുടെ ദാനങ്ങളോ സമ്പത്തോ അല്ല. മറിച്ച് വിനയം സ്വായത്തമാക്കി  ദൈവത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെയണ്.

നമ്മള്‍ നിരന്തരം സ്വയം പരിശോധിക്കണമെന്നാണ് ഇതിനര്‍ത്ഥം. ജീവിതത്തില്‍ എളിമയോടെ മാത്രം പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. നമ്മള്‍ സ്വയം സ്ഥിരീകരണവും പ്രശംസയും തേടുകയാണോ അതോ സേവനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണോ എന്ന്  സ്വയം ചോദിക്കേണ്ടതുണ്ട്. മേരിയെപ്പോലെ നമ്മള്‍ ശ്രദ്ധാലുവാണോ അതോ ശ്രദ്ധയും പ്രശംസയും ലഭിക്കാന്‍ എപ്പോഴും സംസാരിക്കുന്ന ഒരാളാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?ആളുകള്‍ക്കിടയിലെ പിരിമുറുക്കം കുറയ്ക്കാനും ഐക്യം കണ്ടെത്താനും നമ്മള്‍ ശ്രമിക്കുന്നുണ്ടോ? അതോ സാഹചര്യങ്ങളുടെ മേല്‍ എപ്പോഴും ആധിപത്യം സ്ഥാപിക്കാന്‍ യത്‌നിക്കുകയാണോ? ഇത് നമ്മോടുതന്നെ ചോദിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, പ്രത്യേകിച്ചും ദിവ്യജനനിയെ നോക്കുമ്പോള്‍.

' ചെറിയ കാര്യങ്ങളിലൂടെ ആദ്യം തന്നെ മേരി സ്വര്‍ഗ്ഗം നേടി' എന്ന നിരീക്ഷണം ഓര്‍മ്മിപ്പിച്ച് മാര്‍പ്പാപ്പ പറഞ്ഞു: ദൈവത്തോടൊപ്പമുള്ള 'താഴ്മ' അവള്‍ തിരിച്ചറിഞ്ഞു. വിനയം കാരണം മറിയം 'കൃപ നിറഞ്ഞവള്‍' ആയി.നമ്മുടെ വിശ്വാസ യാത്രയ്ക്കു സാര്‍ത്ഥക തുടക്കമിടാന്‍  നമ്മളും എളിമയിലേക്ക് നോക്കണം.നമ്മള്‍ ആത്മാവില്‍ ദരിദ്രരായിരിക്കണം.ദൈവത്തിന്റെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നതിലൂടെ കര്‍ത്താവിന് 'വലിയ കാര്യങ്ങള്‍ സാധ്യമാകും '.ട്വീറ്റ്

കന്യകാമറിയത്തെ 'ഏതൊരു സൃഷ്ടിയേക്കാളും എളിമയുള്ളവളും ഉന്നതയും' എന്ന് പരാമര്‍ശിച്ച കവി ഡാന്റെയെ മാര്‍പപ്പ അനുസ്മരിച്ചു. ഈ മനോഹരമായ യാഥാര്‍ത്ഥ്യം മേരിയെക്കുറിച്ച് നിരന്തരം ധ്യാനിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം. 'ആത്മാവിലും ശരീരത്തിലും ആദ്യമായി മേരി സ്വര്‍ഗ്ഗം നേടിയത് കുടുംബത്തിനുള്ളിലെ സാധാരണ ജീവിതം നയിച്ചാണ്. പലപ്പോഴും നിശബ്ദതയില്‍ ... ബാഹ്യമായും അസാധാരണമായും ആ  ജീവിതത്തില്‍ അക്കാലത്ത്  ഒന്നുമില്ലായിരുന്നു. അതേ സമയം, ദൈവത്തിന്റെ നോട്ടം എപ്പോഴും അവളുടെ മേല്‍ പതിഞ്ഞിരുന്നു. അവളുടെ വിനയം,അനുസരണ, ഹൃദയത്തിന്റെ ഭംഗി എന്നിവ മൂലം പാപക്കറ ഏറ്റതേയില്ല.'ഇത് നമുക്ക് പ്രത്യാശയുടെ വലിയൊരു സന്ദേശമാണ്.

സാധാരണവും പലപ്പോഴും ബുദ്ധിമുട്ടുള്ളതുമായ നമ്മുടെ ജീവിതത്തിലും മേരിയുടെ  മാതൃക പിന്തുടരാനാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് പോപ്പ് ഉപസംഹരിച്ചു:'മഹത്തായ സ്വര്‍ഗീയതയിലേക്ക് ദൈവം ഏവരെയും വിളിക്കുന്നുവെന്ന് മേരി  ഓര്‍മ്മിപ്പിക്കുന്നു.കേവലം ഭംഗിവാക്കല്ല ഇത്. മേരി സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടതുപോലുള്ള 'സത്യവും യാഥാര്‍ത്ഥ്യവും' ആണത്.സ്വര്‍ഗ്ഗോന്മുഖ വഴിയിലെ വിജയ രഹസ്യമായ വിനയം സ്വായത്തമാക്കി ജീവിക്കാന്‍ പരിശ്രമിക്കണം.

ഭൂമിയില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് നയിക്കുന്ന നമ്മുടെ യാത്രയില്‍ മേരി ഒപ്പം വരണമെന്ന പ്രാര്‍ത്ഥന ഫലദായകമാകുമെന്നും പാപ്പ ട്വീറ്റ് ചെയ്തു. ഫ്രാന്‍സിസ്  മാര്‍പ്പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളില്‍ ലഭ്യമാണ്.വിവിധ ഭാഷകളിലായി 4 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുണ്ട് അദ്ദേഹത്തിന്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News