കുടുംബങ്ങൾ കടന്നുപോകുന്ന വെല്ലുവിളികളും, കുടുംബജീവിതക്കാരുടെ പ്രതീക്ഷകളും ആശങ്കകളും ശ്രദ്ധയോടെ മനസ്സിലാക്കാനും, അവർക്ക് ഉത്തരം നൽകാനും സിനഡാത്മകചൈതന്യത്തിലൂടെ മുന്നോട്ട് പോകുന്ന സഭ പരിശ്രമിക്കേണ്ടതുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. കുടുംബജീവിതത്തെയും ദാമ്പത്യസ്നേഹത്തെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ "അമോറിസ് ലെത്തീസ്യ" (“Amoris Laetitia”) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 7 ബുധനാഴ്ച വത്തിക്കാനിൽ വിളിച്ചുകൂട്ടിയ പൗരസ്ത്യസഭാനേതൃത്വങ്ങളുടെയും മെത്രാൻസമിതി അദ്ധ്യക്ഷന്മാരുടെയും സമ്മേളനത്തിൽ സംസാരിക്കവെയാണ്, കുടുംബങ്ങൾ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ച് സഭയ്ക്കുണ്ടായിരിക്കേണ്ട ശ്രദ്ധയെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്. സമ്മേളനത്തിൽ വിവാഹിതരായ ചില വ്യക്തികളും, കുടുംബജീവിതവുമായി ബന്ധപ്പെട്ട വിദഗ്ധരും പങ്കെടുത്തിരുന്നു.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ "അമോറിസ് ലെത്തീസ്യ" എന്ന രേഖ, വിവിധ സംസ്കാരങ്ങളിലും അജപാലനമേഖലകളിലും സ്വീകരിക്കപ്പെടുകയും, അവ കുടുംബജീവിതരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് പ്രചോദനമേകുകയും ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട പാപ്പാ, കുടുംബങ്ങളും വ്യക്തികളും, വിശ്വാസ വിദ്യാഭ്യാസ ശുശ്രൂഷാ മേഖലകളിലുൾപ്പെടെയുള്ള ശരിയായ പ്രയാണത്തിലൂടെ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും സജീവമായി പങ്കുചേരുന്നുണ്ടെന്ന് പ്രസ്താവിച്ചു.
സാമ്പത്തിക അരക്ഷിതാവസ്ഥ, കുടിയേറ്റം, അക്രമം, ഏകാന്തത, വൈകാരികമായ ദുർബലത തുടങ്ങിയവ കുടുംബജീവിതത്തെയും, യുവാക്കളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്നും, ലൈംഗികത, വ്യക്തികൾ തമ്മിലുള്ള അടുപ്പം, വിവാഹം തുടങ്ങിയ വിവിധ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള സമീപനങ്ങളിലും ബോധ്യങ്ങളിലും, ഇന്നത്തെ തലമുറകൾക്കും ക്രൈസ്തവ ദർശനങ്ങൾക്കും ഇടയിലുള്ള അകലം വർദ്ധിച്ചുവരുന്നത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ദുർബല വിഭാഗങ്ങളോട് സഭയ്ക്ക് ഉണ്ടാകേണ്ട മനോഭാവത്തിന്റെ പ്രാധാന്യവും പ്രത്യേകം പരാമർശിച്ച പരിശുദ്ധ പിതാവ്, ഈ മേഖലയിലുണ്ടാകേണ്ട ക്ഷമയും, സാമീപ്യവും കരുണയും പ്രത്യേകം എടുത്തുപറഞ്ഞു. പരിശുദ്ധാത്മാവ് നൽകുന്ന പ്രചോദനങ്ങളനുസരിച്ച്, സുവിശേഷം പ്രഘോഷിക്കാനും, കുടുംബങ്ങളെ കൂടുതലായി ശ്രവിക്കുവാനും, അവയെ അനുഗമിക്കാനും ഉതകുന്ന അജപാലന മാർഗ്ഗങ്ങൾ പിന്തുടരേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സുവിശേഷം സദ്‌വാർത്തയായി അനുഭവപ്പെടുന്ന വിധത്തിൽ വേണം സഭയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.










Comments