കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 3,4,5 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. 3-ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 'സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിക്കും.
ഉച്ചയ്ക്ക് 12 മണിക്കുള്ള സമ്മേളനത്തില്‍ പിഒസി മലയാളം ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രൊഫ. എം.കെ. സാനുവിന് നല്‍കികൊണ്ട് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രകാശനം ചെയ്യുന്നതാണ്.
വൈകിട്ട് 5 മണിക്ക് കെസിബിസി സമ്മേളനം ആരംഭിക്കും. 4,5 തീയതികളില്‍ സഭാ നവീകരണത്തെക്കുറിച്ചും, ജൂബിലി വര്‍ഷം - 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Comments