Foto

വിളിപ്പാടകലെ മഞ്ഞുമല വീണപ്പോൾ ജാർഖണ്ഡ് ഓർമ്മിച്ചത് ഫാ. സ്റ്റാനിനെ

ബാബു കദളിക്കാട്

ആദിവാസി മേഖലകൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നത് പരിസ്ഥിതി സംരക്ഷണ

പ്രവർത്തനം നടത്തിയതിന്റെ പേരിൽ നാലു മാസത്തിലേറെയായി

ജയിലിൽ നരകിച്ചു കഴിയുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനു വേണ്ടി


ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം ദക്ഷിണ പൂർവ സംസ്ഥാനങ്ങളെയാകെ മുൾമുനയിലാക്കിയപ്പോൾ അയൽ സംസ്ഥാനമായ ജാർഖണ്ഡിലെ ആദിവാസി മേഖലകൾ കണ്ണീരോടെ ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നത് പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള പ്രവർത്തനം നടത്തിയതിന്റെ പേരിൽ നാലു മാസത്തിലേറെയായി മുംബൈയിലെ ജയിലിൽ നരകിച്ചു കഴിയുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനു വേണ്ടി.

 

കാലാവസ്ഥാ മാറ്റത്തിന്റെ പ്രാധാന്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതാണ് ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം. ഇക്കാര്യം മുന്നിൽ കണ്ട് ചടുലമായ നടപടികൾ വേണമെന്നു ചൂണ്ടിക്കാട്ടി ഫാ. സ്റ്റാൻ സ്വാമി നടത്തിയ നീക്കങ്ങൾ കോർപ്പറേറ്റുകൾക്കും ഭരണകൂടത്തിനും പിടിക്കാതെ വന്നിരുന്നു. തുടർന്നു രൂപം കൊണ്ട എൻ ഐ എ കുരുക്കിന്റെ ഇരയാവുകയായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെ കൂടാതെ, സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു തുടങ്ങിയവരുമെന്ന് ജാർഖണ്ഡിലെ ആദിവാസി നേതാക്കൾ മാത്രമല്ല പരിസ്ഥിതിയെ സ്നേഹിക്കുന്ന നിരവധി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

 

പ്രകൃതിയെ അപകടപ്പെടുത്താത്ത വികസനത്തെക്കുറിച്ച് ചിന്തിപ്പിക്കാനും നടപടികളെടുപ്പിക്കാനും ഫാ. സ്റ്റാൻ സ്വാമി നടത്തിയ നീക്കങ്ങൾ എത്ര ശരിയായിരുന്നു എന്നു തെളിയിക്കുകയാണ് മഞ്ഞുമല ദുരന്തം.മലകൾ നിറഞ്ഞ ഭൂപ്രകൃതി പരിഗണിച്ച് പരിസ്ഥിതിക്കു ദോഷം വരാത്ത വികസനം സാധ്യമാക്കണമെന്നായിരുന്നു അദ്ദേഹം സദാ പറഞ്ഞിരുന്നത്;പരിസ്ഥിതിയിൽ നമുക്ക് എത്രമാത്രം ഇടപെടാമെന്നും പരിസ്ഥിതിയെ മാനിച്ച് വലിയ ആഘാതമേകാതെ എങ്ങനെ വികസനം സാധ്യമാക്കാമെന്നു ചിന്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മലകളും വനവും നിറഞ്ഞ പ്രദേശത്ത് പരിസ്ഥിതിയെ മാനിച്ചു മാത്രം പദ്ധതികൾ ആരംഭിക്കുക, മലകളുടെ അപകടസാധ്യതയെക്കുറിച്ചും എങ്ങനെ കരുതിയിരിക്കണമെന്നും പ്രാദേശിക ജനവിഭാഗങ്ങളെ ബോധവാന്മാരാക്കുക എന്നിവ സുപ്രധാനമാണൈന്നും മറ്റും അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ പ്രകൃതി ചൂഷണത്തിനു ഗൂഢ പദ്ധതികൾ തയ്യാറാക്കിയവർക്ക് അടങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല.

 

ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ 2017ൽ നടന്ന നിക്ഷേപക സമ്മിറ്റിന്റെ ഭാഗമായി, മൂന്ന് ലക്ഷം കോടി വരുന്ന 209ഓളം പദ്ധതികൾക്കാണ് തുടർന്നുള്ള വർഷങ്ങളിൽ ഒപ്പിട്ടത്. ഭൂമിയിൽ അവകാശം സ്ഥാപിക്കപ്പെടുകയും കൈയ്യൂക്ക് കൊണ്ടോ കളവിലൂടെയോ, നിയമപരമായോ അല്ലാതെയോ ധാതുക്കൾ കവർന്നെടുക്കപ്പെടുന്നതുമാണ് പെട്ടെന്നുള്ള വ്യവസായവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസാരങ്ങൾക്കും പരിഹാര നിർദേശങ്ങൾക്കും പകരം കായബലം കൊണ്ട് ജനങ്ങളെ നേരിടുകയും, തദ്ഫലമായി കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇല്ലാതെ ആയിരക്കണക്കിന് ആളുകൾക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമാവുകയും ചെയ്യുന്നു.

 

'ഭൂമിയുടെ ഉടമകൾ അതിലുള്ള ധാതുക്കളുടെയും ഉടമകളാണ്' എന്ന സുപ്രീം കോടതി ഉത്തരവിൽ ഇങ്ങനെ പറയുന്നു:എല്ലാ ധാതുക്കളുടെയും അവകാശം സ്റ്റേറ്റിനാണ് എന്ന നിയമത്തിൽ കഴമ്പില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. മറിച്ച്, മണ്ണിന്റെയും ധാതുക്കളുടെയും അവകാശം, നിയമപ്രകാരം ആ ഭൂമി നഷ്ടമാകുന്നതു വരെ ഭൂവുടമയ്ക്ക് തന്നെയാണ്. ഗവൺമെന്റ് ഒപ്പിട്ട പദ്ധതികളെ തുടർന്ന് ആദിവാസികളുടെ കൈവശമുണ്ടായിരുന്ന, ഖനികളാൽ സമ്പന്നമായ ഭൂപ്രദേശങ്ങൾ അവർക്ക് നഷ്ടമാവാൻ തുടങ്ങി. രാജ്യത്തെ 219 ഖനികളിൽ 214 എണ്ണവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണെന്നും, അവ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നും പിഴയടക്കണമെന്നും സുപ്രീം കോടതി വിധിച്ചു. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിയമവിരുദ്ധ ഖനികൾ നിയമവിധേയമാക്കാനുള്ള നടപടികൾ ഉടനടി ആരംഭിച്ചു.

 

ഈ സാഹചര്യത്തിലാണ് ഫാദർ സ്റ്റാൻ സ്വാമി ജാർഖണ്ഡിലെ ആദിവാസികൾക്കു വേണ്ടി ആത്മാർഥമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.96ൽ യുറേനിയം കോർപറേഷൻ ഇൻഡ്യ ലിമിറ്റഡിനെതിരെ, 'ജാർഖണ്ഡ് ഓർഗനൈസേഷൻ എഗയ്ൻസ്റ്റ് യുറേനിയം റേഡിയേഷൻ (ജെ.ഒ.എ.ആർ) എന്ന ക്യാമ്പയിനിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.ചായ്ബാസയിൽ നിർമിക്കാനിരുന്ന ടെയ്‌ലിംഗ് ഡാമിന്റെ നിർമാണം നിർത്താൻ ആ ക്യാമ്പയിന് സാധിച്ചു. ഡാം നിർമിക്കപ്പെട്ടിരുന്നെങ്കിൽ, ജഡുഗോദയിലെ ചാട്ടികൊച പ്രദേശത്തെ ആദിവാസികളുടെ കിടപ്പാടം നഷ്ടമാവുന്നതിന് അത് കാരണമാകുമായിരുന്നു. ഇത്തരം വിഷയങ്ങൾ ശക്തമായി ഉന്നയിച്ചതിന് ശേഷം, അദ്ദേഹം ബുകാരോ, സന്താൾ പർഗാനാ, കോദർമ തുടങ്ങിയ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ആളുകൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

 

2010ൽ, നക്‌സൽ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഗോത്രവർഗക്കാരായ യുവാക്കളെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്നത് തുറന്നുകാട്ടിക്കൊണ്ട്, 'ജയിൽ മേൻ ബന്ദ് ഖൈദിയോൻ കാ സച്ച്' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 97 ശതമാനം കേസുകളിലും അറസ്റ്റു ചെയ്യപ്പെടുന്ന യുവാക്കളുടെ കുടുംബ വരുമാനം 5000ൽ താഴെയാണെന്നും, അവർക്ക് തങ്ങളുടെ കേസ് വാദിക്കാൻ വക്കീലുമാരെ പോലും ഏർപ്പെടുത്താൻ കഴിയുന്നില്ലെന്നും പുസ്തകത്തിൽ അദ്ദേഹം ഉയർത്തിക്കാട്ടി.2014ൽ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതോടു കൂടി ഫാ. സ്റ്റാൻ ഭരണകൂടത്തിന്റെ റഡാറിൽ വന്നു. റിപ്പോർട്ട് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട 3000 പേരിൽ 98 ശതമാനം ആളുകളുടെയും കേസുകൾ കെട്ടിച്ചമക്കപ്പെട്ടതാണെന്നും, അവർക്ക് നക്‌സൽ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായിരുന്നു. അവരിൽ പലരും വിചാരണ പോലുമില്ലാതെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞു. ഫാ. സ്റ്റാൻ യുവാക്കളുടെ ജാമ്യത്തിനു വേണ്ടിയും കേസ് വാദിക്കാൻ അഭിഭാഷകരെ ഏർപ്പെടുത്താനുമായി വലിയൊരു സംഖ്യ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

 

ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങൾ സർക്കാറിന് നിർദേശിക്കാനായി ആദിവാസികൾ മാത്രം അംഗങ്ങളായ 'ട്രൈബൽ അഡൈ്വസറി കൗൺസിൽ' രൂപീകരിക്കണമെന്ന ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെ ഫാ. സ്റ്റാൻ സ്വാമി ചോദ്യം ചെയ്തു. തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അദ്ദേഹം നിരന്തരം ആദിവാസികളെ സംഘടിപ്പിക്കുകയും സമരം നടത്തുകയും ചെയ്തു. പിന്നീടത് 2017ലെ പതൽഗുഡി പ്രസ്ഥാനമായി രൂപം പ്രാപിച്ചു. പെസ നടപ്പിൽ വരുത്തുന്നതിനെ വ്യവസ്ഥാപിതമായി തടഞ്ഞുനിർത്തിയ സംസ്ഥാന ഗവൺമെന്റുകളെ തുറന്നുകാട്ടുന്നതിൽ പതൽഗുഡി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതൽഗുഡി പ്രസ്ഥാനത്തെ കുറിച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: ' സഹിഷ്ണുതയുടെ പേരുപറഞ്ഞ് ആദിവാസികൾ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നതായി ഞാൻ വിശ്വസിക്കുന്നു. അവരുടെ ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന വിലപിടിച്ച ധാതുക്കൾ പുറത്തുള്ള വ്യവസായികളെയും കച്ചവടക്കാരെയും സമ്പന്നരാക്കുന്നു. അതേസമയം അത് ആദിവാസികളെ ദരിദ്രരാക്കുകയും പട്ടിണി മരണങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു'. 2006ലെ ഫോറസ്റ്റ് റൈറ്റ് ആക്റ്റ് (എഫ്.ആർ.എ) നടപ്പിൽ വരുത്തുന്നതിലെ അപാകതകൾക്കെതിരെയും അദ്ദേഹം ചോദ്യമുയർത്തി.

 

അരികുവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകൾക്ക് വേണ്ടിയുള്ള ഫാ.സ്റ്റാൻ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാർഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങൾ തീർത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങി. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേർത്തുനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലയ്ക്ക്, പല ഗവൺമെന്റ് നയങ്ങൾക്കുമെതിരെ കൃത്യമായ വിമർശനങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവർത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും ഒപ്പം പ്രവർത്തിച്ചവർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

 

ഒരു വിഭാഗം സാമൂഹിക പ്രവർത്തകർ സംയക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചതിങ്ങനെ: 'ഭൂ നിയമങ്ങളും കുടിയേറ്റ നിയമങ്ങളും ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കങ്ങളെ ഉറക്കെ വിമർശിച്ച വ്യക്തിയായിരുന്നു സ്റ്റാൻ. വനാവകാശ നിയമം, പെസ തുടങ്ങിയ നിയമങ്ങളുടെ കടുത്ത സംരക്ഷകനുമായിരുന്നു അദ്ദേഹം.' പരിസ്ഥിതിയോടുള്ള ദ്രോഹം തിരിച്ചടിയായി മാറുമ്പോൾ ഫാ.സ്റ്റാൻ സ്വാമി കുരുക്കിലാക്കപ്പെട്ടതിന്റെ രോഷം കൂടുതൽ തീവ്രമായി ആളുന്നു ജാർഖണ്ഡിൽ.

 

Comments

leave a reply