ജോബി ബേബി ,നഴ്‌സ് ,കുവൈറ്റ്
ആശയവൈവിധ്യത്താൽ അലംകൃതയാണ് ഈ ഗ്രന്ഥo.ചരിത്രം ,മിഷൻ ,ദൈവശാസ്‌ത്രം ,ആരാധന ,സഭൈക്യ പരിശ്രമങ്ങൾ തുടങ്ങി അനേക മേഖലകളോടുള്ള ക്രിസ്‌തീയ സമീപനം ഇവിടെ അനാവൃതമാകുന്നു .സമകാലിക ലോകത്ത് നിലപാടുകളെ രൂപപ്പെടുത്താൻ പ്രചോദിപ്പിക്കുന്ന രചന .ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ ലോകസ്വീകാര്യനായ വക്താവാണ് ഗ്രന്ഥകാരൻ .
മിഷൻ ഉദ്യമങ്ങൾ :-
മിഷൻ പ്രവർത്തനങ്ങൾക്കുള്ള സഭയുടെ വിളി അതിന്റെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു .ക്രിസ്തീയ വീക്ഷണത്തിൽ സഭയുടെ എല്ലാ ദൗത്യങ്ങളുടെയും ഊർജ്ജ സ്ഥാനം വി .കുർബ്ബാനയാണ് .ദൈവീകദാനങ്ങളോടുള്ള മാനവിക പ്രതികരണമാണ് സഭ .സഭ പൂർണ്ണമാണ് .വിശ്വാസത്തിലും സ്നേഹത്തിലും വളരുമ്പോൾ അത് ചലനാത്മകമാകുന്നു .വിജ്ഞാനവും കൂട്ടായ്മയും അതിന്റെ അലങ്കാരങ്ങളാണ് .ഇവയെല്ലാം പരിശുദ്ധ റൂഹായുടെ ധാനമത്രെ .”അവനിൽ വസിക്കുന്നു എന്ന് പറയുന്നവർ അവൻ നടന്നത്പോലെ നടക്കേണ്ടതാകുന്നു (1യോഹ .2:6).ദൈവത്തിന് ഈ പ്രപഞ്ചത്തോടുള്ള കരുതലിന്റെ പ്രത്യക്ഷ രൂപമാണ് സഭ .അതിനാൽ സഭ അതിന്റെ ഇരുണ്ട ഇടനാഴികളിൽ ഒതുങ്ങി കൂടാതെ വാതായനങ്ങളെ ലോകത്തിലേക്ക് തുറക്കേണ്ടിയിരിക്കുന്നു .
മനുഷ്യനും പ്രപഞ്ചവും ക്രിസ്തീയ മിഷന്റെ ആത്യന്തിക ലക്ഷ്യങ്ങളാണ് .മനുഷ്യൻ പ്രപഞ്ചത്തിന്റെ ഭാഗമാണ് .സഭയുടെ മിഷൻ ദർശനത്തിനു പ്രാപഞ്ചികവും ചരിത്ര സംബന്ധിയുമായ തലങ്ങളുണ്ട് .രാജ്യം ,സമൂഹം ,സംസ്കൃതി ഇവയെല്ലാം ഈ ദർശനത്തിന്റെ പരിധിയിൽ വരുന്നു .പുരോഹിതൻ ആരാധനയ്ക്കായി കൈകൾ ഉയർത്തുമ്പോൾ സമസ്ത പ്രപഞ്ചത്തെയും കരങ്ങളിൽ സംവഹിച്ചു ദൈവസന്നിധിയിൽ തിരുമുൽകാഴ്ചയായി സമർപ്പിക്കുന്നു .കേവലം മതപരമായ ഒരു സംഘടനയല്ല ക്രിസ്ത്യൻ സമൂഹം .മതപരമായ തൃഷ്ണകളെ ശമിപ്പിക്കുക എന്നത് ഈ ദർശനത്തിന്റെ ലക്ഷ്യവുമല്ല .മനുഷ്യാസ്തിത്വത്തിന്റെ സമഗ്ര പുരോഗതിയും അതിലൂടെ ഈ മഹാപ്രപഞ്ചത്തിന്റെ സുസ്ഥിതിയും ക്രിസ്തീയ അദ്ധ്യാത്‌മികത ലക്ഷ്യം വെയ്ക്കുന്നു .യേശു ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെയും സുവിശേഷത്തിന്റെയും സ്പർശമുള്ള ഒരു നവ മാനവനെ രൂപപ്പെടുത്തുവാനും വിഭാഗീയതയുടെയും അടിച്ചമർത്തലിന്റെയും ഇടങ്ങളിൽ പുതുജീവന്റെ കാലാവസ്ഥ സൃഷ്ടിക്കുവാനും ഈ ദർശനത്തിനു ശേഷിയുണ്ട് .
മനുഷ്യൻ പരിസ്ഥിതിയുടെ പുരോഹിതൻ :-
മനുഷ്യൻ പുരോഹിതനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.എന്നാൽ പാപം കടന്ന് വന്നതോടുകൂടി മനുഷ്യ പ്രകൃതി ബന്ധത്തിൽ ദൈവം വിന്യസിച്ച താളലയത്തിൽ ശ്രുതിഭംഗം സംഭവിച്ചു .ജീവിത സൗന്ദര്യം നഷ്ടപ്പെട്ടു .ഏദനിൽ ലഭിച്ച പൗരോഹിത്യ ഭാവത്തെ മനുഷ്യൻ മറന്നു .തന്മൂലം ഈ പ്രപഞ്ചത്തിൽ അന്യവത്കരിക്കപ്പെട്ട ഒരു ജീവവർഗ്ഗമായി സ്നേഹരാഹിത്യത്തിന്റെ കൊടും തണുപ്പിൽ ഉഴറി നീങ്ങുന്നു .വി .കുർബ്ബാന നഷ്ട വിശുദ്ധിയിലേക്കുള്ള മടങ്ങിപ്പോക്കാണ് .വീഴ്ചയ്ക്ക് മുൻപുള്ള ആദിമാനവന്റെ നിലയിലേക്ക് വിശ്വാസി ആരാധനയുടെ ഉയർത്തപ്പെടുന്നു .ആരാധനയുടെ വേരുകൾ പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു .ഒരു പൂർണ്ണ മനുഷ്യന് മാത്രമേ ഉടവുവീണ മാനവ പൗരോഹിത്യത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കൂ .അത് ക്രിസ്തുവാണ് .ഉഴുന്നുമറിയുന്ന സംസാരസാഗരത്തെ സ്വച്ഛമായ മാമോദീസ തൊട്ടിയാക്കാൻ അവനു കഴിയും .മനുഷ്യരെന്ന നിലയിൽ നമ്മുടെ നിയോഗങ്ങളും സ്വപ്നങ്ങളും പാതിവഴിയിൽ ചിതറിപ്പോയെങ്കിലും അവൻ നമുക്ക് മുമ്പെ നടന്ന് നമ്മുക്കുവേണ്ടി വിയർപ്പ് ചോരയാക്കി .അവന്റെ അടിപ്പിണരാൽ നമ്മുക്ക് സൗഖ്യം വന്നു .പ്രാർത്ഥനയ്‌ക്കായി മുട്ടു മടക്കുമ്പോൾ നാം അവന്റെ നെഞ്ചോട് ചായുകയാണ് .
ജീവിതം പലപ്പോഴും സംഘർഷഭരിതവും ശബ്ദ സാന്ദ്രവുമാണ് .എന്നാൽ സഭയും കൂദാശകളും നമ്മെ വേറൊരു ലോകത്തേക്ക് നയിക്കുന്നു .അതീതവും അപൂർവ്വവും അനശ്വരവുമായ ഒരിടത്തേക്ക് .കൂദാശകളിലൂടെ ക്രിസ്തുവിനോട് സംലയിക്കുമ്പോൾ ലോകമുയർത്തുന്ന വിഭ്രമങ്ങളെ പാറമേൽ പണിത വീടുപോലെ അതിജീവിക്കാനാവും .സഭാപിതാക്കന്മാർ സഭയെ ദൈവശാസ്ത്രീകരിക്കുന്നില്ല;ദൈവീകരിക്കുകയായിരുന്നു .സമൃദ്ധമായ പ്രതീകങ്ങളാൽ ക്രിസ്‌തീയ ആരാധന അനുഗ്രഹീതമാണെന്ന് നാം അഭിമാനിക്കുന്നു .പ്രതീകങ്ങൾക്ക് പ്രാധാന്യമുണ്ടെങ്കിലും പ്രതീകങ്ങളെ സാധാരണവത്കരിക്കുന്ന പ്രവണത അപകടകരമാണ് .പ്രതീകങ്ങളുടെ വാതിൽ തുറന്ന് സമസ്ത പ്രപഞ്ചവും തിങ്ങിവിളങ്ങുന്ന മഹിമാവിനെ ആസ്വദിക്കുക .ആദി സ്വരൂപത്തിലേക്കു മടങ്ങിപ്പോവുക .വാതിലിൽ കുടുങ്ങിപ്പോകരുത്
Comments