Foto

പാവപ്പെട്ടവർക്ക് കൈത്താങ്ങായി വത്തിക്കാൻ: ആഗോള ദരിദ്ര ദിനത്തിൽ സൗജന്യ ചികിത്സയും സ്നേഹവിരുന്നും

നവംബർ 22-ന് 1,300 നിർധനർക്കൊപ്പം ലെയോ പതിനാലാമൻ പാപ്പ പങ്കെടുക്കുന്ന ഉച്ചഭക്ഷണത്തിന് മുന്നോടിയായി പേപ്പൽ ഹെൽത്ത് ക്ലിനിക്കുകൾ വഴി പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. നവംബർ 15-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാവപ്പെട്ടവർക്കായി അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പത്താം ആഗോള ദരിദ്ര ദിനം ആചരിക്കും.

വത്തിക്കാൻ നൽകുന്ന വിവരമനുസരിച്ച്, ഉച്ചഭക്ഷണത്തിൽ ‘ഗുട്ടില്ല ജെലത്തേരിയ’ (Guttilla Gelateria) സംഭാവന ചെയ്യുന്ന ഐസ്ക്രീം ഉണ്ടായിരിക്കും. ഇതോടൊപ്പം ഇറ്റാലിയൻ റെഡ് ക്രോസിന്റെ നാഷണൽ ഫാൻഫെയറിന്റെ സംഗീത പരിപാടിയും അരങ്ങേറും. ചടങ്ങിന് ശേഷം, പ്രോക്ടർ ആൻഡ് ഗാംബിൾ (Procter & Gamble) സംഭാവന ചെയ്യുന്ന വ്യക്തിഗത ശുചിത്വ കിറ്റുകളുമായിട്ടായിരിക്കും (hygiene kit) അതിഥികൾ മടങ്ങുക.

ലെയോ പാപ്പ തെക്കേ അമേരിക്കൻ പര്യടനത്തിലായതിനാൽ, നവംബർ 15-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ (OSA) പാപ്പ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2015-ൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ സ്ഥാപിതമായ ‘മാദ്രെ ഡി മിസെറികോർദിയ’ (Madre di Misericordia) ക്ലിനിക്കും, 2025 മുതൽ പ്രവർത്തിക്കുന്ന ‘സാൻ മാർട്ടിനോ’ (San Martino) ക്ലിനിക്കും റോമിലെ പാവപ്പെട്ടവർക്കും ഭവനരഹിതർക്കും സൗജന്യ വൈദ്യപരിശോധനയും മരുന്നുകളും നൽകുന്നത് തുടരുകയാണ്. ആഗോള ദരിദ്രദിനത്തോടനുബന്ധിച്ചുള്ള വാരത്തിൽ, കൂടുതൽ സമയം പ്രവർത്തിക്കുന്ന ഈ ക്ലിനിക്കുകളിൽ ജനറൽ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, കാൻസർ സ്ക്രീനിംഗ്, ഫ്ലൂ വാക്സിനുകൾ, രക്തപരിശോധന എന്നിവ ലഭ്യമാക്കും.

രേഖകളില്ലാത്തതിനാൽ ഇറ്റാലിയൻ ആരോഗ്യ സംവിധാനത്തിന്റെ സേവനം ലഭ്യമല്ലാത്ത ആളുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ വത്തിക്കാൻ ക്ലിനിക്കുകളിലൊന്നിൽ ഒരു അധിക പരിശോധനാ മുറി കൂടി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റി അണ്ടർസെക്രട്ടറി ഡോ. മാസിമോ റാല്ലി വ്യക്തമാക്കി.

26 സ്പെഷ്യാലിറ്റികളിലായി ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന 120 സന്നദ്ധപ്രവർത്തകരാണ് ഈ രണ്ട് ക്ലിനിക്കുകളിലും സേവനം ചെയ്യുന്നത്. ചികിത്സ തേടിയെത്തുന്നവരെ സ്വീകരിക്കാനും അവരോട് സംസാരിച്ച് ആശ്വാസം പകരാനും മറ്റ് സന്നദ്ധപ്രവർത്തകരും ഇവിടെ സജീവമാണ്.

Comments

leave a reply

Related News