‘ഹെറാൾഡ്‌സ് ഓഫ് ദി ഗോസ്പൽ’ എന്നറിയപ്പെടുന്ന വിശ്വാസികളുടെ അന്താരാഷ്ട്ര സംഘടനയ്ക്കും അതിനോടനുബന്ധിച്ചുള്ള രണ്ട് അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കുമായി മൂന്നു അപ്പസ്തോലിക കമ്മീഷണർമാരെ വത്തിക്കാൻ നിയമിച്ചു. നവംബർ 27 വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നവംബർ ഒൻപതാം തീയതിയിലുള്ള ഈ ഉത്തരവിൽ, സമർപ്പിത ജീവിത സ്ഥാപനങ്ങൾക്കും അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് സിസ്റ്റർ സിമോണ ബ്രാംബില്ലയും അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ കെവിൻ ഫാരെലും (Cardinal Kevin Farrell) ഒപ്പുവച്ചിട്ടുണ്ട്. വൈദികരുടെ അപ്പസ്തോലിക ജീവിത സമൂഹമായ ‘വിർഗോ ഫ്ലോസ് കാർമെലി’യുടെ പൊന്തിഫിക്കൽ കമ്മീഷണറായി ബ്രസീലിലെ സാവോ ഫെലിക്സ് പ്രീലാച്ചറിലെ ബിഷപ്പ് ലൂസിയോ നിക്കോളെറ്റോ നിയമിതനായി.
സന്ന്യാസിനികളുടെ അപ്പസ്തോലിക ജീവിത സമൂഹമായ ‘റെജീന വെർജിന’ത്തിന്റെ പൊന്തിഫിക്കൽ കമ്മീഷണറായി സിസ്റ്റർ അന തെരേസ പിന്റോയും വിശ്വാസികളുടെ അന്താരാഷ്ട്ര സ്വകാര്യ സംഘടനയായ ‘ഹെറാൾഡ്‌സ് ഓഫ് ദി ഗോസ്പലി’ന്റെ പൊന്തിഫിക്കൽ കമ്മീഷണറായി ഫാ. സിറോ സ്റ്റോച്ചെത്തിയും ആണ് നിയമിതരായിരിക്കുന്നത്. 2019 സെപ്റ്റംബർ 21-ന് പൊന്തിഫിക്കൽ കമ്മീഷണറായി നിയമിതനായ കർദിനാൾ റെയ്മുണ്ടോ ഡമാസെനോ അസിസിന്റെ പിൻഗാമികളായാണ് പുതിയ കമ്മീഷണർമാരെ നിയമിച്ചിരിക്കുന്നത്. ഈ പദവിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി 2026 നവംബർ ഒൻപതിന് സ്വീകരിച്ചിരുന്നു.










Comments