വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയിലെ ഒരു പ്രധാന വിഭാഗത്തിന്റെ തലപ്പത്ത് നിയമിതനാകുന്ന ആദ്യത്തെ അൽമായനെന്ന പേരോടെ ശ്രദ്ധ നേടിയ വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ആദ്യ അല്‍മായ പ്രീഫെക്ട് ഡോ. പൗളോ റുഫീനി വിരമിച്ചു. 2018ൽ ഫ്രാൻസിസ് പാപ്പ നടത്തിയ ചരിത്ര നിയമനം ഏറെ ശ്രദ്ധ നേടിയിരിന്നു. എട്ടു വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് വിരമിച്ച പൗളോ റുഫീനിയ്ക്കു ഓഫീസിൽ സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി.
വത്തിക്കാൻ മാധ്യമ സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പൗളോ റുഫീനി, തനിക്ക് നൽകിയ പിന്തുണയ്ക്ക് സഹപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് 58 ഭാഷകളിൽ സുവിശേഷ സന്ദേശമെത്തിക്കുന്ന മാധ്യമസംവിധാനം വിജയകരമായി നിർവഹിച്ച വ്യക്തിയാണ് റുഫിനി. കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും നയിക്കുന്ന വത്തിക്കാന്‍ ഔദ്യോഗിക വാർത്താവിഭാഗമായ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷന്റെ പ്രീഫെക്ടായി അല്‍മായനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചപ്പോള്‍ അന്നു ആഗോള മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.
ഡോ. പൗളോ റുഫീനിയുടെ പിന്‍ഗാമിയുടെ നിയമനവും ചരിത്രപരമായ നിയമനമാണ്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇഡബ്ള്യുടിഎന്നിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മരിയ മോണ്ട്സെറാത്ത് അൽവാരാഡോയ്ക്കാണ് വകുപ്പിന്റെ പുതിയ ഉത്തരവാദിത്വം. 2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി സ്ഥാപിച്ചത്. 11 വര്‍ഷത്തെ ഡിക്കാസ്റ്ററിയുടെ ചരിത്രത്തിലാദ്യമായാണ് അല്‍മായ വനിതയ്ക്കു ഈ ഉത്തരവാദിത്വം ലഭിക്കുന്നത്.










Comments