Foto

ചൈനയിൽ നിന്നുള്ള ആദ്യ ആറ് മെത്രാന്മാരുടെ അഭിഷേകശതാബ്‌ദി സ്മരണതയിൽ ഐക്യത്തിന്റെ സന്ദേശവുമായി പാപ്പാ

പതിനൊന്നാം പിയൂസ് പാപ്പാ 1926 ഒക്ടോബർ 28-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വച്ച് ചൈനക്കാരായ ആറു പേരെ മെത്രാന്മാരായി അഭിഷേകം ചെയ്തത്, അവിടുത്തെ പ്രാദേശികസഭയിലെ മാത്രമല്ല, ആഗോള സഭയിലെ തന്നെ സുപ്രധാനമായ ഒരു സംഭവമായിരുന്നുവെന്ന് ലിയോ പതിനാലാമൻ പാപ്പാ. 2026 നവംബർ 5-ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രഥമ സുവിശേഷ വത്കരണത്തിനായുള്ള വിഭാഗവും പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്‌സിറ്റിയും "ചൈനയിലെ സഭയുടെ ആഗോളമുഖം - പ്രഥമ ചൈനീസ് മെത്രാന്മാരുടെ അഭിഷേകത്തിന്റെ നൂറു വർഷങ്ങൾ" എന്ന പേരിൽ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലേക്കാണ്, നൂറു വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ചരിത്രപരമായ സംഭവത്തെ പരാമർശിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പരിശുദ്ധ പിതാവ് കൈമാറിയത്.

സഭയുടെ മിഷനറി പ്രവർത്തനങ്ങൾ കോളനിവത്കരണത്തിന്റെയോ സാംസ്കാരിക മാതൃകകൾ അടിച്ചേൽപ്പിക്കുന്നതിന്റെയോ ശൈലിയിൽ വ്യഖ്യാനിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ, മാക്സിമും ഇല്ലൂദ് (Maximum illud) എന്ന അപ്പസ്തോലിക ലേഖനത്തിൽ എഴുതിയത് ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശത്തിൽ പരാമർശിച്ചു. ഓരോ ജനതയുടെയും സംസ്കാരവും തനിമയും ഉൾക്കൊണ്ടുകൊണ്ടാണ് സഭ സുവിശേഷസാക്ഷ്യം നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, സഭാപരമായ ഐക്യമെന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കുകയോ ഏകീകരിക്കുകയോ ചെയ്യുന്നതിലൂടെയല്ല നടപ്പിലാക്കേണ്ടത് എന്ന് പ്രസ്താവിച്ചു.

ദൈവം മനുഷ്യരെ വിളിക്കുന്നത് അവരുടേതായ പ്രത്യേകതകൾ കൂടി പരിഗണിച്ചുകൊണ്ടാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, യേശുവിലുള്ള വിശ്വാസവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും വിവിധ സംസ്കാരങ്ങളിലും ഭാഷകളിലും ദേശങ്ങളിലും നിന്നുള്ള അവരെ സഹോദരീസഹോദരങ്ങളാക്കി മാറ്റുന്നുണ്ടെന്ന് പ്രസ്താവിച്ചു.

ചൈനയിലെ പ്രഥമ പൊതു സൂനഹദോസായിരുന്ന 1924-ലെ ഷങ്ഹായ് കൗൺസിലിൽ, രാജ്യത്തെ സഭാസമൂഹങ്ങളുടെ നേതൃത്വം തദ്ദേശീയരായ വൈദികർക്കും മെത്രാന്മാർക്കും കൈമാറേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കപ്പെട്ടത് തന്റെ സന്ദേശത്തിൽ പരമർശിച്ച പാപ്പാ, വിദേശീയരായിരുന്ന മിഷനറി മെത്രാന്മാർ തന്നെയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്ന് ഓർമ്മിപ്പിച്ചു.

പത്രോസിന്റെയും മറ്റ് അപ്പസ്തോലന്മാരുടെയും പിൻഗാമികളോട് ചേർന്നല്ലെങ്കിൽ, ഒരു ഇടയനും മിഷൻ പ്രവർത്തനം തനിയെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. ഷങ്ഹായിൽനിന്ന് റോമിലേക്ക് മെത്രാഭിഷേകത്തിനായി നൂറു വർഷങ്ങൾക്ക് മുൻപ് പുറപ്പെട്ട മെത്രാന്മാർ, അപ്പസ്തോലന്മാർ പ്രഖ്യാപിച്ച വിശ്വാസത്തിലുള്ള ഐക്യത്തെയാണ് സാക്ഷ്യപ്പെടുത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ചൈനയിലെ കത്തോലിക്കാസഭ പരിശുദ്ധാത്മാവിന്റെ കൃപയാൽ സഭയുടെ അംഗീകാരമുള്ള ഇടയന്മാരുടെ കീഴിൽ അപ്പസ്തോലിക പാരമ്പര്യം പിന്തുടർന്നുവെന്ന ബെനഡിക്ട് പാപ്പായുടെയും ഫ്രാൻസിസ് പാപ്പായുടെയും പരാമർശങ്ങളും ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. സംഘർഷങ്ങളും യുദ്ധങ്ങളും മൂലം മുറിവേറ്റ ഇന്നത്തെ ലോകത്ത്, ക്രിസ്തുവിന്റെ മണവാട്ടിയായ സഭ, ഏവർക്കുമുള്ള നന്മയുടെയും സമാധാനത്തിന്റെയും ഉറവിടമായ സഭൈക്യമെന്ന നിധി കാത്തുസൂക്ഷിക്കുന്നുണ്ടെന്ന കാര്യവും പാപ്പാ എടുത്തുപറഞ്ഞു. 

Comments

leave a reply

Related News