വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആചരിക്കുന്ന ‘റെഡ് വീക്ക്’ ആചരണത്തിന് ലോകമെമ്പാടും തുടക്കമായി. അന്താരാഷ്ട്ര കത്തോലിക്ക ജീവകാരുണ്യ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ സംഘടനയുടെ ആഭിമുഖ്യത്തിലാണ് റെഡ് വീക്ക് ആചരണം നടക്കുന്നത്.
പ്രധാനപ്പെട്ട നഗരങ്ങൾ മുതൽ ചെറിയ ഗ്രാമങ്ങൾ വരെയാണ് രക്തസാക്ഷിത്വത്തിന്റെ ഓർമ്മപ്പെടുത്തലായി ചുവപ്പ് നിറത്തിൽ പ്രകാശപൂരിതമാകുന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് കത്തീഡ്രലുകളും ചരിത്രപ്രധാനമായ സ്മാരകങ്ങളും വലിയ ദൈവാലയങ്ങളും ക്രൈസ്തവ പീഡനങ്ങളിലേക്കും രക്തസാക്ഷിത്വത്തിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ചുവന്ന വെളിച്ചത്തിൽ പ്രകാശിക്കപ്പെടും. ആദ്യം വൻ നഗരങ്ങളിലെ വലിയ ദൈവാലയങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ കൂട്ടായ്മ പിന്നീട് വോളന്റീയർമാരുടെ സഹായത്തോടെ വിദൂരങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസത്തിന്റെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവരുടെ ദുരിതങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ‘റെഡ് വീക്കിന്റെയും’ ‘റെഡ് വെനസ്ഡേയുടെയും ലക്ഷ്യം. 1947 മുതൽ ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന സഭകൾക്ക് പിന്തുണയേകി വരുന്ന എ.സി.എൻ. (ACN), ലോകത്ത് മതസ്വാതന്ത്ര്യം ഗുരുതരമായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരെ നിരന്തരം ബോധവൽക്കരണം നടത്തിവരുന്നുണ്ട്. വിശ്വാസത്തിന്റെ പേരിൽ സ്വന്തം മാതൃരാജ്യങ്ങളിൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രാർഥനയിലൂടെയും പിന്തുണയിലൂടെയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ആഗോള മഹാസംഗമമായി ഈ വാരാചരണം മാറിക്കഴിഞ്ഞു.










Comments