Foto

സ്മരണ ; ആർട്ടിസ്റ്റ് കിത്തോ

ജോഷി ജോർജ്‌

മലയാള സിനിമാചരിത്രത്തില്‍ പരസ്യകലാകാരനായും  കലാസംവിധായകനായും ശ്രദ്ധേയനായ ആര്‍ട്ടിസ്റ്റ് കിത്തോ വിടവാങ്ങിയിരിക്കുന്നു. 

സിനിമയ്ക്ക് മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ് എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി. എന്‍ മേനോനും  ഭരതനുമൊക്കെ വിഹരിക്കുന്നിടത്തേക്കാണ് ആര്‍ട്ടിസ്റ്റ് കിത്തൊ എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നത്.
  ഇതിനിടയില്‍ പരസ്യകലാരംഗത്തുവന്നവരില്‍ പലരും കലാസംവിധായകരായും സംവിധായകരായുമൊക്കെയായി പേരെടുത്തു. ഐ. വി ശശി, കുരിയന്‍ വണ്ണശാല, രാധാകൃഷ്ണന്‍, നീതി കൊടുങ്ങല്ലൂര്‍, അമ്പളി, ഷാജിയെം, രാജീവ് അഞ്ചല്‍ തുടങ്ങിയവരൊക്കെ ആ ഗണത്തില്‍ പെട്ടവരാണ്.
ഇവരില്‍നിനന്നൊക്കെ  തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് കിത്തോ യുടേത്.
എറണാകുളത്ത് കലൂരിലെ കുറ്റിക്കാട് വീട്ടില്‍  പൈലിയുടേയും വെറോണിയുടേയും മകനായി ജനിച്ചു കിത്തോ. നന്നേ ചെറുപ്രായത്തില്‍ തന്നെ പടം വരക്കുന്നതില്‍ അതിയായ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട്  സ്‌കൂള്‍ പഠനകാലത്ത്    എറണാകുളത്തെ ആദ്യത്തെ ബ്ലോക്ക് സ്റ്റുഡിയോയായ കാര്‍മല്‍ ഇന്റസ്ട്രീസില്‍ പ്രിന്റിംഗിനായി ചില അര്‍ട്ട് വര്‍ക്കുകള്‍ ചെയ്തുകൊടുത്തിരുന്നു കിത്തോ. പച്ചാളം ജോര്‍ജ് എന്ന കലാകാരനാണ് അതിന്റെ സ്ഥാപകന്‍. കലൂര്‍ സെന്റെ്  അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ളിലായിരുന്നു പ്രാഥമിക പഠനം. മഹാരാജാസ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ തന്നെ ചിത്രകലാ മത്സരങ്ങളില്‍ പങ്കെടുക്കുകയും മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോന്‍ പുരസ്‌ക്കാരം നേടുകയുമിണ്ടായി.

എങ്ങിനേയും ഒരു  ആര്‍ട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്സിററി പഠനം ഉപേക്ഷിച്ച കിത്തോ, ബാബുറാം പ്രിന്‍സിപ്പാളായിരുന്ന  കൊച്ചിന്‍ സ്‌ക്കൂള്‍ ഓഫ്  ആര്‍ട്‌സില്‍ ചേര്‍ന്നു.   നാലു സംവത്സരക്കാലം ഇവിടെ പഠിച്ചു.  ചിത്രശില്പകലയില്‍ കിത്തോയെ ഏറെ സ്വാധീനിച്ചത് ആര്‍ട്ടിസ്റ്റ് ദത്തനായിരുന്നു.
 ഫിലിപ്പ് തയ്യല്‍ എന്ന പുരോഹിതന്‍ രചിച്ച ബൈബില്‍ക്കഥകള്‍ക്ക് ചിത്രം വരച്ചുകൊണ്ടാണ് രേഖാചിത്രരംഗത്തേക്ക് കിത്തോ പ്രവേശിച്ചത്. തുടര്‍ന്ന്  എറണാകുളം  എം ജി റോഡിന്റെ വടക്കേ അറ്റത്ത്  കിത്തോസ് ഇല്ലസ്‌ട്രേഷന്‍ & ഗ്രാഫിക്‌സ്' എന്ന സ്ഥാപനമാരംഭിച്ചു. 
ലോഗൊ രൂപകല്പന ചെയ്യുന്നതില്‍ നിപുണനായിരുന്ന കിത്തോയുടെ സൃഷ്ടികളാണ് കലാഭവന്‍, സിഎസി, ഇന്റര്‍നാഷ്ണല്‍ ഹോട്ടല്‍ എന്നിവയുടെ മുദ്രകള്‍. പിന്നീട് സിനിമാനിര്‍മ്മാതാവായ എം. ഡി ജോര്‍ജിന്റെ ചിത്രകൗമുദിയില്‍ തകഴിയുടെ നോവലിന്  ചിത്രം വരയ്ക്കാന്‍ അവസരം വന്നുചേര്‍ന്നേേതാടെ പുതിയൊരു മേഖലയിലേക്ക് കടക്കുകയാിരുന്നു കിത്തോ.  മനോഹരമായ ആ രേഖാചിത്രങ്ങള്‍ പെട്ടന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കി. രേഖാചിത്രകലയില്‍ തനതായൊരു ശൈലി കിത്തോയ്ക്കുണ്ടായിരുന്നു. അക്കാലത്ത് കൊച്ചി കേന്ദ്രീകരിച്ചിറങ്ങിയിരുന്ന  പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍  വെട്ടിത്തിളങ്ങി നിന്നു.
കേരള ടൈംസിന്റെ ഏതാണ്ട് ആരംഭകാലം മുതല്‍ കിത്തോയായിരുന്നു ആര്‍ട്ടിസ്റ്റ്.  സുപ്രധാന വാര്‍ത്തകളുടെ തലക്കെട്ട് എഴുതുക മുതല്‍ വാര്‍ഷീകപ്പതിപ്പുകള്‍ കമനീയമാക്കുന്ന ജോലി വരെ കിത്തോ നിര്‍വ്വഹിച്ചുപോന്നു. പ്രസിദ്ധീകരണത്തിന്റെ നൂറാം വര്‍ഷത്തില്‍ സത്യനാദം പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് ചിത്രങ്ങളുടെ ഭംഗികൊണ്ടും  രൂപകല്പനയുടെ ചാരുത കൊണ്ടും മികവുറ്റതായിരുന്നു. ടൈംസിന്റെ വാര്‍ഷീകപ്പതിപ്പുകളും കുട്ടികളുടെ വിശേഷാല്‍ പ്രതികളും കിത്തോയുടെ കരസ്പര്‍ശത്താല്‍ മനോഹരമായി പുറത്തിറങ്ങിയിരുന്നു. 
അപ്പോഴും   അഭിനയത്തിലും സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാനും കിത്തോ അതിയായ താല്പര്യം കാണിച്ചിരുന്നു. ഇതിനിടെ കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് എഴുതിയ 'ക്രൈം 375' എന്ന പ്രൊഫഷണല്‍ നാടകത്തില്‍ ഒരു പോക്കറ്റടിക്കാരന്റെ വേഷത്തില്‍ മികച്ച അഭിനയമാണ് ക്‌ഴ്ചവച്ചതെന്ന് അന്ന് കൂടെ അഭിനയിച്ച എ. കെ പുതുശേരി അഭിപ്രായപ്പെടുന്നു. തുടര്‍ന്നും ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ്  അമേരിക്കന്‍ ഉപഗ്രഹമായ സ്‌കൈലാബ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കാലം. നാസയിലെ ശാസ്ത്രജ്ഞന്മാര്‍ സ്‌കൈലാബില്‍ താമസിച്ച് ഗവേഷണങ്ങള്‍ നടത്തി. അവിചാരിതമായാണ് സ്‌കൈലാബ് ഭ്രമണപഥത്തില്‍ നിന്ന് തെന്നിമാറി ഭൂമിയിലേക്ക് വരുന്നുവെന്ന വാര്‍ത്ത നാസ പുറത്ത് വിട്ടത്. ഭൂമിയില്‍ എവിടെ പതിക്കുമെന്ന ഭയാശങ്കകളോടെ  ജനങ്ങള്‍ കഴിഞ്ഞ നാളുകള്‍. ആ സമയത്തു തന്നെയാണ് പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട്  പ്രതിസന്ധിയിലായത്. പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് തലക്കെട്ടും രേഖാചിത്രങ്ങളും തയ്യാറാക്കാന്‍ അന്ന് ഇന്നത്തെപോലെ ആധുനിക സംവിധാനങ്ങളൊന്നുമില്ല. 

1979 ജൂലൈ 13-ന് അത് സംഭവിച്ചു. സ്‌കൈലാബ് ഇന്ത്യാ മഹാസമുദത്തില്‍ പതിച്ചു. അന്നുതന്നെയായിരുന്നു ദേശായി സര്‍ക്കാര്‍ താഴെവീഴുന്നതും  അവരണ്ടും കൂട്ടിച്ചേര്‍ത്ത് ആര്‍ട്ടിസ്റ്റ് കിത്തോ 'മലയാള മനോരമ' പത്രത്തിന്റെ  ആദ്യ പേജിനുള്ള ചിത്രം തയ്യാറാക്കി. അത് ഗംഭീരമാകുകയും ചെയ്തു.  ആ ദിവസത്തെ  പത്രം മനോരമയുടെ ചരിത്രത്തില്‍ ഇടം നേടുകതന്നെ ചെയ്തു. അതോടെ  ആര്‍ട്ടിസ് കിത്തോ മാധ്യമരംഗത്തും ശ്രദ്ധേയനായിത്തീര്‍ന്നു.  
മാതൃഭൂമിയ്ക്കുവേണ്ടിയും അക്കാലത്ത് പ്രധാനവാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്.
അക്കാലത്ത് സിനിമാ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കൂടിയാണ് പ്രേംനസീറിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങിയിരുന്ന ചിത്രപൗര്‍ണമി എന്ന സിനിമ വാരികയുടെ ഉടമസ്ഥാവകാശം  കോഴിക്കോട്ടുകാരന്‍ രാമചന്ദ്രനില്‍ നിന്നും  കിത്തോ വാങ്ങിയത്. കലൂര്‍ ഡെന്നീസായിരുന്നു എഡിറ്റര്‍. സെബാസ്റ്റിയന്‍ പോള്‍, പീറ്റര്‍ലാല്‍, ജോണ്‍ പോള്‍, ബാബൂ മേത്തര്‍  എ. ആര്‍ മികേഷ്...ഇങ്ങനെ പ്രഗത്ഭരായ പലരും വാരികയ്ക്കുപിന്നില്‍ അണിനിരന്നിരുന്നു. അതിന് ഫലമുണ്ടായി.ഒട്ടേറെ സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ചിത്രപൗര്‍ണമിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. അവരില്‍ പലരും സിനിമാംഗത്തേക്ക് കടന്നു. ജോണ്‍ പോളും കലൂര്‍ ഡെന്നീസും എ. ആര്‍ മികേഷുമൊക്കെ   തിരക്കഥാകൃത്തുക്കളായി. 
1978മുതല്‍ കിത്തോ പരസ്യകാലരംത്തും കലാസംവിധാനത്തിലും ശ്രദ്ധ പതിപ്പിച്ചു. ഐ. വി ശശി സംവിധാനം ചെയ്ത മദര്‍ ഇന്ത്യാമൂവീസിന്റെ ഈ 'മനോഹരതീരം' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് കിത്തോ ആദ്യം ചെയ്തത്. തുടര്‍ന്ന്  അവള്‍ വിശ്വസ്തയായിരുന്നു, അകലങ്ങളില്‍ അഭയം, സീമന്തിനി തുടങ്ങിയ ചിത്രങ്ങളിലൂടെ  സിനിമരംഗത്ത് സജീവമായി കിത്തോ. പിന്നീട് മലയാള ചലച്ചിത്രലോകത്ത്  ട്രെന്‍ഡ് സെറ്ററുകളായി ഇദ്ദേഹത്തിന്റെ  പരസ്യങ്ങള്‍. അതില്‍ എടുത്തുപറയേണ്ടത് കെ. എസ്സ് സേതുമാധവന്റെ ആരോരുമറിയാതെ എന്ന ചിത്രത്തിന്റെ കാര്‍ട്ടൂണ്‍ ശൈലിയിലുള്ള  പോസ്റ്റര്‍ ആണ്.   കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ ഒട്ടനവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറെക്കാലം  തിരക്കുള്ള ചലച്ചിത്രകലാകാരന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അക്കാലത്ത് അദ്ദേഹത്തിന്റെ സഹായികളായുണ്ടായിരുന്ന കലാകാരന്മാരാണ് ജെയ്‌മോന്‍, മോഹനന്‍ എന്നിവര്‍. ആര്‍ട്ടിസ്റ്റുമാരായ ജോബ് ബെന്നി എന്നിവര്‍ പോര്‍ട്ടറേറ്റ് ചെയ്യുമ്പോഴുള്ള സഹായികളായിരുന്നു.
സന്ദര്‍ഭവശാല്‍ പറയട്ടെ ഇതെഴുതുന്ന ഞാനും സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള താല്പര്യത്താല്‍ കിത്തോയുടെ ശിഷ്യനായി കൂടിയവനാണ്. എന്നാല്‍ സിനിമാമേഖലയിലേക്ക് വിടാതെ പത്രപ്രവര്‍ത്തനരംഗത്തേക്കാണ് എന്നെ തിരിച്ചുവിട്ടത്. അദ്ദേഹം വഴിയാണ് ഞാന്‍ കേരളടൈംസില്‍ എത്തിയത്.
പരസ്യകലയോടൊപ്പം തന്നെ കിത്തോക്ക്  സിനിമ സംവിധായകനാകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ചില നിര്‍മ്മാതാക്കളുമായി സംസാരിച്ചു.  തന്നെ വിശ്വസിച്ച് വല്ലവരും പണം മുടക്കിയിട്ട്  സംഗതി വിജയിച്ചില്ലെങ്കിലോ..? ഈ ചോദ്യം വല്ലാതെ അലട്ടി. ആ അവസരത്തിലാണ്   സത്യന്‍ അന്തിക്കാടിനെക്കൊണ്ടോ, കമലിനെക്കൊണ്ടോ സംവിധാനം ചെയ്യിപ്പിച്ചാല്‍ വിതരണത്തിന് എടുത്തുകൊള്ളാമെന്ന്   കെ.ടി കുഞ്ഞുമോന്‍ പറയുന്നത്.
പിന്നെ ഒന്നും നോക്കിയില്ല കമലിനെ സംവിധായകനാക്കി കിത്തോ തന്റെ ആദ്യത്തേയും അവസാനത്തേയും സിനിമ-ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്സ് ചെയ്യിപ്പിച്ചു. അതിന്റെ നിര്‍മ്മാതാവായി.
പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ  ഇല്ലസ്‌ട്രേഷനുകളിലേക്കും തിരിഞ്ഞു. കൊച്ചിയിലും പരിസരപ്രദ്ശങ്ങളിലുമുള്ള പല പള്ളികളുടെ അള്‍ത്താരയിലും മറ്റുമായ ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് കിത്തോ. ഇല്ലസ്‌ട്രേഷനുകളിലായിരുന്നു തല്പര്യമെങ്കിലും ഗ്ലാമര്‍ കൂടുതല്‍ സിനിമാരംഗത്തായതുകൊണ്ടാണ്  ആ വഴിക്കുതിരിഞ്ഞത്.
 ഇദ്ദേഹത്തിന്റെ ഇളയ മകന്‍ കമല്‍ ഇപ്പോല്‍  കലാരംഗത്തുണ്ട്.   മൂത്ത മകന്‍ അനില്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഭാര്യ ലില്ലിയോടും ഇളയ മകനോടുമൊത്ത്  ആര്‍ട്ടിസ്റ്റ്  കിത്തോ  വിശ്രമ ജീവിതം നയിച്ചു വരവെയായിരുന്നു മരണം. ആ അനുഗ്രഹീത കലാകാരന് ആദരാജ്ഞലികള്‍ അര്‍പ്പിക്കട്ടെ.

Foto
Foto

Comments

leave a reply