പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31ന് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ബംഗളുരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ 2023 ജൂലൈ 18ന് പുലര്‍ച്ചെ 4:25ന് അന്തരിച്ചു
ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പര്‍ക്കം എന്ന ഒരു പരാതി പരിഹരണ മാര്‍ഗ്ഗം ഉമ്മന്‍ ചാണ്ടി നടപ്പില്‍ വരുത്തി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിര്‍ത്തു എങ്കിലും ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസില്‍ ഇടം നേടി.
ഒരുതരത്തിലുമുള്ള ആമുഖത്തിന്റേയും ആവശ്യമില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന എളിമയാര്‍ന്ന വ്യക്തിപ്രഭാവം.
എന്നും ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി അലിഞ്ഞുചേരാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു. ഒപ്പം അവരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും ഒരേസമയം സാധിക്കുന്ന ഒരൊറ്റ നേതാവിനെയേ കേരളം കണ്ടിട്ടുള്ളൂ. അത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ആ ആശ്വാസസ്പര്‍ശം ഇനിയില്ല. അവസാനകാലത്ത് ആ ജനക്കൂട്ടത്തെ മുന്‍പത്തെപ്പോലെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്നില്ലല്ലോ എന്ന ഒരൊറ്റ സംഘടമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. .
ഉമ്മന്‍ ചാണ്ടിയുടെ പേരിലെ ഉമ്മനില്‍ തുടങ്ങുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയം. വി. ജെ. ഉമ്മന്‍ എന്ന മുത്തച്ഛന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. ആ പാത തന്നെയാണ് ടിയാനും തുടര്‍ന്നത്.
സണ്ണിയെന്നാണ് ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാരിട്ട ചെല്ലപ്പേര്. ഉമ്മന്‍ ചാണ്ടി തന്നെയാണ് പേരുമാറ്റിയത്- കുഞ്ഞൂഞ്ഞ്. മധ്യതിരുവിതാംകൂറില്‍ ഇളയകുട്ടിക്ക് സ്‌നേഹപുര്‍വം ഇടുന്ന പേരാണിത്.
വീട്ടുകാരുടെ കുഞ്ഞൂഞ്ഞ് പിന്നീട് നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞായി. രാഷ്ടീയത്തിലെ പൗരമുഖ്യന്മാര്‍ക്ക് ഒസി എന്നുവിളിക്കാനാണിഷ്ടം.
ബാല ജനസഖ്യത്തിലുടെ സംഘടന പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന് കെ. എസ്. യു.വിലുടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പുമായി കര്‍മ വീഥിയില്‍ തിളങ്ങി നില്‍ക്കുന്നു. കെ.എസ്. യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവുമൊക്കെയായി പ്രശോഭിച്ച വ്യക്തിത്വം...!
ഒരേ മണ്ഡലത്തില്‍ നിന്നുംതുടര്‍ച്ചയായി 12 വിജയം. കോണ്‍ഗ്രസിലാരും ഇതുവരെ ദേശീയതലത്തില്‍ പോലും കൈവരിച്ചിട്ടില്ല. ഓരോ വിജയത്തിലും ഭൂരിപക്ഷം കൂടിയിട്ടേയുള്ളു. അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിനിധീകരിച്ചതിന്റെ ഖ്യാതി വേറേയും.
ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മം കൊണ്ടുപൊതിഞ്ഞതാണ്. നീണ്ട മൂക്ക്, അലസമായ ചീകയൊതുക്കാത്ത നീണ്ട സമൃദ്ധമായ മുടി, അശ്രദ്ധമായ വസ്ത്രധാരണം. പുഞ്ചിരിക്കുന്ന മുഖം. സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ രൂപം..!
ശാരീരികമായും മാനസികമായും നേതാക്കള്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാണ്. ഉയരം, ശബ്ദം, സംസാരം, ഇടപെടല്‍, പ്രസംഗം തുടങ്ങി പല ആകര്‍ഷണീയതകളുമുണ്ട്. കാന്തം ആകര്‍ഷിക്കുന്നതുപോലെ ജനങ്ങള്‍ അവരിലേക്ക് എത്തിച്ചേരും. ഉമ്മന്‍ ചാണ്ടിയിലൊരു കാന്തമുണ്ട്. അത് ആകര്‍ഷിച്ചെടുക്കും എന്നു മാത്രമല്ല, അവിടെ നിന്നു പിടിവിട്ടുപോരാന്‍ കഴിയാത്ത മായികവലയത്തിലാക്കുകയും ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ ആളുകളുടെ ചുണ്ടിലൊരു പുഞ്ചിരി വിടരും. അവിടെ ഭയമോ, ബഹുമാനമോ അല്ല മറിച്ച് സ്‌നേഹമാണു പ്രസരിക്കുന്നത്. നമ്മുടെ സ്വന്തം ഒരാളെ കാണുന്നതുപോലെ, നമ്മുടെ സ്വന്തം ഒരാളോടു സംസാരിക്കുന്നതുപോലെയുള്ലൊരിഷ്ടം. അതാണ് ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെടുത്തി ഒരുപാട് നര്‍മങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വെറുതെ പൊട്ടിമുളയ്ക്കുന്നതോ നിര്‍മിതമോ അല്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ അടുത്തുള്ള സ്വാതന്ത്ര്യത്തില്‍ നിന്ന് ഉടലെടുക്കുന്നവയാണവ. മറ്റൊരു നേതാവിനടുത്തും ഇത്രയധികം സ്വാതന്ത്ര്യം കാട്ടാനാവില്ല. അത്രമേല്‍ അടുപ്പത്തില്‍ നിന്നാണ് ഒട്ടുമിക്ക നര്‍മങ്ങളും പിറന്നിട്ടുള്ളത്. സാധാരണക്കാരായ ആളുകള്‍ തങ്ങളിലൊരാളായി കരുതുന്ന നേതാവിനോടൊപ്പം സ്വതന്ത്രമായി ഇടപെഴുകുമ്പോള്‍ സംഭവിക്കുന്ന അസാധാരണമായ പ്രതികരണമാണ് ഈ നിറഞ്ഞ നര്‍മങ്ങള്‍.
2005ലെ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിവയ്ക്കും എന്നൊരു അഭ്യൂഹം പടര്‍ന്നു. വൈകുന്നേരം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായി. മുഖ്യമന്ത്രി പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍, ഓഫീസും പരിസരവും ജനനിബിഡമായിരുന്നു. ആവലാതികളും ആവശ്യങ്ങളുമായി ജനം പൊതിഞ്ഞു. അവരുടെ ഒത്തനടുക്കുനിന്ന് ഓരോരുത്തരില്‍ നിന്നും അപേക്ഷകളും ആവലാതികളും സ്വീകരിക്കുന്നതിനിടയ്ക്കാണ് ഒരാള്‍ ഒരു വെള്ളക്കടലാസ് നീട്ടിയത്. അതു തിരിച്ചും മറിച്ചും നോക്കിയിട്ട് മുഖ്യമന്ത്രി ചോദിച്ചു ഇതില്‍ ഒന്നും എഴുതിയിട്ടില്ലല്ലോ.'
സാര്‍ ഒപ്പിട്ടോ. കാര്യമൊക്കെ ഞാന്‍ പിന്നെ എഴുതിക്കോളാം എന്നായിരുന്നു മറുപടി.
അതു കേട്ട് ഉമ്മന്‍ ചാണ്ടി പൊട്ടിത്തെറിച്ചില്ല മറിച്ച് പൊട്ടിച്ചിരിച്ചു!
ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം മൊബൈല്‍ ഫോണില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കൂട്ടത്തിലുള്ള ആരുടെയെങ്കിലും ഫോണില്‍ ആയിരിക്കും മുഖ്യമന്ത്രിയെ കിട്ടുക. ഒരിക്കല്‍ തിരുവനന്തപുരത്തു വന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്തേക്കു പോകുകയാണ്. മുഖ്യമന്ത്രി കൂടെയുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് ഒരു ഒസി ഭക്തന്‍ ഗണ്‍മാനെ വിളിക്കുന്നു.
സാര്‍ ഹെലികോപ്റ്ററിലാണെന്നു ഗണ്‍മാന്റെ മറുപടി. കൂടെ ആരാ ഉള്ളതെന്ന് ഭക്തന്‍. രാഷ്ട്രപതി.എന്നാ പിന്നെ രാഷ്ട്രപതിയുടെ നമ്പര്‍ തരൂ എന്ന് ഭക്തന്‍...
ഇങ്ങനെ പറയാനാണെങ്കില്‍ നൂറു നൂറു കാര്യങ്ങള്‍ കിടക്കുന്നു. എന്തായാലും ഇനി ഇങ്ങനെ ഒരു മനുഷ്യനെ കേരളത്തിന് കിട്ടുമെന്നു കരുതാന്‍ വയ്യാ..! മനുഷ്യസ്നേഹിയായ ഉമ്മന്‍ ചാണ്ടി ജനമനസ്സുകളില്‍ എക്കാലവും ജീവിക്കുകതന്നെ ചെയ്യും.
Comments